തിരുവനന്തപുരം:വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാമതിൽ വർഗസമര കാഴ്ചപ്പാടിനു എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിൽ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ തത്വം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്.

വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു.സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയർന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റ് യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമർശം നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല.

വനിതാ മതിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്താനാണെന്നും ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് തന്നെയാണ് നിലപാടെന്നുമായിരുന്നു പങ്കെടുക്കുന്ന പ്രധാന സംഘടനകളിലൊന്നായ എസ്എൻഡിപി വ്യക്തമാക്കിയത്. ഇതേ രീതിയിൽ സർക്കാർ സംവിധാനങ്ങളിൽ നടത്തിയ യോഗങ്ങളിലും ശബരിമല വിഷയം പരാമർശിച്ചിരുന്നില്ല.

വിധി വന്നയുടനെ അത് നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചവർത്തന്നെ പിന്നീട് അതിനെതിരായി രംഗത്തുവന്നു. ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകൾ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒപ്പം ഇതിന്റെ മറവിൽ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളി ച്ചുകൊണ്ട് സ്ത്രീകൾ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രചാരവേലകളും ഉയർന്നുവന്നു. ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചാര വേലകൾ ഉയർത്തികൊണ്ടുവന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹിന്ദുമതവിഭാഗങ്ങളിൽ നവോത്ഥാന മുദ്രാവക്യങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമുള്ള സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്തത്. നവോത്ഥാന ആശയങ്ങൾക്കും സ്ത്രീ-പുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന ആശയം ഈ യോഗത്തിൽ ഉയർന്നുവന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉയർന്നു വന്ന ആശയമായിരുന്നു വനിതാ മതിലിന്റേത്- മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലിനെ പിന്തുണയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസമരമെന്ന കാഴ്ചപാടിന് വിരുദ്ധമാണെന്ന വാദം തെറ്റാണെന്നും പിണറായി ചൂണ്ടിക്കാട്ടി. വർഗസമരത്തിന്റെ ഭാഗമെന്ന നിലയിലാണ് സാമൂഹ്യമായ അവശതകളുടെ പ്രശ്‌നങ്ങളെ കമ്മ്യൂണിസ്റ്റുകാർ കാണുന്നത്. ജാതീയമായ അടിച്ചമർത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലക്കൊള്ളുക എന്നതും അതുകൊണ്ടു തന്നെ വർഗസമരത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീവിമോചനം സാമൂഹ്യ വിമോചനത്തിന്റെ ഭാഗംതന്നെയാണ് എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.