- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് മടിക്കില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളെ സേവിക്കാൻ നിയമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ മലയാളത്തിൽ ആശയവിനിമയത്തിന് കഴിവുള്ളവരാകണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മലയാളദിന സന്ദേശം ഓൺലൈനിൽ നൽകുകയായിരുന്നു അദ്ദേഹം.
ഇംഗ്ലിഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഒഴികെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ അവർക്കു ബാധ്യതയുണ്ട്. ഈ വ്യവസ്ഥകൾ കർശനമായി പാലിക്കാനാണു നിർദേശമെന്നും എന്നാൽ ചില വകുപ്പുകൾ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്കു മാതൃഭാഷാ പഠനം ഉറപ്പുവരുത്താനാണ് 2017ൽ മലയാള ഭാഷാ പഠന നിയമം പാസാക്കിയത്. സർക്കാർ ഓഫിസുകളിൽനിന്നു കത്തും ഉത്തരവും മലയാളത്തിൽ ലഭിക്കുക എന്നതു ഭാഷാപരമായ അവകാശമാണ്. ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാളരൂപം ചേർത്തു ഭരണമലയാളം എന്ന ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയാറാക്കിയിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റുകളിലെ വിവരം മലയാളത്തിലും ലഭ്യമാക്കും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ