തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം.

യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.