ഡൽഹി: ശബരിമലയിലെ സംഘപരിവാർ പ്രതിഷേധം ഭയന്ന് ഡൽഹിയിലെ പരിപാടിയുടെ വേദി മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം മോഹിനിയാട്ടം നർത്തകി ഡോ.കനക് റെലേയ്ക്ക് സമ്മാനിക്കുന്ന പരിപാടിയുടെ വേദിയാണ് മാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വേദി മാറ്റിയതെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് പിണറായി ഡൽഹിയിലെത്തിയത്. യാത്ര സർക്കാർ ചെലവിൽ നടത്തുന്നതിന് വേണ്ടിയാണ് കേരളത്തിൽ നടത്തേണ്ട അവാർഡ്ദാന ചടങ്ങ് ഡൽഹിയിലാക്കിയത്.

ശനിയാഴ്ച വൈകിട്ട് റാഫി മാർഗിലുള്ള കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് ആദ്യം പരിപാടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള ക്ഷണക്കത്ത് പബ്ലിക് റിലേഷൻസ് വകുപ്പ് ഇറക്കുകയും ചെയ്തു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷം വേദി മാറ്റി. അവസാന നിമിഷമാണ് വേദി മാറ്റിയത്. വെള്ളിയാഴ്ച രാത്രി തിടുക്കത്തിൽ കേരള ഹൗസിൽ താൽക്കാലിക പന്തൽ നിർമ്മിക്കുകയും ചെയ്തു. കനത്ത വാടകയാണ് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഈടാക്കുന്നത്. ബുക്ക് ചെയ്യുമ്പോൾത്തന്നെ പണം നൽകണം.

അവസാന നിമിഷമാണ് പരിപാടി റദ്ദാക്കിയതെന്നതിനാൽ അടച്ച പണം തിരികെക്കിട്ടില്ല. രണ്ട് ലക്ഷത്തോളം രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടം. ഇതിന് പുറമെയാണ് കേരള ഹൗസിൽ പന്തൽ ഇടാൻ ചെലവായ തുക. കോൺഫറൻസ് ഹാൾ ഉണ്ടായിട്ടും പന്തൽ വേണമെന്ന് അധികൃതർ വാശിപിടിക്കുകയായിരുന്നു. കല നിശബ്ദമാകുന്നിടത്ത് ഫാസിസം വേരുപിടിക്കുമെന്നും കലാകാരന്മാരുടെ നിതാന്ത ജാഗ്രത ഇക്കാര്യത്തിലുണ്ടാകണമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കെ.സി.വിക്രമൻ സ്വാഗതം പറഞ്ഞു. ഓംചേരി എൻ.എൻ.പിള്ള, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ എന്നിവർ സംസാരിച്ചു. ഓംചേരിയുടെ ആക്‌സമികം എന്ന പുസ്തക പ്രകാശനത്തിനും മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. ഭാരതീയ വിദ്യാഭവന്റെ ഹാളിലായിരുന്നു ഇത് നടക്കേണ്ടത്. ഇവിടേക്കും മുഖ്യമന്ത്രി പോയില്ല. കേരള ഹൗസിലെ പന്തലിൽ മൂന്ന് മണിയോടെ ഈ പുസ്തക പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു. അതിന് ശേഷം ഇതേ വേദിയിൽ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരവും നൽകി.

ഈ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ കേരളത്തിൽ നിന്ന് എത്തിയിരുന്നു. ഇവർക്കൊന്നും വ്യക്തമായ അറിയിപ്പ് നൽകിയില്ല. സുരക്ഷാ കാരണങ്ങളാൽ വേദി മാറ്റിയെന്ന അറിയിപ്പാണ് ഇവർക്ക് കിട്ടിയത്. ഉത്തരേന്ത്യയിൽ സംഘപരിവാറിന് വലിയ ശക്തിയുണ്ട്. ശബരിമലയിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിട്ട പിണറായിയ്‌ക്കെതിരെ കേരളത്തിന് പുറത്ത് ബിജെപിക്കാർ പ്രതിഷേധം ഉയർത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള ഹൗസിൽ മാത്രമേ ഇനി മുഖ്യമന്ത്രി ഡൽഹിയിൽ പരിപാടികളിൽ പങ്കെടുക്കൂ. ഇവിടെ കേന്ദ്ര പൊലീസിന്റെ അടക്കം മതിയായ സുരക്ഷയുണ്ട്. പുറത്തൈ വേദികളിൽ അക്രമിക്കപ്പെടാൻ സാധ്യത ഏറെയാണെന്നാണ് പൊലീസ് റിപ്പോർട്ട്.

2016ൽ ഭോപ്പാലിൽ പൊതുചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് പിണറായി വിജയനെ പൊലീസ് തന്നെ തടഞ്ഞിരുന്നു. പൊലീസ് മേധാവി നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയോട് ഖേദപ്രകടനം നടത്തിയത്. പിന്നീട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പിണറായിയെ നേരിട്ട് ഫോണിൽ വിളിച്ച് ഖേദം അറിയിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും മുഖ്യമന്ത്രിയെ കാണാനെത്തി. സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് ഭോപ്പാലിൽ മലയാളി സംഘടനകൾ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മധ്യപ്രദേശ് പൊലീസ് പിണറായി വിജയന് മുന്നറിയിപ്പ് നൽകിയത്. ആർഎസ്എസ് പ്രതിഷേധത്തിന് സാധ്യത ചൂണ്ടിക്കാണിച്ചായിരുന്നു മുന്നറിയിപ്പ്.

ഭോപ്പാൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലായിരുന്നു പരിപാടി. ഇങ്ങോട്ടുള്ള യാത്രാമധ്യേ ഭോപ്പാൽ പൊലീസ് ഉദ്യോഗസ്ഥർ പരിപാടി ഒഴിവാക്കാൻ ഉന്നതതല നിർദ്ദേശമുള്ളതായി പിണറായിയെ അറിയിച്ചത്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും പൊലീസ് വ്യക്തമാക്കി. അന്ന് പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് പിണറായി ചടങ്ങ് ഒഴിവാക്കുകയായിരുന്നു. ഇത് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തെ വേദികൾ കരുതലോടെ തെരഞ്ഞെടുക്കാനാണ് തീരുമാനം.

ഡൽഹിയിലെ ഭരണം ആംആദ്മിക്കാണെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നത് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ ബിജെപിക്കാർ പ്രതിഷേധത്തിന് എത്തിയാൽ മതിയായ സുരക്ഷ കിട്ടില്ലെന്നാണ് വിലയിരുത്തൽ. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലും കരുതലോടെ മാത്രമേ പിണറായി ഇനി പരിപാടികളിൽ പങ്കെടുക്കൂവെന്നാണ് സൂചന.