കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയിൽ താൽപ്പര്യം കാട്ടാതെ കസ്റ്റംസും എൻഐഎയും. ഈ രണ്ട് ഏജൻസികളും കേരളത്തിലെ സ്വർണ്ണ കടത്ത് വിഷയത്തിൽ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഇതിന് പിന്നിൽ ചില ഇടപെടലുണ്ടെന്ന സംശയം ശക്തമാണ്. അതിനിടെ നയതന്ത്രസ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുതിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) കൈമാറി. വിശദ പരിശോധന നടത്തിയശേഷം തുടരന്വേഷണവും ചോദ്യംചെയ്യലുമടക്കമുള്ള കാര്യങ്ങളിൽ ഇ.ഡി. അന്വേഷണസംഘം തീരുമാനമെടുക്കും.

മുഖ്യമന്ത്രിയെയും കുടുംബത്തെയുംകുറിച്ച് രഹസ്യമൊഴിയിൽ പരാമർശിച്ചിട്ടുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ ചോദ്യംചെയ്യൽ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം. ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡിയുടെ പ്രവർത്തനം. എങ്കിലും ഈ രഹസ്യമൊഴിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേയും ഉപദേശം തേടും. ഇത് കസ്റ്റംസിനേയും എൻഐഎയേയും വെട്ടിലാക്കുകയും ചെയ്യും. മുമ്പ് കസ്റ്റംസിന് നൽകിയ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ ഇഡിക്കും കിട്ടിയത്. എന്തുകൊണ്ട് കസ്റ്റംസ് അത് പരിശോധിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം.

കസ്റ്റംസിന് ഒന്നരവർഷം മുമ്പാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. അതേ മൊഴികൾതന്നെയാണോ ഇ.ഡി. കേസിലും നൽകിയിരിക്കുന്നത് എന്നതിലായിരിക്കും പ്രാഥമിക പരിശോധന. സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ പലതിലും തെളിവില്ലെന്ന കാരണത്താൽ കസ്റ്റംസ് സംഘം അന്വേഷണം നടത്തിയിട്ടില്ല. എന്നാൽ, ഇ.ഡി.ക്ക് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറച്ചുകൂടി വിപുലമായ അധികാരപരിധിയുണ്ട്. കസ്റ്റംസിനെ വെട്ടിലാക്കാൻ കൂടി വേണ്ടിയാണ് രഹസ്യമൊഴിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പിനെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള നീക്കം. ഫലത്തിൽ കസ്റ്റംസിന് എന്തുകൊണ്ട് പലതും വിട്ടുകളഞ്ഞു എന്നതിന് കേന്ദ്ര സർക്കാരിനോട് വിശദീകരിക്കേണ്ടി വരും.

സുരക്ഷസംബന്ധിച്ച സ്വപ്നയുടെ ആവശ്യത്തിന്മേൽ രഹസ്യമൊഴി പരിശോധിച്ചശേഷമാവും ഇ.ഡി. തീരുമാനമെടുക്കുക. ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സ്വപ്നയ്ക്ക് നിലവിൽ സുരക്ഷ നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ, രഹസ്യമൊഴി പരിശോധിച്ചശേഷം സ്വപ്ന നിർണായകസാക്ഷിയോ മാപ്പുസാക്ഷിയോ ആയി മാറാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് സുരക്ഷ നൽകണമെന്ന് ഇ.ഡി.ക്ക് കോടതിയോട് ആവശ്യപ്പെടാനാവുക. ഇതിലും കേന്ദ്ര സർക്കാർ മനസ്സ് അനുകൂലമാകും. അതിനിടെ പരിവാറിലെ പ്രമുഖനായ നേതാവിനെ കാര്യങ്ങൾ നിരീക്ഷിക്കാൻ അമിത് ഷാ നിയോഗിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

സ്വപ്‌നയുടെ മൊഴിപ്പകർപ്പു പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രിയും കുടുംബവും കൂട്ടാളികളും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ദേശവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം സ്വപ്ന ആവർത്തിച്ചു. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണം. ഷാജ് കിരണും എഡിജിപി വിജയ് സാഖ്‌റെയും കൊച്ചിയിൽ 45 മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും ഈ കൂടിക്കാഴ്ചയിലാണ് തനിക്കെതിരായ ഗൂഢാലോചന ഉണ്ടായതെന്നും ആരോപിക്കുന്നു. ഇതും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

മുന്മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നയതന്ത്ര ബാഗേജ് കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ എത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന് കാട്ടി ജലീൽ നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.

ജലീൽ ചെയ്ത കുറ്റത്തെക്കുറിച്ച വസ്തുതകൾ വെളിപ്പെടുത്തുന്നത് തടയാനാണ് പരാതി നൽകുകയും അതിന് പിന്നാലെ കേസെടുക്കുകയും ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. ഗൂഢാലോചന, കലാപമുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നക്കെതിരെ പൊലീസ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ടോ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതുകൊണ്ടോ ഇങ്ങനെയൊരു കുറ്റം ചുമത്താനാവില്ല.

രാഷ്ട്രീയ പ്രതിഷേധങ്ങളെ കലാപ ശ്രമമായാണ് പൊലീസ് ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനിനെറ്റോ എന്നിവർക്കു പുറമേ പല ഉദ്യോഗസ്ഥരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ഈ വസ്തുതകളെല്ലാം വ്യക്തമാക്കി മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ ഇരകൾക്ക് സംരക്ഷണം നൽകാനുള്ള 2018 ലെ വിക്ടിം പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം സംരക്ഷണത്തിന് അർഹതയുണ്ട്. ഇതനുസരിച്ച് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് നൽകിയ അപേക്ഷയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കോടതി രേഖകളുടെ ഭാഗമായിക്കഴിഞ്ഞ സത്യവാങ്മൂലം പൊതുരേഖയായതിനാൽ അതിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമല്ലെന്നും ഹരജിയിൽ പറയുന്നു. നേരത്തേ കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്നയും പി.എസ്. സരിതും നൽകിയ ഹരജികൾ കോടതി തള്ളിയിരുന്നു.