തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ നാവിൽനിന്ന് വരുന്നത് കേട്ടാൽ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കാലാനുസൃതമായ മാറ്റം പൊലീസ് സേനയിൽ ഉണ്ടാകുന്നില്ലെന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പറഞ്ഞു.

എസ്‌ഐമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. രാജ്യം സ്വതന്ത്രമായെങ്കിലും വലിയ മാറ്റങ്ങൾ പൊലീസ് സേനയിൽ ഉണ്ടായിട്ടില്ല എന്നത് അനുഭവമാണ്. പഴയതിന്റെ ചില തികട്ടലുകൾ അപൂർവ്വം ചിലരിൽനിന്ന്, വളരെ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉണ്ടാകുന്നത് പൊലീസ് സേനയ്ക്കാണ് കളങ്കമുണ്ടാക്കുന്നത്.

സാധാരണഗതിയിൽ കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ ഉതിർക്കാനുള്ളതല്ല പൊലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണം, മുഖ്യമന്ത്രി പറഞ്ഞു. കോവിഡിലും പ്രളയകാലത്തുമായി ജനങ്ങളുമായി അടുത്ത് നിൽക്കാൻ പൊലീസിന് കഴിഞ്ഞു. എന്നാൽ പിന്നീട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നത് സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സേനയുടെ പരിശീലനത്തിലടക്കം വരേണ്ട മാറ്റമാണ്. പരിശീലന സമയത്ത് ലഭിക്കുന്ന സ്വഭാവത്തിൽനിന്ന് പൊലീസുകാർ പിന്നീട് മാറുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളെ വിരട്ടിയോടിക്കുന്ന പഴയ രീതിയിൽനിന്ന് പൊലീസിന് പിന്നീട് മാറ്റംവന്നിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊലീസ് നടപടികൾക്കെതിരെ അടുത്തകാലത്തായി വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിനിടെയാണ് മുക്യമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.