കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞതവണ നേമം ആയിരുന്നെങ്കിൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകാനാണ് യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും. കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളത്. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യു.ഡി.എഫും ബിജെപിയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തങ്ങൾ, ആരോഗ്യരംഗത്തെ വെല്ലുവിളികൾ, കേന്ദ്രസർക്കാർ സൃഷ്ടിച്ച നോട്ടനിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്റെ പരിമിതമായ അധികാരപരിധിക്കുള്ളിൽ നിന്ന് ബദൽനയം പ്രായോഗികമാണെന്ന് എൽ.ഡി.എഫ് തെളിയിച്ചിട്ടുണ്ട്.

വർഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും എൽ.ഡി.എഫ് ഇനിയും ശക്തിയാർജിക്കേണ്ടതുണ്ട്. കേരളത്തിന്റെ മണ്ണിൽ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞ എടുത്ത ശക്തികളും, ഏതാനും മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ ഘടകക്ഷികളായി പ്രവർത്തിക്കുകയാണ്. മുൻപ് പെയ്ഡ് ന്യൂസ് ഉണ്ടായിരുന്നു.

ഇപ്പോൾ തെരഞ്ഞെടുപ്പിന് മുന്നേത്തന്നെ വിലയ്ക്കെടുത്തുകഴിഞ്ഞിരിക്കുകയാണ്. അത്തരക്കാരുടെ ചുമലിൽ കയറിനിന്ന് ബിജെപിയും യു.ഡി.എഫും ഉയർത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

.കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെങ്കിലും അദ്ദേഹം കാര്യങ്ങൾ മനസിലാക്കാറില്ല. ഒരു കേരളതല യോജിപ്പ് രാഹുൽ ഗാന്ധിയുടെ പാർട്ടിയും ലീഗും ബിജെപിയും ചേർന്ന് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളുവെങ്കിലും, ഇത്തവണ ഒന്നിലധികം സീറ്റുകൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.എൽഡിഎഫ് ഒരു കാര്യം പറഞ്ഞാൽ അത് നടന്നിരിക്കും എന്ന് ഉറപ്പ് ജനങ്ങൾക്കുണ്ട്. ജീവിതാനുഭവത്തിലൂടെ വന്ന വിശ്വാസമാണത്. കടക്കെണിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുന്നിലെന്ന് പറഞ്ഞ് കണക്കുകൾ നിരത്തിയ മുഖ്യമന്ത്രി, പഞ്ചാബിലേയും രാജസ്ഥാനിലെയും കാര്യമാണ് ഉദാഹരണമായി പറഞ്ഞത്.