തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് മന്ത്രിമാരുടെ സ്ഥലം മാറ്റി സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നില മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം തട്ടകമായി മാറ്റുന്നു. മുഖ്യന്റെ ഓഫിസ് പ്രവർത്തിക്കുന്ന നിലയിലെ സർവ്വാധിപത്യം ഉറപ്പിക്കാൻ വ്യവസായ മന്ത്രിയേയും പരിവാരങ്ങളേയുമാണ് ഈ ബ്ലോക്കിൽ നിന്നും കുടിയിറക്കുന്നത്. വ്യവസായ മന്ത്രിയുടെ ഓഫിസ് സൗത്ത് സാന്റ്വിച്ച് ബ്ലോക്കിലെ രണ്ടാംനിലയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലേക്കാണു മൊയ്തീൻ മാറുന്നത്.

അവിടെനിന്നും കുടിയിറക്കിയ ശൈലജയെ സെക്രട്ടേറിയറ്റിന്റെ പുതിയ അനക്സിലേക്കാണ് ഇളക്കിപ്രതിഷ്ഠിക്കുന്നത്. 64 ലക്ഷം രൂപയോളം മുടക്കിയാണ് മന്ത്രി ഷൈലജയ്ക്ക് ഇവിടെ ഓഫിസ് പണിയുന്നത്. ഇക്കാര്യം ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയ പുതിയ മന്ദിരമാണ് തല്ലിപ്പൊളിച്ച് ഷൈലജയ്ക്ക് വേണ്ടി പുതുക്കി പണിയുന്നത്.

മന്ത്രിയുടെ ഓഫിസിനും മറ്റ് സ്റ്റാഫുകൾക്കുമായി നീക്കിവെച്ചിട്ടുള്ള മുറിയിലെ ടൈൽസ് അടക്കം തല്ലിപ്പൊട്ടിച്ച ശേഷം പുതിയവ സ്ഥാപിച്ചാണ് ധൂർത്ത് അരങ്ങേറുന്നത്. മുറികളിലെ വൈദ്യുതീകരണ സംവിധാനങ്ങളും ശുചിമുറികളും ഇക്കൂട്ടത്തിൽ പുതുക്കി പണിതുകൊണ്ടുള്ള സമ്പൂർണ്ണ നവീകരണമാണ് പുതിയ ഓഫിസിൽ അരങ്ങേറുന്നത്. മുറികളെ വേർതിരിക്കാൻ ചെറിയ ഭിത്തികളും നിർമ്മിക്കുന്നുണ്ട്. രണ്ട് വർഷത്തോളം മാത്രം പഴക്കമുള്ള മന്ദിരത്തിലാണ് ഇത്തരത്തിൽ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി അരങ്ങേറുന്നത്.

രണ്ടാഴ്ചക്കുള്ളിൽ രണ്ടു മന്ത്രിമാരും ഇപ്പോഴത്തെ ഓഫീസ് കാലിയാക്കാനാണു നിർദ്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണു മൂന്നാംനിലയിൽ മറ്റൊരു ഓഫീസും പാടില്ലെന്ന തീരുമാനമെന്നാണു സൂചന. മന്ത്രിസഭയിലെ രണ്ടാമനെന്ന സങ്കൽപത്തിൽ, പതിറ്റാണ്ടുകളായി വ്യവസായമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിർവശത്താണ്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലായിരുന്നു.

പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അന്നത്തെ വ്യവസായമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി. ജയരാജന്റെ ഓഫീസും ഇവിടെയാണു പ്രവർത്തിച്ചിരുന്നത്. ശെലജയെ സെക്രട്ടേറിയറ്റ് വളപ്പിനു പുറത്ത് ഈയിടെ ഉദ്ഘാടനം ചെയ്ത അനക്സിലെ ഏഴാംനിലയിലേക്കു മാറ്റി. ഇവിടെ സർവസൗകര്യങ്ങളുമുണ്ടെങ്കിലും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുപണിയാൻ ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. ഊരാളുങ്കൽ സൊെസെറ്റിക്കാണു നിർമ്മാണച്ചുമതല. ഓഫീസിലെ സിറ്റ്ഔട്ട് പൊളിച്ച്, മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനു മുറിയൊരുക്കാനാണിത്.

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണു മന്ത്രിമാരുടെ ഓഫീസ് മാറ്റത്തിനായി ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്. ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകാൻ പെടാപ്പാടുപെടുന്ന ധനവകുപ്പ് അടിയന്തരാവശ്യങ്ങൾക്കു മാത്രമാണ് ഇപ്പോൾ പണം അനുവദിക്കുന്നത്. ജനത്തോട് മുണ്ട് മുറുക്കി ഉടുക്കാൻ പറയുന്ന സർക്കാരാണ് കോടികൾ മുടക്കി ധൂർത്ത് നടത്തുന്നത്.