കൊച്ചി:  ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു പോയ നേതാവ് പിണറായി എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. തോക്ക് കാട്ടിയുള്ള ഭീഷണിയും തളർത്തിയില്ല. വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ചർച്ച ചെയ്യവേ തനിക്കെതിരെ നടന്ന പഴയ ആക്രമണ ശ്രമവും വധശ്രമവും ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകളെ പുതിയ തലത്തിൽ എത്തിച്ചത്. എംഎൽഎയായിരിക്കേ തനിക്കെതിരെ ഒരാൾ വെടിയുതിർത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. ഇപ്പോഴിതാ കരിങ്കൊടി കാട്ടി ഭീഷണിപ്പെടുത്തൽ. ഈ പ്രതിഷേധത്തിൽ മുഖ്യമന്ത്രി ആകെ സ്തംഭിച്ചു പോയി. ആ കാറിന്റെ ചില്ലു പൊട്ടിരുന്നുവെങ്കിൽ ഇന്ന് കേരളം ആകെ ആ എറണാകുളം മോഡൽ സമരം ചർച്ചയാക്കുമായിരുന്നു. കണ്ണൂരിൽ കല്ലു കൊണ്ട് തലപൊട്ടിയപ്പോഴും മുഖത്തെ ശാന്തത അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈവിട്ടില്ല. എന്നാൽ ഓടിയെത്തിയ യൂത്ത് കോൺഗ്രസുകാരന് മുമ്പിൽ പിണറായിയുടെ മുഖം നിസ്സഹായതയോടെ നോക്കി. മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച പ്രതീക്ഷിച്ചിരുന്നില്ല.

വെള്ളി ഉച്ചയോടെ കാക്കനാട് എറണാകുളം ഗവ. പ്രസ് സിടിപി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വാഹനം തടഞ്ഞുനിർത്തി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമി യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോർജ് പനന്താനത്തെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനു പിന്നാലെയാണ് കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ച് ആക്രമിക്കാനുള്ള നീക്കം.

കാക്കനാട് ഗവ. പ്രസിലെ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുടെ വാഹനം പ്രസ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു ആക്രമണ ശ്രമം. പൊലീസ് പൈലറ്റ് വാഹനം കടന്നുപോയശേഷം സോണി ജോർജ് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്കു ചാടുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിലും മുന്നിലെ ചില്ലിലും ഇയാൾ ഇടിച്ചു. മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനോടുചേർന്നുള്ള ചില്ലും ഇടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ബോണറ്റിന് ചളുക്കുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റിയശേഷമാണ് യാത്ര തുടർന്നത്. ഏറെ പരിശ്രമിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇയാളെ കീഴടക്കിയത്. പിന്നിൽവന്ന പൊലീസ് വാഹനം ഇയാളെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിനു കൈമാറി. മൽപ്പിടിത്തത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.

കോതമംഗലം ചേലാട് പനന്താനത്ത് സ്വദേശിയായ സോണി ജോർജ് (25) അൺ ഓർഗനൈസ്ഡ് എംപ്ലോയീസ് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. മുഖ്യമന്ത്രിക്കുനേരെ വധശ്രമത്തിനും ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന സോണി ജോർജിനെതിരെ എറണാകുളം സൗത്ത്, നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർ പറഞ്ഞു. മുഖ്യമന്ത്രിക്കുനേരെ രാവിലെ കളമശേരിയിലും ആലുവയിലും കരിങ്കൊടി കാണിക്കൽ നടന്നു. എന്നാൽ കാക്കനാട് എല്ലാ പരിധിയും വിട്ടു. പൊലീസിനും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. സ്‌പെഷ്യൽ ബ്രാഞ്ചും പരാജയമായി.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. അത് കോൺഗ്രസിന്റെ സമര രീതിയാണ്. കോൺഗ്രസ് മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ഒരു കോൺഗ്രസുകാരനും ഉപദ്രവിക്കില്ല. കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കരിങ്കൊടി കാണിക്കുകയും വാഹനത്തിന്റെ ചില്ലിൽ അടിച്ച് പ്രതിഷേധം നടത്തുകയും ചെയ്തത് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾക്ക് ഒടുവിൽ ആയിരുന്നു. മാധ്യമങ്ങളെ പോലും അറിയാക്കാതെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷൻ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് നടന്നത്.

പൊലീസ് ശ്രദ്ധിക്കാതിരിക്കാനായി ഖദർ ധരിക്കാതെ കളർ ഷർട്ട് ഇട്ടാണ് പ്രവർത്തകൻ എത്തിയത്. പ്രതിഷേധം മുന്നിൽ കണ്ട് ഖദർ ധരിച്ച് സമീപത്ത് നിന്നവരെ നേരത്തെ തന്നെ പൊലീസ് മാറ്റിയിരുന്നു. മുഖ്യമന്ത്രി പരിപാടി സ്ഥലത്ത് നിന്നും ഇറങ്ങിയ ഉടൻ തന്നെ ഒന്നുമറിയാത്തതുപോലെയാണ് പ്രതിഷേധം നടത്തിയ സോണി നിന്നിരുന്നത്. മുഖ്യമന്ത്രിയെ കാണാനുള്ള ആകാഷയിൽ നിൽക്കുന്ന ഒരു സാധാരണക്കാരനാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം മുന്നോട്ട് എത്തിയപ്പോഴേക്കും സോണി ചാടി മുന്നിലേക്ക് കയറി. സുരക്ഷാ വാഹനത്തിലെ ഡ്രൈവർ ഒന്നു പതറി വാഹനം നിർത്തി. ഇതോടെ പിന്നാലെ എത്തിയ മുഖ്യമന്ത്രിയുടെ വാഹനവും നിന്നു. ഈ സമയം സോണി മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്തുകയും കരിങ്കൊടി വീശി വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഡ്രൈവർ വലതു വശം ചേർത്ത് വാഹനം എടുക്കാൻ ശ്രമിച്ചെങ്കിലും കമ്യൂണിറ്റി ഹാളിന്റെ മതിൽ തടസമായി നിന്നു. അപ്പോഴേക്കും പൊലീസ് എത്തി ഇയാളെ നീക്കം ചെയ്തു.

കോൺഗ്രസ് പ്രവർത്തകർ ഒന്നാകെ ഈ പ്രതിഷേധത്തിൽ അമ്പരന്നിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങൾ പലയിടത്തും നടത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. കനത്ത പൊലീസ് സന്നാഹം ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തുകയായിരുന്നു. വാഹനത്തിൽ അടിച്ചിട്ടുണ്ടെന്നും അടിച്ചയാൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നും പൊലീസിന് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്നുതന്നെ വയർലെസ് സന്ദേശം ലഭിച്ചു. ഇതിനെ തുടർന്ന് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരൻ നിന്ന ഭാഗത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സിറ്റി പൊലീസ് കമ്മീഷ്ണർ തൃക്കാക്കര പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞുനിർത്തിയാണ് കാക്കനാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാക്കനാട് സർക്കാർ പ്രസിലെ ഉദ്ഘാടന ചടങ്ങു കഴിഞ്ഞു പുറത്തിറേേങ്ങുമ്പാൾ കളക്‌റ്റ്രേറ്റിന് സമീപം പാട്ടുപുരയ്ക്കൽ ക്ഷേത്രകമാനത്തിൽ വച്ചാണ് മുഖ്യമന്ത്രിയേയും പൊലീസിനെയും ഞെട്ടിച്ച ഒറ്റയാൾ പ്രതിഷേധം നടന്നത്.