- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശൈലജയെ മാത്രം നിലനിർത്തിയാൽ പൊതു സമൂഹത്തിൽ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാരെന്ന സന്ദേശം; മാറ്റുന്നത് ഭാവിയിൽ നേട്ടമുണ്ടാക്കാൻ മാത്രം; ശൈലജയ്ക്ക് വേണ്ടി വാദിച്ചവരെല്ലാം പിണറായിയുടെ വിശദീകരണത്തോടെ നാവടക്കി; ശൈലജയെ പാർട്ടി വിപ്പാക്കുന്നത് ആലോചിച്ചുറപ്പിച്ച്; പിബിക്ക് മുകളിൽ ക്യാപ്ടൻ വളരുമ്പോൾ
തിരുവനന്തപുരം: പിണറായിയുടെ രണ്ടാം വെർഷനിലും ആരോഗ്യമന്ത്രിയായി കെകെ ശൈലജ വേണമെന്നായിരുന്നു പോളിറ്റ് ബ്യൂറോയുടെ ആഗ്രഹം. എന്നാൽ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ക്യാപ്ടൻ പിണറായി ഈ ആഗ്രഹത്തെ വെട്ടിയെടുത്തു. ഇത്തരത്തിലൊരു ചർച്ച ഉണ്ടാകുമെന്ന് മനസ്സിൽ കുറിച്ച് പറയേണ്ടത് പിണറായി മനസ്സിൽ വച്ചാണ് യോഗത്തിന് എത്തിയത്. അങ്ങനെ ശൈലജ അനുകൂലികളെ സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി നേരിട്ടു. പുതുമുഖ മന്ത്രിമാരെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത് സിപിഎം സെക്രട്ടറിയാണെങ്കിലും അവധിയിലുള്ള കോടിയേരി ബാലകൃഷ്ണനാണ്. ഇത് കേട്ട് ഞെട്ടിയ നേതാക്കളെ തനത് ശൈലിയിൽ കാര്യങ്ങൾ വിശദീകരിച്ച് പിണറായി തീരുമാനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു.
പുതുമുഖങ്ങൾ മന്ത്രിമാരാകുന്നതിനെ ആരും എതിർത്തില്ല. എന്നാൽ സംസ്ഥാന സമിതിയിൽ ഏഴു പേർ ശൈലജ വേണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറി എം വി ജയരാജനും ശൈലജ ടീച്ചറിനൊപ്പമായിരുന്നു. പിണറായിയ്ക്കൊപ്പമുള്ള ഒരു നേതാവ് മാത്രമായിരുന്നു ശൈലജയ്ക്ക് വേണ്ടി വാദമുയർത്തിയത്. അത് കണ്ണൂരിൽ നിന്നുള്ള സെക്രട്ടറി എന്ന നിലയിൽ വിവാദം ഒഴിവാക്കാനും. പി സുജാതയും കെ രാജഗോപാലും അടക്കം ഏഴു പേരാണ് ശൈലജയ്ക്ക വേണ്ടി വാദിച്ചത്. എന്നാൽ ഒരാൾക്ക മാത്രം ഇളവില്ലെന്ന് പിണറായി വ്യക്തമായി മാറി. സ്ഥാനാർത്ഥി നിശ്ചയിച്ചപ്പോൾ ചില മാനദണ്ഡം എടുത്തു. അതു മൂലം പല പ്രമുഖകർക്കും സീറ്റ് പോയി. അതുപോലെ പുതിയ മന്ത്രിമാരും എത്തും. ഭാവിക്കായുള്ള കരുതലാണ് ഇതെന്നും യോഗത്തിന്റെ തുടക്കത്തിൽ കോടിയേരി വിശദീകരിച്ചു.
ഇതിനെയാണ് ഏഴു പേർ ചോദ്യം ചെയ്ത്. ഇതിനാണ് പിണറായി കൃത്യമായി മറുപടി നൽകിയത്. ശൈലജയെ മാത്രം നിലനിർത്തിയാൽ പൊതു സമൂഹത്തിൽ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാരായിരുന്നുവെന്ന സന്ദേശം ആയിരിക്കുമെന്ന് പിണറായി പറഞ്ഞു. പുറത്തേക്ക് പോകുന്ന എല്ലാവരും മിടുക്കന്മാരാണ്. പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിൽ നിന്ന് ശൈലജയേയും ഒഴിവാക്കാനാകില്ല-പിണറായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷവും പുതുമുഖ നയത്തിനൊപ്പമായി. പി സതീദേവി, പി രാജേന്ദ്രൻ എന്നിവരും ശൈലജയ്ക്ക് മന്ത്രിസ്ഥാനം കൊടുക്കണെന്ന് ആവശ്യപ്പെട്ടു. പി ജയരാജന്റെ സഹോദരിയാണ് സതീദേവി.
മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം. ദേശീയ നേതാക്കൾക്ക് അതൃപ്തിയുണ്ട്. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയ തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിൽ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെ.കെ. ശൈലജ. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ അവരെ ഒഴിവാക്കിയതിൽ സിപിഎം. നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പല നേതാക്കളേയും വിളിച്ച് ദേശീയ നേതാക്കൾ അറിയിച്ചു എന്നാണ് സൂചന.
മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാർട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജയും പിന്നീട് രംഗത്തു വന്നു. തീരുമാനം പാർട്ടിയുടേതാണ് , അത് പൂർണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു. ഏറെ ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിർണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. ഇത് ശൈലജ ക്യാമ്പിനെ തീർത്തും നിരാശരാക്കി. വീണ്ടും ശൈലജ മന്ത്രിയാകുമെന്ന് കരുതിയിരുന്ന പേഴ്സണൽ സ്റ്റാഫും വേദനയിലാണ്. പാർട്ടി വിപ്പ് എന്ന പദവി കൊണ്ട് ശൈലജയ്ക്ക് തൃപ്തിപ്പെടേണ്ടി വരുന്നു.
കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവർത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചർച്ച. എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതുതീരുമാനവും വേണമെന്ന നിലപാടിൽ പിണറായി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ 88 പേരിൽ ഭൂരിഭാഗം പേരും കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെയാണ് അംഗീകരിച്ചത്.
പൊതു സമൂഹത്തിലും ഭരണ തലത്തിലും കെകെ ശൈലജക്ക് ഉണ്ടായിരുന്നത് മികച്ച പ്രതിച്ഛായയാണ്. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ഇത്തരത്തിലുള്ള തുടർചർച്ചകളും വിമർശനങ്ങളും എല്ലാം ഉയർന്ന് വരാനിടയുണ്ട്. എന്നാൽ അത് മന്ത്രിസഭയിലെ പുതുമുഖ സാന്നിധ്യവും മികച്ച പ്രവർത്തനവും കൊണ്ട് മറികടക്കാനാകുമെന്നാണ് വിലയിരുത്തിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ