തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റാൻ ഹിന്ദിയിൽ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സ്ഥാപനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

സോഷ്യൽമീഡിയ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുമ്പോൾ തൊഴിൽ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും സർക്കാറിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷനായി കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങൾക്കായി സംസ്ഥാന തലത്തിൽ ടോൾ ഫ്രീ നമ്പർ ഒരുക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സർക്കാർ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നൽകി.