- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടി മാത്രം; അവസാനം ഇങ്ങനെ വന്നല്ലോ എന്നു പറഞ്ഞ് വിതുമ്പുന്ന രേഷ്മയുടെ അമ്മ; ദിപിന ആന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീടു നൽകിയതെന്ന് മകൾ; എഗ്രിമെന്റും എഴുതി വാങ്ങി; എല്ലാം സൗദിയിലെ പ്രശാന്തിന്റെ അറിവോടെ; പിണറായിയിലെ ആ വീട്ടിൽ സംഭവിച്ചത് എന്ത്?
കണ്ണൂർ: നിജിൽദാസിന് പിണറായിയിലെ ആ വീട്ടിൽ താമസിക്കാൻ എങ്ങനെ കഴിഞ്ഞു? ഈ ചോദ്യത്തിന് സദാചാര പ്രശ്‌നങ്ങളുടെ മറവിൽ കടന്നാക്രമണം നടത്തുകയാണ് സിപിഎം. സൈബർ സഖാക്കൾ അദ്ധ്യാപികയായ രേഷ്മയെ കടന്നാക്രമിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തന്നെ പുണ്യ പ്രവർത്തിയിൽ ആക്ഷേപവുമായി എത്തുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഭർത്താവ് പ്രശാന്തിന്റെ അറിവോടെയായിരുന്നു ആ വീട് നൽകൽ. സൈബർ ആക്രമണങ്ങളെ തള്ളി രേഷ്മയുടെ കുടുംബം പ്രതിരോധത്തിന് എത്തുകയാണ്. സിപിഎമ്മുകാരനെ കൊന്ന പ്രതി പാർട്ടി ഗ്രാമത്തിൽ ബൈക്കിൽ കറങ്ങി നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ലെന്നതാണ് വസ്തുത.
പുന്നോൽ അമൃതവിദ്യാലയത്തിലെ ഇൻസ്ട്രക്ടറാണ് രേഷ്മ. ഇംഗ്ലിഷ് ആണ് വിഷയം. മികച്ച വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. ചില സംഘടനകൾ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരവും രേഷ്മയ്ക്ക് അടുത്തിടെ ലഭിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജുവാണ് പുരസ്‌കാരം നൽകിയത്. സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജിലും രേഷ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. സിപിഎം സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം കള്ളക്കഥയാണ്. നിജിൽ ദാസുമായി രേഷ്മയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു.
തലശ്ശേരി പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെന്ന് അറിയാതെയാണ് നിജിൽ ദാസിന് പിണറായിയിലെ വീട് വാടകയ്ക്കു നൽകിയതെന്ന് വെളിപ്പെടുത്തൽ. പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയെന്ന പേരിൽ പൊലീസ് പിടിയിലായ രേഷ്മയുടെ ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണ് വീടു നൽകിയതെന്ന് രേഷ്മയുടെ പിതാവ് രാജൻ പറയുന്നു. അമ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നിജിൽദാസിന്റെ ഭാര്യ ദിപിന എന്ന് രേഷ്മയുടെ മകളും പറഞ്ഞു.
'ദിപിന ആന്റി ആവശ്യപ്പെട്ടിട്ടാണ് അമ്മ വീട് നൽകിയത്. 4 ദിവസത്തേക്കാണ് വീടു നൽകിയത്'. വീട്ടിൽ കുറച്ചു പ്രശ്‌നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞത് ദിപിനയാണെന്നും രേഷ്മയുടെ മകൾ പറഞ്ഞു. എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് വീടു നൽകിയതെന്ന് രേഷ്മയുടെ അച്ഛൻ പറഞ്ഞു. ദിവസം 1500 രൂപ വാടക എന്നായിരുന്നു കരാർ. ദിപിന ഇപ്പോൾ നഴ്‌സായി ജോലി ചെയ്യുകയാണ്. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണ് രേഷ്മയുടെയും ദിപിനയുടെയും വീട്. കുട്ടിക്കാലം മുതൽ ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.
അടുത്തകൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്ന് രേഷ്മയുടെ മാതാപിതാക്കളും ഉറപ്പിച്ചു പറയുന്നു. 'മകളുടെ ഭർത്താവ് പ്രശാന്തിന്റെയും ഞങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി വീട് വാടകയ്ക്ക് കൊടുത്തത്. പക്ഷേ, ഇന്നലെ പുലർച്ചെ, പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ല' രാജൻ പറഞ്ഞു.
മകളെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളിൽനിന്നു വരുന്ന പ്രചാരണം കേട്ടു നടുങ്ങിയിരിക്കുകയാണ് ആണ്ടലൂർകാവ് ശ്രീനന്ദനം വീട്ടിൽ രാജനും ഭാര്യയും. കൊലക്കേസ് പ്രതിയുമായി രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്ന തരത്തിലാണ് കഥകൾ വരുന്നത്. ഞങ്ങൾ പാരമ്പര്യമായി സിപിഎമ്മുകാരാണ്. ഇതുവരെ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടി മാത്രം. പക്ഷേ, അവസാനം ഇങ്ങനെ വന്നല്ലോ എന്നു പറഞ്ഞ് വിതുമ്പുകയാണ് രേഷ്മയുടെ അമ്മ.
മകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം അസത്യങ്ങളാണ്. പാർട്ടിയുടെ ഉരുക്കുകോട്ടയ്ക്കടുത്ത്, പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത് സിപിഎം പ്രവർത്തകനെ കൊന്ന പ്രതി ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടുമെല്ലാം മറയ്ക്കാൻ അവർ തന്റെ മകൾക്കെതിരെ ഇപ്പോൾ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും ആ മാതാപിതാക്കൾ പറയുന്നു. വാട്‌സാപ്പിൽ വരുന്ന വാർത്തകൾ കണ്ട് സഹിക്കാനാവുന്നില്ലെന്ന് പ്ലസ് വൺ വിദ്യാർത്ഥിയായ രേഷ്മയുടെ മകളും പറയുന്നു.
പ്രശാന്തിന്റെ വീട്ടുകാരും പാർട്ടിക്കാരാണ്. പ്രശാന്തിന്റെ അച്ഛൻ മൂർക്കോത്ത് വേണു പിണറായി വിജയന്റെ അടുപ്പക്കാരനുമാണെന്ന് പ്രശാന്തിന്റെ ബന്ധുക്കൾ പറയുന്നു. 'ആർഎസ്എസ് പ്രവർത്തകരാണ്, ബിജെപി പ്രവർത്തകരാണ് എന്നൊക്കെയാണ് ഇപ്പോൾ പാർട്ടിക്കാർ ഞങ്ങളെപ്പറ്റി പറയുന്നത്. അതു തെറ്റാണ്. ഇപ്പോഴും ഞങ്ങൾ സിപിഎമ്മുകാരാണ്' രേഷ്മയുടെ മാതാപിതാക്കൾ വ്യക്തമാക്കുന്നു.
പാണ്ട്യാല മുക്കിലുള്ളത് പ്രശാന്തിന്റെ തറവാട്ടു വീടാണ്. ഈ വീട് പ്രശാന്ത് സ്വന്തം പേരിലാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തതോടെ പ്രശാന്തിന്റെ അമ്മയും സഹോദരങ്ങളും ഇവരുമായി സ്വരച്ചേർച്ചയിലല്ല. രണ്ടു വർഷം മുൻപു നിർമ്മിച്ച പാണ്ട്യാല മുക്കിലെ പ്രശാന്തിന്റെ ഈ വീട്ടിലാണ് നിജിൽദാസ് ഒളിച്ചു താമസിച്ചതും തുടർന്ന് അറസ്റ്റിലായതും. ഈ വീടിന്റെ ചുറ്റുവട്ടത്തെല്ലാം പ്രശാന്തിന്റെ സഹോദരങ്ങളാണ് താമസിക്കുന്നത്.
പ്രശാന്തിന്റെ ആണ്ടലൂർക്കാവിലുള്ള വീട്ടിലാണ് രേഷ്മയും രണ്ടു മക്കളും രേഷ്മയുടെ മാതാപിതാക്കളും താമസിക്കുന്നത്. കഴിഞ്ഞ മാസം 23നാണ് പ്രശാന്ത് സൗദിയിലേക്കു മടങ്ങിപ്പോയത്. കോവിഡ് മൂലം പ്രശാന്ത് ഏറെ നാൾ നാട്ടിലുണ്ടായിരുന്നു. വീട് അടിച്ചുവാരാനും വൃത്തിയാക്കാനുമെല്ലാം രേഷ്മ ഇടയ്ക്കിടെ പാണ്ട്യാല മുക്കിലെ വീട്ടിൽ പോകാറുണ്ട്. സ്ഥിരമായി ആർക്കും ഈ വീട് വാടകയ്ക്കു നൽകിയിരുന്നില്ല. താൽക്കാലിക ആവശ്യങ്ങൾക്കു വരുന്നവർക്കായി ദിവസ വാടകയ്ക്കാണ് വീടു നൽകിയിരുന്നത്. 1500 രൂപയാണ് ദിവസ വാടക ഈടാക്കിയിരുന്നത്.
നിജിലിന് വാടകയ്ക്കു നൽകുന്നതിനു മുൻപ് 'പിണറായി പെരുമ' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും പാർട്ടി പ്രവർത്തകർക്കുമാണ് വീട് വാടകയ്ക്ക് നൽകിയിരുന്നത്. അവർ ഒഴിഞ്ഞതിനു ശേഷം വീട് വെറുതേ കിടക്കുകയായിരുന്നു. ഈ സമയത്താണ് രേഷ്മയോട് സുഹൃത്ത് ദിപിന ഭർത്താവിനുവേണ്ടി വീട് നാലു ദിവസത്തേക്ക് തരാമോ എന്നാവശ്യപ്പെടുന്നെതന്നും രേഷ്മയുടെ വീട്ടുകാർ പറയുന്നു. രേഷ്മ നിജിൽ ദാസിനു ഭക്ഷണമെത്തിച്ചു നൽകിയെന്നുള്ള ആരോപണം തെറ്റാണെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ