- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, അത് നേതാക്കൾ മനസ്സിലാക്കണം; മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടില്ല; നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും; പ്രളയകാലത്ത് തന്ന അരിക്ക് 'അണപൈ' കണക്കുപറഞ്ഞ് കാശുവാങ്ങി; പടിക്ക് പുറത്ത് നിർത്തേണ്ടവരെ ജനം പുറത്ത് തന്നെ നിർത്തും; മോദിക്ക് മറുപടിയുമായി പിണറായി
കണ്ണൂർ: തെരഞ്ഞെടുപ്പു പ്രചരണത്തിന് കേരളത്തിൽ എത്തിയപ്പോൾ കടുത്ത വിമർശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇത് അവരുടെ അഖിലേന്ത്യ നേതാക്കൾ മനസ്സിലാക്കണം. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും പിണറായി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായതുകൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്‌ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വർഗീയതക്ക് കീഴ്‌പ്പെടുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാർ എല്ലാ കാലത്തും നടത്തിയത്.
മത്സ്യത്തൊഴിലാളികൾ ത്യാഗനിർഭരമായി പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക് പറഞ്ഞ് കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവർ ഇവിടെ വന്ന് സംസാരിക്കുമ്പോൾ ആളുകൾ അത് തിരിച്ചറിയും. കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ ഇവിടെ വന്നു പറഞ്ഞത് ഓർത്തുകൊണ്ടാകും പ്രധാനമന്ത്രി കോന്നിയിലെ പൊതുയോഗത്തിൽ ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നേരത്തെ ബിജെപിക്ക് ഉണ്ടായിരുന്ന വോട്ടുപോലും ഇത്തവണ അവർക്ക് ലഭിക്കില്ല. പ്രധാനമന്ത്രി വരെ വോട്ടുചോദിച്ചെങ്കിലും ഇതാണ് അവസ്ഥയെന്ന് അവരുടെ അഖിലേന്ത്യാ നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായിട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോയെന്നാണ് സംസ്ഥാനത്തെ യുഡിഎഫ് കോൺഗ്രസ് നേതാക്കളും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അദാനിയുമായുള്ള കരാറിൽ പ്രതിപക്ഷ നേതാവ് പച്ചനുണ പ്രചരിപ്പിക്കുകയാണ്. താൻ പിടിച്ച മുയലിന് നാലു കൊമ്പ് എന്ന ചിന്തയാണ് പ്രതിപക്ഷ നേതാവിന്. അദാനിയുമായി കരാറില്ലെന്ന് കെഎസ്ഇബി ചെയർമാൻ തന്നെ വ്യക്തമാക്കിയതാണ്. കരാറുള്ളത് സോളാർ എനർജി കോർപ്പറേഷനുമായിട്ടാണ്. തന്നെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. താൽപ്പര്യം കൊണ്ട് ആളുകൾ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ കോവിഡ് രോഗികളാണ് കേരളത്തിലുണ്ടായത്. പതുക്കെ എണ്ണം വർധിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സാന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം തരംഗത്തിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് കേരളത്തിൽ എത്താൻ സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ തിരക്ക് വലിയതോതിൽ വർധിക്കുന്ന സാഹചര്യമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കൽ സ്വയം ശീലിക്കണം. സ്വയം വളണ്ടിയർമാരായി മാറണം. നാം കാണിച്ച ജാഗ്രതയുടെ ഫലമായാണ് കോവിഡ് വ്യാപനം വല്ലാതെ വർധിക്കാതിരിക്കാൻ ഇടയാക്കിയത്. ആ ജാഗ്രതയിൽ ഇളവു വരാൻ പാടില്ല.
വാക്സിനേഷൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. തെരഞ്ഞെടുപ്പ്, വിശേഷദിവസങ്ങൾ തുടങ്ങിയവയുടെ കാലമാണ്. അതിനാൽ കോവിഡ് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. കോവിഡ് നമ്മുടെ കൂടെയുണ്ടെന്ന ബോധ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ