- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ ശാന്തമായ കടലല്ല; വളരെ സൂക്ഷിക്കേണ്ട കടലാണ്; തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല; ഇടതു തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണം തുടങ്ങി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയത്തിൽ വളരെ സൂക്ഷ്മമമായി കാര്യങ്ങൾ വീക്ഷിക്കുകയും എതിരാളികളെ ഉന്നം വെക്കുകയും ചെയ്യുന്ന നേതാവാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്ന് സർവ്വേകൾ പ്രവചിക്കുമ്പോഴും അതിന് വിഘാതമാകാൻ പോന്ന എതിരാളി ആരാണെന്ന് പിണറായി വിജയൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് വയനാട് എംപി രാഹുൽ ഗാന്ധി തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. രാഹുൽ കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രചരണം ശക്തമാക്കുമെന്ന് ഉറപ്പായതോടെ രാഹുലിനെ ഉന്നംവെച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
രാഹുൽ ഗാന്ധി കടലിൽ കുളിച്ചത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാൽ ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ചുള്ള പിണറായിയുടെ പരിഹാസം.
'അദ്ദേഹം നല്ല ടൂറിസ്റ്റാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകൾ തീർത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകൾ കടലിൽ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്', മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്മെന്റിന് ഗുണമുണ്ടായെന്നും പിണറായി പരിഹസിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല. പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ബംഗാളിൽ തൃണമൂലും, ബിജെപിയുമാണ് നേർക്കുനേർ പോരാട്ടത്തിൽ. കോൺഗ്രസ്-സിപിഎം സഖ്യം കാഴ്ചക്കാരുടെ റോളുകളിലാണ് പല മണ്ഡലങ്ങളിലും. കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ്. അധികാരത്തിൽ തിരിച്ചുവരേണ്ടത് മറ്റെന്തിനേക്കാളും പ്രധാനവും. രാഹുലിന്റെ കേരള സന്ദർശനം മലയാളിമനസിൽ കയറിയെന്ന വിലയിരുത്തിയതുകൊണ്ടാവണം പ്രചാരണ നേതൃത്വം അദ്ദേഹം ഏറ്റെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടാൻ കാരണം. പുതുച്ചേരി കൂടി കൈയിൽ നിന്ന് പോയതോടെ ഇനി നോക്കിനിൽക്കാനാവില്ല. ഇതോടെയാണ് രാഹുൽ കേരളത്തിൽ നിറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ പതിനഞ്ച് ദിവസത്തെ പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്ക ഗാന്ധിയെയും കേരളത്തിലെത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. നേരത്തെ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താനാണ് ആലോചിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രാഹുൽ ഗാന്ധിയിലേക്ക് വഴിമാറി. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള ഫേസ്ബുക്ക് ഫ്രെയിം പ്രചരണം കോൺഗ്രസ് ഇപ്പോഴെ ആരംഭിച്ച് കഴിഞ്ഞു,
നിലമ്പൂരിൽ ചോലനായ്ക്കർ ഉൾപ്പെടെ ആദിവാസി വിഭാഗത്തിലുള്ളവരെയും കൊല്ലത്തു മത്സ്യത്തൊഴിലാളികളെയും രാഹുൽ നേരിൽ കണ്ടതും വെറുതയല്ല. യുഡിഎഫിന് ഒരു ജനകീയ മാനിഫെസ്റ്റോ തയാറാക്കുന്നതിന് മുന്നോടിയാണ് ഇത്. കടൽ യാത്രക്കിടെയും രാഹുൽ ചോദിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങളാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഗൗരവമേറിയ സമീപനം യുഡിഎഫ് സ്വീകരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ശശി തരൂർ നടത്തുന്ന സംവാദങ്ങളും 140 നിയോജക മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ വിളിക്കാനുള്ള യുഡിഎഫ് തീരുമാനവും രാഹുലിന്റെ നിർദ്ദേശപ്രകാരമായിരുന്നു.
ഭരണവിരുദ്ധ വികാരമില്ലെന്ന് ആണയിടുന്ന എൽഡിഎഫ് സർക്കാർ വരും തിരഞ്ഞെടുപ്പിനെയും നേരിടുന്നത് തീർച്ചയായും പിണറായിയെയും ഭരണനേട്ടങ്ങളെയും മുൻനിർത്തിയാണ്. ഇതുവരെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാതിരുന്ന രാഹുൽ ശംഖുമുഖത്ത് പതിവ് മട്ട് വിട്ടു. സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണ്ണക്കടത്ത് നടത്താം. എൽ.ഡി.എഫിനൊപ്പമെങ്കിൽ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാഹുൽ ബിജെപിക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചതെങ്കിലും സിപിഎമ്മിന്റെ മറുപടിയിൽ അതിലേക്ക് ഊന്നലുണ്ടായില്ല.രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റിനെപ്പോലെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ രാഹുലിനെ ആക്രമിച്ചു രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ