- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നത്; പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്'; ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് പിണറായി വിജയൻ; പറയാത്ത കാര്യത്തിൽ പരിഹസിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: വാക്സിൻ ചാലഞ്ചിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കേന്ദ്രമന്ത്രി വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്ന് വി.മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി.മുരളീധരനും നടത്തിയ പ്രസ്താവനകളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഏതു പ്രതിപക്ഷ നേതാവിനും സാധാരണനിലയിൽ ഉത്തരവാദിത്തം മറന്നു പ്രവർത്തിക്കാൻ കഴിയില്ല. ആശ്ചര്യകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. അവരവർ കണ്ടതും അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങൾ മറ്റെല്ലാവരും തുടരണം എന്നു തെറ്റിദ്ധരിക്കരുത്.
വാക്സിൻ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വി.മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
'അവരവർ കണ്ടതും അവരവർ അനുഭവിച്ചതും അവരവർ ശീലിച്ചതുമായ കാര്യങ്ങൾ മറ്റുള്ള എല്ലാവരും അങ്ങനെ തന്നെയാണെന്ന് തെറ്റിദ്ധരിക്കരുത്. അതിന്റെ ഭാഗമാണ് ഈ ഫണ്ടൊക്കെ മറ്റുള്ള വഴിക്ക് പോകുമെന്ന ആശങ്ക. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയിൽ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നത്ര എല്ലാവരും ഒന്നിച്ച് നീങ്ങലാണ് ഏറ്റവും പ്രധാനം' മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയാതിരിക്കലാണ് ഭംഗിയെന്നാണ് തനിക്ക് തോന്നുന്നത്. ഈ ഘട്ടത്തിൽ രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും ഇതുമായി സഹകരിക്കാൻ തയ്യാറാകുകയാണ്. നമ്മുടെ നാടിന്റെ പ്രത്യേകത അതാണ്.
ഇതൊരു ദുരന്ത ഘട്ടമാണ്. വാക്സിൻ എല്ലാവർക്കും ലഭ്യമാകണം. അതിന് പണം കൊടുക്കണം എന്ന് വന്നപ്പോൾ ആളുകൾ സ്വയം മുന്നോട്ട് വരികയാണ് ഉണ്ടായിട്ടുള്ളത്. യാഥാർത്ഥത്തിൽ യുവജനങ്ങളാണ് ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം അത് ഏറ്റെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകയാണ് അത്.
പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്. രമേശ് ചെന്നിത്തലയുടേയും വി.മുരളീധരന്റേയും വിമർശനങ്ങളെ സൂചിപ്പിച്ച്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഏതൊരു പ്രതിപക്ഷ നേതാവിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് പ്രവർത്തിക്കാനാവില്ല. പക്ഷേ ആശ്ചര്യകരമായ നിലപാടാണ് ഇത്തരം കാര്യങ്ങളിൽ ഇവർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് താൻ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരവും പൂർണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താൻ പറഞ്ഞത്. മാധ്യമങ്ങളെല്ലാം അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂർവ്വമോ താൻ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാൾക്ക് ചേർന്നതല്ല.
അദ്ദേഹം ഇത്രയും തരം താഴരുത്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അത് പോലും ഉൾക്കൊള്ളാൻ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങൾ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.