തിരുവനന്തപുരം: ഓഖിയിലും പ്രളയത്തിലും കേന്ദ്രം ഒന്നും തന്നില്ലെന്നാണ് കേരളത്തിന്റെ കുറ്റപ്പെടുത്തൽ. കേന്ദ്ര അവഗണനയ്‌ക്കെതിരെ നിരന്തര പോരാട്ടത്തിലാണ് കേരള സർക്കാർ. എന്നാൽ കേന്ദ്രം അനുവദിച്ച പല പദ്ധതികളുടേയും തുക അനാസ്ഥ മൂലം കേരളത്തിന് വാങ്ങിയെടുക്കാനാകുന്നില്ലെന്നതാണ് വസ്തുത. ഈ വിഷയങ്ങളിൽ വലിയ ചർച്ച സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. കേന്ദ്രത്തെ കുറ്റം പറയാതെ പണിയെടുക്കാൻ കേരളാ സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യം.

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന്റെ വികാസത്തിനായി ഗവേഷണകേന്ദ്രം ഉൾപ്പെടെ സ്ഥാപിക്കാൻ കേന്ദ്രം 125 കോടി രൂപ അനുവദിച്ചെങ്കിലും എവിടെ കേന്ദ്രം സ്ഥാപിക്കണമെന്നു പോലും തീരുമാനിക്കാതെ സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തുക കേരളത്തിന് നഷ്ടമാകാനാണ് സാധ്യത.നഗര പ്രദേശത്തു സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവർക്കുള്ള പ്രധാനമന്ത്രി ഭവന പദ്ധതിയിൽ (പിഎംഎവൈനഗരം) സംസ്ഥാനത്തിനു 25,000 വീടുകൾ കൂടി ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതിനും സർക്കാർ ഒന്നും ചെയ്യുന്നില്ല. പ്രളയത്തിൽ തകർന്ന പ്രദേശങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനവും കേരളം നൽകുന്നില്ല. ഇ്ങ്ങനെ കേരളത്തിന് അർഹതപ്പെട്ടതു പോലും കേന്ദ്രത്തിന് നൽകാനാവാത്ത സ്ഥിതിയാണുള്ളത്.

തമിഴിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചപ്പോൾ 50 ഏക്കർ സ്ഥലവും കെട്ടിടങ്ങളും നൽകിയാണ് അവിടത്തെ സർക്കാർ കേന്ദ്രതീരുമാനത്തെ വരവേറ്റത്. തെലുങ്ക്, കന്നട ഭാഷകൾക്കു ശ്രേഷ്ഠപദവി ലഭിച്ചപ്പോഴും അവർ അതിവേഗം ഒരുക്കങ്ങൾ പൂർത്തിയാക്കി. എന്നാൽ മലയാളത്തിനായി കേരള സർക്കാർ ഒന്നും ചെയ്തില്ല. 2013 മെയ്‌ 23 നാണ് മലയാളത്തിനു ശ്രേഷ്ഠപദവി ലഭിച്ചത്. ഈ തീരുമാനത്തിനെതിരെ തമിഴ്‌നാട് സ്വദേശി ആർ. ഗാന്ധി ചെന്നൈ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനാൽ അന്നത്തെ സർക്കാരിനു തുടർനടപടികളിലേക്കു കടക്കാനായില്ല. 2016 ജൂലൈ എട്ടിന് ആ ഹർജി തള്ളിയതോടെ തടസ്സം നീങ്ങി. തുടർന്ന് പദ്ധതിയുടെ ചുമതലയുള്ള മൈസൂരുവിലെ സെന്റർ ഫോർ ക്ലാസിക്കൽ ലാംഗ്വേജസ് അധികൃതർ ഗവേഷണ കേന്ദ്രത്തിനു സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്ഥലം ലഭ്യമാക്കിയാൽ അവിടെ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം 100 കോടി രൂപ ചെലവഴിക്കും. പ്രവർത്തനച്ചെലവിനായി വർഷം അഞ്ചുകോടി വീതവും നൽകും. 2013 മുതലുള്ള ഈ തുക ഒരുമിച്ച് അനുവദിക്കും. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള രാജ്യത്തെ എല്ലാ സർവകലാശാലകളിലും മലയാളം ചെയർ സ്ഥാപിക്കുമെന്നും അവർ അറിയിച്ചു. കേരളം മറുപടി നൽകാത്തതിനാൽ സെന്റർ ഡയറക്ടർ ഉൾപ്പെടെയുള്ളവർ കേരളത്തിലേക്കു വന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സാധിക്കാതെ അവർ മന്ത്രി സി. രവീന്ദ്രനാഥുമായാണു ചർച്ച നടത്തിയത്. മലയാളം സർവകലാശാലയുടെ ആസ്ഥാനമായ തിരൂരിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനാണു രാഷ്ട്രീയ തീരുമാനമെന്നു മന്ത്രി അറിയിച്ചു. സംഘം തിരൂരിൽ പരിശോധന നടത്തിയെങ്കിലും വേണ്ടത്ര സ്ഥലമില്ലെന്നു വിലയിരുത്തി. മാത്രമല്ല, ലൈബ്രറി സൗകര്യവുമില്ല.

അവർ സ്വന്തം നിലയ്ക്കു നടത്തിയ അന്വേഷണത്തിൽ കഴക്കൂട്ടം മേനംകുളം ഇന്റർനാഷനൽ സ്‌കൂൾ ഓഫ് ദ്രവീഡിയൻ ലിങ്വിസ്റ്റിക്‌സ് (ഐസ്ഡിഎൽ) ക്യാംപസ് ഗവേഷണ കേന്ദ്രത്തിനു യുക്തമാണെന്ന് അഭിപ്രായപ്പെട്ടു. ഇവിടെ 27 ഏക്കർ സ്ഥലം ഉണ്ട്. മാത്രമല്ല, തിരുവനന്തപുരത്തെ മികച്ച ലൈബ്രറികൾ ഉപയോഗപ്പെടുത്താനുമാകും. എന്നാൽ ശ്രേഷ്ഠഭാഷാ കേന്ദ്രം സ്ഥാപിക്കാമെന്നും ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കാസർകോട് കേന്ദ്ര സർവകലാശാല ഇപ്പോൾ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ കേരളത്തിന്റെ പിടിപ്പുകേട് കൊണ്ട് കോടികൾ നഷ്ടമാകുന്നു.

പധാനമന്ത്രി ഭവന പദ്ധതിയിൽ (പിഎംഎവൈനഗരം) സംസ്ഥാനത്തിനു 25,000 വീടുകൾ കൂടി ലഭിക്കാൻ വിശദമായ പ്രൊജക്ട് (ഡിപിആർ) അടുത്ത മാസം കേന്ദ്ര സർക്കാരിനു നൽകേണ്ടതുണ്ട്. എന്നാൽ റിപ്പോർട്ട് മാത്രം കൊടുക്കുന്നില്ല. കൂടുതൽ വീടുകൾ നൽകാൻ കേന്ദ്രം തയാറാണെങ്കിലും അതിനായി പദ്ധതി രേഖ സമർപ്പിച്ചില്ലെന്ന ആരോപണത്തെത്തുടർന്നു മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ നടന്ന നഗരസഭാ അധ്യക്ഷന്മാരുടെ യോഗത്തിലാണു തുടർനടപടിക്കു തീരുമാനം. ഈ സാമ്പത്തിക വർഷം കേരളം മാത്രമാണു ഡിപിആർ നൽകാത്തത്. 10 വർഷത്തിനുള്ളിൽ നഗരങ്ങളിൽ നടപ്പാക്കിയ 5 ഭവന പദ്ധതികളിലായി മൊത്തം 53,337 വീടുകളാണു സംസ്ഥാനത്തു പൂർത്തിയാക്കിയത്.

പിഎംഎവൈയിൽ രണ്ടു വർഷംകൊണ്ടു 10,000 വീടു പൂർത്തിയാക്കി പദ്ധതി നടത്തിപ്പിൽ കേരളം ഒന്നാം സ്ഥാനം നേടി. 'ലൈഫു'മായി യോജിപ്പിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ ഇതുവരെ 82,487 വീടുകൾ സംസ്ഥാനത്തിന് അനുവദിച്ചു. മാർച്ചിനുള്ളിൽ 40,000 കൂടി പൂർത്തിയാക്കുകയാണു ലക്ഷ്യം.