തിരുവനന്തപുരം: എസ്‌കോർട്ടുകൾ ഒഴിവാക്കിയാകും തന്റെ യാത്രയെന്നായിരുന്നു സത്യപ്രതിജ്ഞാ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ലാളിത്യമാകും തന്റെ മുദ്രാവാക്യമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വെറുതയായി. പ്രധാനമന്ത്രിക്ക് സമാനമായ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തിന് പുറത്ത് പൊലീസ് ഒരുക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇതുവരെ നൽകാത്ത സുരക്ഷ. എസ്‌കോർട്ടിന്റെ പിൻബലത്തിലായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യാത്ര തുടങ്ങിയത്. സോളാറിലെ സമരം തുടങ്ങിയപ്പോൾ മാത്രമാണ് ഇത് കൂട്ടിയത്. എന്നാൽ പിണറായി വിജയനെതെ ആരും പ്രതിഷേധിക്കുന്നില്ല. സമരവും നടത്തുന്നില്ല. എങ്കിലും മുഖ്യമന്ത്രിയുടെ ഗ്ലാമർ ഇരട്ടിയാക്കാൻ പൊലീസ് ഒന്നും കുറവ് വരുത്തുന്നില്ല. ഇത് തന്നെയാണ് കെവിന് എന്ന യുവാവിന്റെ ജീവനെടുത്തത്.

ഞായറാഴ്ച ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയ സംഘത്തിൽ ഗാന്ധിനഗർ എസ്ഐ. എം.എസ്.ഷിബു ഉൾപ്പെട്ടിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഗാന്ധിനഗറിലെ ചടങ്ങിൽ സ്റ്റേജിന്റെ സുരക്ഷാ ചുമതലയിൽപെട്ട സംഘത്തിലായിരുന്നു ഷിബു. ചങ്ങനാശ്ശേരി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലായിരുന്നു സ്റ്റേജ് സുരക്ഷാസംഘം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കെവിന്റെ ഭാര്യ നീനു പാരാതിയുമായെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുശേഷം അന്വേഷിക്കാമെന്ന് എസ്ഐ. പറഞ്ഞൊഴിഞ്ഞു. തനിക്ക് സുരക്ഷയൊരുക്കാൻ എസ്ഐ. വേണ്ടെന്നും അതിന് പ്രത്യേക സംഘമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇത് കളവാണെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

കരിമ്പൂച്ചകളുടെ അകമ്പടിയിൽ ചീറിപായുകയാണ് മുഖ്യമന്ത്രിയെന്ന് തിരുവനന്തപുരത്തെ കാഴ്ചകളും പറയുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്ന് പോകാൻ സിഗ്‌നലുകളും ട്രാഫിക്കുകാർ ഓഫ് ചെയ്യും. ഒരു തടസ്സുവുമില്ലാതെയാണ് പിണറായിയുടെ യാത്ര. മുഖ്യമന്ത്രിക്ക് അതിവേഗം ചീറിപ്പായാൻ അവസരം ഒരുക്കി പൊലീസുകാരും രംഗത്തുണ്ടാകും. സാധാരണ ഗതിയിൽ മുഖ്യമന്ത്രിക്ക് ഏറ്റവും കുറഞ്ഞ സുരക്ഷയാണ് തലസ്ഥാനത്ത് വീട്ടിലേക്ക് പോകുമ്പോഴും മറ്റുമുണ്ടാകുക. എന്നാൽ, ഇവിടെ പോലു വൻ പൊലീസ് സന്നാഹം പിണറായിക്ക് വേണ്ടി ഒരുക്കേണ്ടി വരുന്നു. നാഴികയ്ക്ക് നാൽപ്പതു വട്ടം ജനകീയ സർക്കാർ എന്നും ജനകീയ മുഖ്യമന്ത്രിയെന്നും പറയുന്ന പിണറായിക്ക് എന്തുരകൊണ്ടാണ് ഇത്രയേറെ സുരക്ഷ എന്ന ചോദ്യം ഉ

കെവിനെ കാണാനില്ലെന്നു ഭാര്യ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയ ദിവസം കോട്ടയത്തെത്തിയ മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയതു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി, പാലാ ഡിവൈ.എസ്‌പിമാരും 14 സിഐമാരും 30 എസ്ഐമാരും 500 പൊലീസുകാരും ഉൾപ്പെട്ട സംഘമാണ്. സദാ മുഖ്യമന്ത്രിക്കൊപ്പമുള്ള 18 പൊലീസ് കമാൻഡോകൾക്കും സ്ഥിരം പൈലറ്റ്, എസ്‌കോർട്ട് സംഘങ്ങൾക്കും പുറമേയായിരുന്നു ഇത്. മുഖ്യമന്ത്രി എത്തുന്നതിനോടനുബന്ധിച്ച്, കോട്ടയം നഗരത്തിൽ 20 മീറ്റർ വീതം അകലത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു. അതായത് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും തുല്യമായ സുരക്ഷ. ആബുലൻസുകളും സുരക്ഷാ സന്നാഹത്തിന്റെ ഭാഗമാക്കി.

ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ വാഹനം കടത്തിവിടാൻ മണിക്കൂറുകളോളം കനത്തമഴയത്തും പൊലീസ് പണിയെടുത്തു. മുഖ്യമന്ത്രി എത്തുമ്പോൾ എസ് പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്ത് വേണമെന്ന് ചട്ടമുണ്ട്. അതിന് അപ്പുറത്ത് പ്രത്യേകിച്ച് സുരക്ഷയൊന്നും മുൻ മുഖ്യമന്ത്രിമാർക്ക് നൽകാറില്ലായിരുന്നു. എന്നാൽ പിണറായി അധികാരത്തിലെത്തിയതോടെ ഇത് മാറി. തിരുവനന്തപുരത്തിന് പുറത്തുള്ള യാത്രയിൽ മുക്കിനും മൂലയിലും പൊലീസിനെ നിർത്തി. സുരക്ഷ കെങ്കേമമാക്കാൻ അന്യജില്ലയിൽ നിന്ന് പോലും പൊലീസിൽ എത്തിക്കുന്നു. ഇത്രയ്ക്കും സുരക്ഷാ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കുണ്ടോ എന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല. സോഷ്യൽ മീഡിയയിലെ ട്രോളുകളെ ഭീഷണിയായി ചിത്രീകരിച്ചുള്ള മറുപടിയാണ് പൊലീസിലെ ഉന്നതർ പോലും നൽകുന്നത്.

കോട്ടയത്തു തനിക്ക് സുരക്ഷയൊരുക്കിയ സംഘത്തിൽ ഗാന്ധിനഗർ എസ്ഐ: എം.എസ്. ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കളവാണെന്നു തെളിഞ്ഞതിന് ശേഷം ഒരു ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല. സുരക്ഷാവ്യൂഹത്തിൽ, ചങ്ങനാശേരി ഡിവൈ.എസ്‌പിക്കു കീഴിലുള്ള സംഘത്തിലാണു ഷിബു ഉൾപ്പെട്ടിരുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ ബാരിക്കേഡ് കെട്ടിത്തിരിച്ച വഴിയിലൂടെയാണു തിരുനക്കര മൈതാനത്തെ വേദിയിലെത്തിച്ചത്. കേരളത്തിൽ സുരക്ഷാഭീഷണി തീരെയില്ലാത്ത ജില്ലകളിലൊന്നാണു കോട്ടയം. എന്നിട്ടും മുഖ്യമന്ത്രിക്കായി പൊലീസുകാരെ മുഴുവൻ മാറ്റി നിർത്തി. എറണാകുളം ജില്ലയിൽ ഈയിടെ പിണറായി നടത്തിയ സന്ദർശനത്തിലും അതീവ സുരക്ഷ ഒരുക്കിയിരുന്നു. കണ്ണൂരിലും വൻ സുരക്ഷയോടെയാണ് യാത്രകൾ.

മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരുടെയും പൈലറ്റും എസ്‌കോർട്ടും ഒഴിവാക്കാനായിരുന്നു പിണറായി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പൈലറ്റും എസ്‌കോർട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് യാത്രകൾക്ക് പൈലറ്റ് വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നായിരുന്നു അന്നത്തെ വിശദീകരണം. തലസ്ഥാനത്തെ യാത്രകൾക്ക് വാഹനത്തിൽ ഗൺമാനല്ലാതെ മറ്റാരും വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്. വിഐപികൾക്ക് അകമ്പടി സേവിക്കേണ്ടതിനാൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിനു പൊലീസുകാരില്ലെന്ന വിമർശനം വ്യാപകമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരാകട്ടെ ചോദിക്കുന്നവർക്കെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വാരിക്കോരി കൊടുത്തിരുന്നു. ഇതാണ് പിണറായി തുടക്കത്തിൽ വേണ്ടെന്ന് വച്ചത്.

ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണു പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നും തനിക്കേർപ്പെടുത്തിയ പൊലീസ് കമാൻഡോ സുരക്ഷ പിൻവലിക്കണമെന്നും പിണറായി വിജയൻ നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടു നിർദ്ദേശിച്ചിരുന്നു. പിന്നീടിതെല്ലാം പിണറായി മറന്നു. ആർ.എസ്.എസിന്റെ വധഭീഷണി അടക്കമുള്ളവ ഉയർന്ന സാഹചര്യത്തിൽ ഇന്റലിജൻസ് വിഭാഗം നൽകിയ ശുപാർശകൂടി പരിഗണിച്ചാണ് പിണറായിയുടെ സുരക്ഷ കൂട്ടിയതെന്ന് പൊലീസ് പറുന്നു. പിണറായി വിജയന്റെ തല കൊയ്യുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം നൽകുമെന്ന് മധ്യപ്രദേശിലെ ആർഎസ്എസ് സഹ പ്രചാർ പ്രമുഖ് ഡോ. കുന്ദൻ ചന്ദ്രാവത്ത് പ്രസംഗിച്ചിരുന്നു.

സംഭവം വിവാദമായതോടെ ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രസ്താവന പിൻവലിക്കുന്നുവെന്ന് പിന്നീട് ചന്ദ്രാവത്തും പറഞ്ഞിരുന്നു. അന്നായിരുന്നു അധിക സുരക്ഷ പിണറായിക്ക് പൊലീസ് കൂട്ടിയത്. ഇത് ഇപ്പോഴും തുടരുന്നു.