തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിത മതിലിനെ കുറിച്ച് പ്രതിപക്ഷ നേതാവിന്റെ സംശയങ്ങൾക്ക് മറുപടി. വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്ക് അക്കമിട്ട് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞ് രംഗത്തെത്തിയത്. പാറപ്പുറത്ത് പൊതുസമ്മേളനത്തിനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുരുഷന്മാരെ പങ്കെടുപ്പിക്കാതെ എന്ത് നവോത്ഥാനം എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായി, വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എതിർവശത്ത് പുരുഷന്മാരുടെ മതിലും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സ്ത്രീകൾക്കെതിരേയുള്ള കടന്നുകയറ്റത്തെ എതിർക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതിൽ കൊണ്ടു ഉദ്ദേശിക്കുന്നത്. നവ്വോത്ഥാന മുന്നേറ്റത്തിൽ സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ച അനേകം മുസ്ലിം സ്ത്രീകളും ക്രിസ്ത്യൻ സ്ത്രീകളുമുണ്ട്. അവർ ഭാഗഭാക്കായ സംഘടനകളെയെല്ലാം വനിതാമതിലിന്റെ ഭാഗമാക്കണമെന്നത് ആലോചന ഘട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. അവരിൽ പലരും പിന്തുണ അറിയിച്ചിട്ടുമുണ്ട്' മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു മതത്തിലെ സ്ത്രീകൾ എത്രത്തോളം പങ്കെടുത്തുവെന്നറിയാൻ ജനുവരി ഒന്നിന് വൈകുന്നേരം റോഡിലിറങ്ങി നോക്കിയാൽ മതിയെന്നും രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.'സ്ത്രീ എല്ലാ കാലഘട്ടത്തിലും ഒട്ടേറെ അടിച്ചമർത്തലുകൾ നേരിടുന്നുണ്ട്. സ്ത്രീ നേടിയെടുത്ത അവകാശങ്ങൾ പോലും തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അതിനുള്ള പ്രതിരോധം തീർക്കലാണ് വനിതാമതിൽ. വനിതാമതിലിന്റെ എതിർവശത്ത് പുരുഷന്മാരുടെ മതിലും കാണാം.വനിതാ മതിലിനായി നിർബന്ധിത പണപ്പിരിവ് നടത്തി എന്നത് ശുദ്ധ നുണയാണ്. അത്തരം പരാതികൾ തെളിവു സഹിതം എഴുതി നൽകിയാൽ തീർച്ചയായും നടപടിയെടുക്കും.

വനിതാമതിലിൽ പങ്കെടുക്കാൻ ഒരു മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥൻ നിർബന്ധിക്കില്ല. പക്ഷെ പൊതുവെ സർക്കാരുദ്യോഗസ്ഥർക്ക് അത്തരം പരിപാടികൾക്കുള്ള തടസ്സം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.മതിലിനായി ഒരു പൈസ പോലും ഖജനാവിൽ നിന്ന് ചെലവാക്കില്ല. കേരളത്തിന് പുറത്തുള്ളവരടക്കം വനിതാ മതിലിൽ പങ്കെടുക്കുമെന്നും പിണറായി പ്രസംഗത്തിൽ പറഞ്ഞു.

നിർബന്ധിത പണപ്പിരിവ് വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചിരുന്നു. വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതികൾക്കിടെയിലാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവിന്റെ പത്തു ചോദ്യങ്ങൾ.അതേസമയം തൊഴിലുറപ്പുകാകരെ നിർബന്ധിച്ച് വനിതാമതിലിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കകെതിരെ കേസ്, മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. അസിസ്റ്റന്റ് സെക്രട്ടറിയുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.