തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിന്റെ എഫ് ഐ ആർ പുറത്ത്. ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത്ത് നാരായണൻ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. മൂന്നാം പ്രതി സുനിത് കുമാർ ഒളിവാണ്.

'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. രാഷ്ട്രീയ വിരോധം മൂലം മൂന്ന് പ്രതികളും മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ഗൂഢാലോചന നടത്തി, വിമാനത്തിൽ സുരക്ഷാ ഭീഷണിയുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥനെ ദേഹോപദ്രവം ചെയ്തു, കൃത്യനിർവ്വഹണം തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളും എഫ്ആറിലുണ്ട്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത്. 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ ഇവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തള്ളിമാറ്റിയിരുന്നു. കൈയേറ്റത്തിന് സമാനമായിരുന്നു ഈ മർദ്ദനം. എന്നാൽ ഈ വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നുയെന്ന് പറഞ്ഞതാണ് ഇവർ വിമാനത്തിൽ കയറിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം പെടുത്തി. ആരേയും തടയേണ്ടെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി അവർക്ക് നൽകിയത്. അങ്ങനെയാണ് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ എത്തിയത്.

പ്രതിഷേധക്കാർ മദ്യപിച്ചിരുന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ ആരോപണം. അതേസമയം, പ്രതിഷേധിച്ചവർ മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായിരുന്നില്ല. മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാൽ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നു പ്രതിഷേധക്കാരിൽ ഒരാളായ ഫർസീൻ മജീദ് പ്രതികരിച്ചിരുന്നു. ഇതിലൂടെ തന്നെ ഇപി പറഞ്ഞത് നുണയാണെന്ന് വരികയാണ്.

എഫ് ഐ ആറിൽ ഗുരുതര ആരോപണമാണുള്ളത്. ഇത് ശരിയാണെങ്കിൽ പൊലീസിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ച മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിൽ സംഭവിച്ചുവെന്നതാണ് വസ്തുത.