തിരുവനന്തപുരം: മുഖ്യമന്ത്രിയായശേഷം പിണറായി വിജയൻ നടത്തിയ ആദ്യ ഡൽഹി യാത്ര നിരവധി പ്രതീക്ഷകൾ പകരുന്നതാണ്. രാഷ്ട്രീയം മറന്നു നാടിന്റെ നായകനായി പ്രധാനമന്ത്രിക്കു മുന്നിലെത്തിയ പിണറായിയുടെ രാഷ്ട്രതന്ത്രം വിജയിച്ചാൽ സംസ്ഥാനത്തിനും രാജ്യത്തിനും അത് ഒരുപോലെ ഗുണകരമാകും.

രാഷ്ട്രീയ ശത്രു മുഖ്യമന്ത്രിയായശേഷം കാണാനെത്തിയപ്പോൾ കൂടുതൽ ഉദാരനാകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയ്ൽ പദ്ധതിയുടെ കാര്യത്തിലുൾപ്പെടെ മോദിക്കു മുഖ്യമന്ത്രി പിണറായി നൽകിയ ഉറപ്പ് ഉമ്മൻ ചാണ്ടിക്കു സാധിക്കാതെ പോയതാണ് എന്നതും പിണറായി വിജയന്റെ നയങ്ങളുടെ വിജയമാണെന്ന വിലയിരുത്തലാണുള്ളത്.

വികസന പദ്ധതികൾക്കായി കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പണം തടസ്സമാകില്ലെന്നു കേന്ദ്രസർക്കാരും ചർച്ചയിൽ പരസ്പരം ഉറപ്പു നൽകി. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവും സംസ്ഥാനവും ചേർന്നു നടപടികളെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

പൊതുമേഖലയിലെ പദ്ധതികൾക്കു സ്വകാര്യ മൂലധനം ഉപയോഗിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നും സ്വകാര്യപണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണു ചർച്ചചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു. നാടിന് ഏതെങ്കിലും തരത്തിൽ കുഴപ്പമുണ്ടാക്കാത്ത സ്വകാര്യ പങ്കാളിത്തമാണു വേണ്ടത്. പരിസ്ഥിതിയെ കാണാത്ത വികസനമെന്ന നിലപാടെടുക്കാനാവില്ല. ജനവാസമേഖലകളെ ഒഴിവാക്കിയുള്ളതാകണം പശ്ചിമഘട്ട സംരക്ഷണ നടപടികളെന്നും പിണറായി വ്യക്തമാക്കി.

ഗ്യാസ് അഥോറിറ്റിയുടെ കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈൻ പൂർത്തിയാക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ജനങ്ങളുമായി ചർച്ച നടത്തുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കൂടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈനിനു കോട്ടയത്തിനടുത്തു നേരിട്ടിരിക്കുന്ന തടസ്സം പരിഹരിച്ചു പദ്ധതി പൂർത്തിയാക്കുമെന്നും ദേശീയപാത വികസിപ്പിക്കുന്നതിനു ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്താൻ പദ്ധതി തയാറാക്കുമെന്നും പിണറായി അറിയിച്ചു.

ദേശീയപാത, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട റോഡുനിർമ്മാണം തുടങ്ങിയവയ്ക്കു റബർ ഉപയോഗിക്കുന്നതിനെക്കുറിച്ചു സംസ്ഥാനം രേഖ തയാറാക്കി കേന്ദ്രത്തിനു നൽകും. റബർ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങൾ കേരളത്തിലുണ്ടാക്കുന്നത് ആലോചിക്കും. മീൻപിടിത്ത മേഖലയിലെ സഹകരണ സംഘങ്ങളുടേതായി വലിയ ബോട്ടുകൾ ആഴക്കടൽ മീൻപിടിത്തത്തിന് ഉപയോഗിക്കുകയെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

ആയുർവേദം, ടൂറിസം വികസനം എന്നിവയിൽ കേരളത്തിന്റെ വികസനസാധ്യതകൾ പ്രധാനമന്ത്രിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമില്ലെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെട്ട് ഇന്ത്യയിലേക്കു മടങ്ങുന്നവരുടെ പുനരധിവാസത്തിനു സംസ്ഥാനത്തിനൊപ്പം കേന്ദ്രവും പദ്ധതിയുണ്ടാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ചു വ്യക്തമായ നിലപാടെടുക്കും. അടിസ്ഥാനസൗകര്യ വികസനത്തിനുൾപ്പെടെ പണത്തിനു ക്ഷാമമുണ്ടാകില്ലെന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കി.

ഗെയ്ൽ പദ്ധതിക്കു പുതുപ്രതീക്ഷ

കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഗെയിലിന്റെ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്ക് തടസമായ സ്ഥലമെടുപ്പ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് ഉറപ്പു നൽകി. ഗെയിൽ പദ്ധതി പൂർത്തിയാകാത്തത് സംസ്ഥാനത്തിന്റെ വീഴ്ചയായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. സ്ഥലമെടുപ്പിനോടുള്ള എതിർപ്പുകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പദ്ധതിയുടെ പ്രാധാന്യം കേരളം മനസിലാക്കണം. പദ്ധതി നടപ്പായില്ലെങ്കിൽ കേരളം പിന്നോട്ടുപോകും. 1996ൽ താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ചർച്ച തുടങ്ങിയതാണ്. അന്നു ഗുജറാത്തിൽ തുടങ്ങിയ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമായി. പൈപ്പ്‌ലൈൻ വന്നാൽ ചീമേനിയിലെ വൈദ്യുതി നിലയം അടക്കമുള്ള അനുബന്ധ പദ്ധതികളും യാഥാർത്ഥ്യമാകും. സ്ഥലമെടുപ്പിന് പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റബറിനു താങ്ങുവില പ്രഖ്യാപിക്കും; റബർ സ്ഥിരതാ ഫണ്ടിന് കേന്ദ്രം അനുകൂലം

ബറിന് താങ്ങുവിലയും വിലസ്ഥിരതാ ഫണ്ടും പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകിയെന്നു പിണറായി വ്യക്തമാക്കി. റബർ കർഷകരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും മുഖ്യമന്ത്രി ധരിപ്പിച്ചു. റബർ സംഭരിക്കാൻ കേന്ദ്ര- സംസ്ഥാന സംയുക്ത സംവിധാനം വേണമെന്ന ആവശ്യത്തോടും അനുകൂല നിലപാടു സ്വീകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു. റബറിനു വലിയ തോതിൽ വിലയിടിയുമ്പോൾ കർഷകരെ സഹായിക്കാൻ താങ്ങുവില പ്രഖ്യാപിക്കാനുള്ള ഫണ്ട് കേന്ദ്ര- സംസ്ഥാന വിഹിതത്തിലൂടെ കണ്ടെത്തണമെന്നതായിരുന്നു മുന്നോട്ടുവച്ച നിർദ്ദേശം. അനുകൂല നിലപാടുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി പിണറായി പറഞ്ഞു. ദേശീയപാതയുടെയും പ്രതിരോധ മേഖലയിലെ റോഡിന്റെയും നിർമ്മാണത്തിന് റബർ ഉപയോഗിക്കാൻ വേണ്ടതു ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. ഇതിന്റെ വിശദമായ പദ്ധതി സംസ്ഥാനം സമർപ്പിക്കണം. റബർ അധിഷ്ഠിത ഉത്പന്നങ്ങളുടെ ഫാക്ടറികൾ സ്ഥാപിക്കാനും കേന്ദ്രം സഹായിക്കും. റബർ വിലയിടിവു തടയാൻ താങ്ങുവില പ്രഖ്യാപനം, സംഭരണത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പൊതു പദ്ധതി എന്നിവയിൽ പ്രധാനമന്ത്രിയും, റബറിന് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കാൻ സഹായിക്കാമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ഉറപ്പു നൽകി.

കേരളത്തിനു ദേശീയമാതൃകയാകാൻ കഴിയുമെന്നു മോദി

പൊതു സ്ഥലത്തെ മലമൂത്ര വിസർജ്ജനം പൂർണമായി ഇല്ലാതാക്കിയും ഗ്രാമങ്ങൾ നൂറു ശതമാനം ഡിജിറ്റൽവത്കരിച്ചും കേരളത്തിന് ദേശീയ മാതൃകയാകാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ രണ്ടു ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ച് പൊതുസ്ഥലത്തെ മലമൂത്രവിസർജനം ഇല്ലാതാക്കുമെന്നും ഡിജിറ്റൽവത്കരണം പ്രയോജനപ്പെടുത്തുമെന്നും പിണറായി ഉറപ്പ് നൽകി. ആധാർ, ജൻധൻ, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ സർക്കാർ ക്ഷേമ പദ്ധതികൾ അർഹരായവരിൽ എത്തിക്കുന്നതിലും കേരളത്തിന് മുന്നേറാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ അന്താരാഷ്ട്രതലത്തിൽ എത്തിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി ആഴക്കടൽ മത്സ്യബന്ധനം നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികൾക്ക് സാമ്പത്തിക സഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്രത്തെ സ്വന്തം വീടുപോലെ കരുതണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.