- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്കമിട്ട ഒന്നിൽ നിന്നും സർക്കാർ പിന്നോട്ടില്ല, കിഫ്ബിക്കെതിരേ സാഡിസ്റ്റുകൾ; കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആഗ്രഹം; സിഎജിയെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി; സിഎജി ശ്രമം വിവാദം ഉണ്ടാക്കാനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും
തിരുവനന്തപുരം: കിഫ്ബിക്കെതിരെ രംഗത്തെത്തിയ സിഎജിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരേ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടർ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അൽപം പുറകോട്ടു പോയാൽ വളരെ സന്തോഷമാണിവർക്ക്. എന്നാൽ തുടക്കം കുറിച്ച ഒന്നിൽ നിന്നും സർക്കാർ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ വിളിച്ചുചേർത്ത ചാൻസലേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഉൾപ്പടെയുള്ള ഏജൻസികൾവഴി ബജറ്റിൽ ഉൾപ്പെടുത്താതെ കൂടുതൽ കടമെടുക്കുന്നത് ബാധ്യതകൾ വർധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ കക്ഷികൾ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
അതേസമയം കിഫ്ബിക്കെതിരായ വാർത്തകൾ ഗോസിപ്പ് വാർത്തകളെന്നും അത് കേരളത്തെ തകർക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സിഎജിയുടെ കരട് റിപ്പോർട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോർട്ട് നിയമസഭയിൽ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണം. ഇതൊന്നും പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവർ ചോർന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമർശന മുയർത്തുന്നത് ശരിയാണോ എന്നും കെഎൻ ബാലഗോപാൽ ചോദിച്ചു.
അതേസമയം സിഎജി റിപ്പോർട്ട് സംബന്ധിച്ച് വിശദീകരണവുമായി കിഫ്ബിയും രംഗത്തുവന്നിരിക്കുന്നത്. സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. സിഎജിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദീകരിക്കുന്നു. സ്പെഷ്യൽ ഓഡിറ്റിലെ ചോദ്യങ്ങൾക്ക് കൃത്യമായി സിഎജിക്ക് മറുപടി നൽകിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
സിഎജി റിപ്പോർട്ടിന് പിന്നാലെ സ്പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ കിഫ്ബി പ്രതിരോധത്തിലായെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ നൽകുന്നത് തുടർപ്രഹരങ്ങളാണെന്നാണ് പുറത്തുവന്ന വിവരം. കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. ബാങ്ക് നിക്ഷേപങ്ങൾ പലിശ നഷ്ടം വരുത്തി തോന്നുംപടി പിൻവലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും. കിഫ്ബി പദ്ധതികളുടെ കാലതാമസവും എന്തിനേറെ ദൈനംദിന ചെലവുകളിലെ വീഴ്ചകൾ വരെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉയർത്തുന്നു. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല.
വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഗുരുതരമായ പ്രശ്നങ്ങളാണ് സ്പെഷ്യൽ റിപ്പോർട്ടിൽ മറനീങ്ങിയതെന്നും ബിജെപി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ