കോട്ടയം: എംജി സർവ്വകലാശാലയിൽ നടന്ന സംവാദത്തിൽ വിദ്യാർത്ഥിനിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കൻ ശബ്ദത്തിൽ മുഖ്യമന്ത്രി പറയുകയായിരുന്നു.

'നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ കേരള സർക്കാർ നടത്തുന്ന സംവാദ പരിപാടിയിലാണ് വിദ്യാർത്ഥിനിയോട് ക്ഷോഭിച്ചത്. രാവിലെ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ട് വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പറഞ്ഞത്. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയപ്പോൾ, ''ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.'' ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ വിദ്യാർത്ഥികളാണ് ഇന്നത്തെ സംവാദത്തിൽ പങ്കെടുത്തത്. ഇന്നത്തെ പരിപാടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പേജിലെ പോസ്റ്റ് ഇങ്ങനെ: പുതിയ ആശയങ്ങൾ - പുത്തൻ പ്രതീക്ഷകൾ, അർത്ഥപൂർണ്ണമായ രണ്ട് സംവാദങ്ങൾക്ക് ശേഷം ഇന്ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ്. പുതിയ കുറെ കാര്യങ്ങൾ പഠിക്കാനും, വികസനം പുതിയ തലത്തിൽ എത്തിക്കാനുമുള്ള ഒട്ടനവധി നിർദ്ദേശങ്ങൾ യുവത്വത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

നാലര വർഷം കൊണ്ട് കേരളത്തിന്റെ വികസന മേഖലയ്ക്ക് അടിത്തറ ഇട്ടുകഴിഞ്ഞു. ഇനിയൊരു കുതിച്ചു ചാട്ടമാണ്. ആ കുതിച്ചു ചാട്ടത്തിൽ കേരള യുവത്വവും ഒപ്പമുണ്ടാകും. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി ഇവിടെയാണ്.

അതെ സമയം മുഖ്യമന്ത്രിയുടെ രോഷം കലർന്ന പ്രതികരണം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആ വിദ്യാർത്ഥിനിയോട് നല്ല രീതിയിൽ പെരുമാറാമായിരുന്നു എന്നാണ് മിക്ക പേരും പ്രതികരണം അറിയിച്ചത്. അതിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദ്യാർത്ഥികളുമായി സനേഹത്തോടെ സംവദിക്കുന്ന വീഡിയോയും യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.