കണ്ണൂർ: കേരളത്തിന്റെ ക്യാപ്റ്റാനായി വീണ്ടും അധികാരത്തിലെത്തിയ പിണറായി വിജയന് ഊർജ്ജവും കരുത്തും പകർന്നത് അദ്ദേഹത്തിന്റെ ജന്മനാടായ പിണറായി ഉൾപ്പെടെയുള്ള ധർമടം മണ്ഡലമാണ്. പിണം ആറിയ സ്ഥലമായതിനാലാണ് പിണറായിയെന്നന്നു ഈ ഗ്രാമത്തിന് പേരുവരാൻ കാരണമെന്ന് പ്രാചീനരേഖകൾ പറയുന്നു. പിണമെന്നാൽ ചോരയെന്നും ചോരയാറിയ സ്ഥലമായതിനാൽ പിണറായിയെന്നും പിന്നീട് വിളിക്കുകയായിരുന്നു.

കോട്ടയം രാജാവിന്റെ കീഴിലുള്ള പ്രദേശമായിരുന്നു പിണറായി പഞ്ചായത്ത്. കോട്ടയം മലബാർ മുതൽ ധർമ്മടം പഞ്ചായത്തിലെ കോളാട് വരെ നീണ്ടു നിൽക്കുന്ന പ്രദേശത്ത് പതിനായിരത്തോളമായിരുന്നു ജനസംഖ്യ. രണ്ടുകുലങ്ങൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടിയ പ്രദേശം കൂടിയായിരുന്നു ഇത്. ചോര ഒട്ടേറെ വീണതിനാലാണ് പിണറായിയെന്ന പേരുവീണത്. ഇതിന്റെ സ്മാരകമെന്ന പോലെ പിണറായിയിൽ വയലിന്റെ ഭാഗത്ത് അരയാൽ തറയിന്നും അവശേഷിക്കുന്നുണ്ട്. എന്നാൽ പാലിലിപിയിലെഴുതിയ അശോക ശാസനങ്ങൾ പിണറായി ക്ഷേത്രത്തിലെ കല്ലുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുവായിച്ചെടുക്കാൻ എം.ജി. എസ് നാരായണന്റെ നേതൃത്വത്തിലുള്ള ചരിത്ര ഗവേഷകർ ശ്രമിച്ചുവെങ്കിലും സാധിച്ചിട്ടില്ല.

ചരിത്രപരമായി ബുദ്ധമതക്കാരുടെ സ്വാധീനം തൊട്ടടുത്ത ധർമടം പോലെ പിണറായിയിലുമുണ്ടെന്നാണ് നിഗമനം. ബുദ്ധപാരമ്പര്യത്തോടൊപ്പം വൈദ്യവുമായിരുന്നു പിണറായിക്കാരുടെ പ്രത്യേകത. പാനുണ്ട, എരുവട്ടി, കായലോട് എന്നീ സ്ഥലങ്ങളിൽ ഇപ്പോഴും വൈദ്യവൃത്തി ചെയ്യുന്ന ഇവരുടെ പിന്മുറക്കാരുടെ നീണ്ട നിരതന്നെയുണ്ട്. എല്ലാവരും കരുതുന്നതു പോലെ തുടക്കത്തിലേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായിരുന്നില്ല പിണറായി. കോൺഗ്രസിനായിരുന്നു ഇവിടെ ആധിപത്യം.

എന്നാൽ എണ്ണം പറഞ്ഞ കമ്യുണിസ്റ്റുകാരൊക്കെ ആദ്യം കോൺഗ്രസും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റുമാവുകയായിരുന്നു. ആദ്യത്തെ കർഷക സമരം ഇവിടെ നയിച്ചത് കോൺഗ്രസുകാരായിരുന്നു. അന്നത്തെ പിണറായിയിലെ ഏറ്റവും വലിയ കോൺഗ്രസ് നേതാക്കൾ ഭീമൻ കൃഷ്ണനും എൻ. ഇ ബലറാമും പാണ്ട്യാല ഗോപാലനുമൊക്കെയായിരുന്നു. ജന്മിത്വത്തിന്റെ കൊടികുത്തിയ അവതരാമായിരുന്നു അന്നത്തെ കോട്ടയം തമ്പുരാൻ. കുടികിടപ്പുകാരെയും കർഷകരെയും ചുങ്കം ചുമത്തിയും വാരം, പാട്ടം എന്നിങ്ങനെയുള്ള സമ്പ്രദായങ്ങൾ വഴിയും കൊല്ലാതെ കൊന്നിരുന്നു. ഇങ്ങനെനാട്ടിൽ മണ്ണിൽ പണിയെടുക്കുന്നവർ നരകതുല്യമായ ജീവിതമാണ് നയിച്ചത്.

കോട്ടയം തമ്പുരാന്റെ ചൂഷണം ആദ്യ കർഷക പ്രക്ഷോഭമായി

ഇതിനിടെ പ്രകൃതി ദുരന്തമുണ്ടായപ്പോഴും ഇതിനൊട്ടും ശമനമുണ്ടായില്ല. രാജാവിന്റെ കിങ്കരന്മാർ നാട്ടിൽ ചൂഷണം തുടരുന്നതിനായി ജനങ്ങളെ ദ്രോഹിച്ചു. ഒടുവിൽ കോട്ടയം തമ്പുരാന്റെ കൊട്ടാരത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ കർഷക മാർച്ച് നടത്തി. പതിനായിരം കുടികിടപ്പുകാരെയും കൂട്ടി നാടിനെ ഇളക്കി മറിച്ച മാർച്ചായിരുന്നു അത്.

മദിരാശി പട്ടണത്തെ ആ മാർച്ച് ഞെട്ടിച്ചു. കോട്ടയം രാജാവിന്റെ കൊട്ടാരത്തിലേക്ക് മാർച്ച് എത്തുന്നതിന് മുൻപ് ബ്രിട്ടീഷ് പൊലിസ് തടഞ്ഞുവെങ്കിലും അവിടെ കോൺഗ്രസ് നേതാക്കളായ ഭീമൻ കൃഷ്ണൻ, എൻ. ഇ ബാലറാം, പാണ്ട്യാല ഗോപാലൻ തുടങ്ങിയ നേതാക്കൾ നടത്തിയ ചൂഷണത്തിനെതിരെയുള്ള പ്രസംഗം രാജാവിന് താക്കീതായി. എന്നാൽ പിന്നീട് തനിക്ക് ഇത്രയും കുടികിടപ്പുകാരുണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഇനി വേണ്ടവിധത്തിൽ ഇവരിൽ നിന്നെല്ലാം ചുങ്കം പിരിച്ചുകൊള്ളാമെന്നു രാജാവ് പരിഹാസത്തോടെ പറഞ്ഞതായി ചരിത്രകാരന്മാർ പറയുന്നു.

ജന്മിത്വത്തിനെ നേരിടാൻ കോൺഗ്രസിന് വീര്യം പോരെന്ന തോന്നൽ ശക്്തമായതോടെയാണ് കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുമായി മാറുന്നത്. എ.കെ.ജി, ഇ. എം. എസ്, പി.കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ. ഇ ബാലറാം തുടങ്ങി ഒട്ടേറെ നേതാക്കൾ പുതിയ ഗ്രൂപ്പിന്റെ നേതൃനിരയിലേക്ക് വന്നു. അങ്ങനെ 1939-പിണറായിക്കടുത്തെ പാറപ്രത്ത് ആദ്യമായി കമ്യുണിസ്റ്റ് പാർട്ടി ആശയക്കാരുടെ യോഗം ചേർന്നു. അവിടെ ഉത്പതിഷ്ണുക്കളായ യുവാക്കൾ നടത്തിയിരുന്ന വിവേകാനന്ദ വായനശാലയിലായിരുന്നു യോഗം ചേർന്നത്. ആ ചെറിയ കെട്ടിടമിന്ന് അവിടെയില്ല. പകരം ചരിത്രസ്തൂപമാണുള്ളത്.

ഹിന്ദുമഹാസഭയും തിരുവങ്ങാടും

എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിരൂപീകരണത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ ബ്രിട്ടീഷ് പൊലിസ് കർഷക സമരത്തെ ശക്തമായി അടിച്ചമർത്താനും തുടങ്ങി. ഇതിനിടെ 1925-കളിൽ തന്നെ തലശേരി താലൂക്കിൽ ആർ. എസ്. എസിന്റെ പൂർവ്വ രൂപമായ ഹിന്ദുമഹാസഭയും പ്രവർത്തനമാരംഭിച്ചിരുന്നു. തലശേരി തിരുവങ്ങാടായിരുന്നു ഇവരുടെ ആസ്ഥാനം. മഹാത്മഗാന്ധിയുടെ വധത്തെ തുടർന്ന് തിരുവങ്ങാട്ടെ ഹിന്ദുമഹാജനസഭയിലേക്ക് മാർച്ചു നടത്തി അവിടെ കാര്യാലയത്തിലുള്ള ദണ്ഡടക്കമുള്ള ഉപകരണങ്ങൾ തിരുവങ്ങാട് അമ്പലത്തിലെ കുളത്തിൽ വലിച്ചെറിഞ്ഞു. ഈ സംഭവത്തിൽ ബ്രിട്ടീഷ് കോടതി എൻ. ഇ ബലറാമിനെയടക്കം ശിക്ഷിച്ചിരുന്നു. പിന്നീട് ഹിന്ദുമഹാജനസഭ ആർ. എസ്. എസായി മാറുകയും തലശേരി താലൂക്കിൽഅവരുടെ സ്വാധീനകേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തു.

ഇതോടെയാണ് തലശേരിയിൽ ഇന്നുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ പൂർവരൂപവും പൊട്ടിപ്പുറപ്പെടുന്നത്. 1975ലെ അടിയന്തിരാവസ്ഥവരെ തലശേരിയിലും പിണറായിലുമൊക്കെ ശക്തിയേറിയ പാർട്ടിയായി കോൺഗ്രസ് നിലകൊണ്ടുവെങ്കിലും പാർട്ടി നേരിട്ട പിളർപ്പുകളും ആഭ്യന്തര കലാപങ്ങളും പലയിടങ്ങളിൽ ദുർബലമാക്കി കൊണ്ടിരുന്നു. എന്നാൽ മറുവശത്താകട്ടെ കർഷക സമരങ്ങളിലൂടെ കമ്യൂണിസ്റ്റു പാർട്ടി അടിത്തട്ടിൽ വരെ വേരുറപ്പിക്കാനും തുടങ്ങി.കൃഷ്ണപ്പിള്ളയും എ.കെ ഗോപാലനും ഇ. എം. എസും എൻ. ഇ ബലറാമുമൊക്കെ നടത്തിയ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ കേരളത്തിനാകെ ചുവപ്പിച്ചതു പോലെ കണ്ണൂരിനെയും ചുവപ്പിച്ചു.

എന്നാൽ ഇപ്പോഴും പിണറായിയിൽ പലയിടങ്ങളിലും കോൺഗ്രസിന് വ്യക്തമായ സ്വാധീനമുണ്ട്. ധർമടം മണ്ഡലത്തിലെ മമ്പറം പോലുള്ള ഭാഗങ്ങൾ കോൺഗ്രസ് ഭൂരിപക്ഷ മുള്ള പ്രദേശങ്ങളാണ്. പാനുണ്ട, പുത്തൻങ്കണ്ടമടക്കമുള്ള പ്രദേശങ്ങളിൽ ആർ. എസ്. എസിനും മേധാവിത്വമുണ്ട്. പിണറായിയിലെ ആദ്യ തലമുറയ്ക്കു ശേഷമുയർന്നു വന്ന രണ്ടാം തലമുറയിലെ നേതാക്കളിലൊരാളാണ് വിദ്യാർത്ഥി യൂനിയനിലൂടെയും കെ. എസ്.വൈ.എഫിലൂടെയും ഉയർന്ന പിണറായി വിജയൻ.

പിണറായി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ

ദീർഘകാലം പിണറായി പഞ്ചായത്ത് പ്രസിഡന്റുമാരിലൊരാളായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ ശിഷ്യന്മാരിലൊരാളായാണ് തുടക്കം. ബ്രണ്ണനിൽ പഠിക്കവേ ചടുലമായ പ്രവർത്തനശൈലികൊണ്ടു നേതൃനിരയിലേക്കുയർന്ന പിണറായിയുടെ പാർട്ടിയിലേ വളർച്ച എം.വിരാഘവൻ സി.പി. എമ്മിൽ നിന്നും പുറത്തായപ്പോഴാണ്. പാർട്ടിയിലെ അടിയൊഴുക്കു തടയാൻ ഇ. എം. എസിന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ ജില്ലാസെക്രട്ടറിയായതോടെ പിണറായി കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന നേതാവുമായി.

ഇപ്പോൾ കണ്ണൂരിൽ നിന്നും കെ.കരുണാകരനും ഇ.കെ നായനാർക്കും ശേഷം രണ്ടാമത് മുഖ്യമന്ത്രി പദവി ലഭിക്കുന്ന മൂന്നാമത്തെ നേതാവായി പിണറായി മാറിയിരിക്കുകയാണ്. തന്റെ പേരിനു മുൻപിലെ പിണറായിയെന്ന ഗ്രാമത്തിന്റെ പേര് നൽകുന്ന ഊർജ്ജവും ശക്തിയും ചെറുതല്ലെന്നു അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു നേതാവിലേക്ക് ദേശത്തിന്റെ പേര് ചുരുക്കപ്പെടുമ്പോഴും ആരുമറിയാത്ത പോരാട്ടങ്ങൾ അടിത്തട്ടിലൊളിപ്പിച്ചിട്ടുണ്ട് പിണറായി ഗ്രാമം.