- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞാൽ പിന്നെ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാലും ആരും കാണില്ലല്ലോ! കണ്ണൂരിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് പിണറായി എല്ലാം ഇരുമ്പു മറയ്ക്കുള്ളിൽ ഒതുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് എംഎസ്എഫ്
കണ്ണൂർ: തെരഞ്ഞെടുപ്പു അടുത്തതോടെ മുഖ്യമന്ത്രിയുടെ മുഖം മിനുക്കൽ നടപടിയുടെ ഭാഗമായാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്ന കാമ്പസ് വിസിറ്റ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, അലോസരപ്പെടുത്തുന്ന ചോദ്യങ്ങളെ ഭയക്കുന്ന പിണാറായി വെളുക്കാൻ തേച്ചത് പാണ്ടാകാതിരിക്കാൻ അതീവ ശ്രദ്ധാലുവാണിപ്പോൾ. ഇതിന്റെ ഭാഗമായി നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പോലും ഒഴിവാക്കുകയാണ് അദ്ദേഹം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ടത് മാധ്യമങ്ങളിലൂടെ വാർത്തയായതും സൈബർ ഇടത്തിൽ അടക്കം വൈറലായതും.
ഇതോടെ സമാനമായ അനുഭവം ഉണ്ടാകാതിരിക്കാൻ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രംഗത്തുവന്നു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ മാധ്യമങ്ങൾ പുറത്തിറങ്ങണമെന്നായിരുന്നു നിർദ്ദേശം. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് മാധ്യമങ്ങളോട് പുറത്തിറങ്ങാൻ പറഞ്ഞതെന്നാണ് വോളന്റിയർമാർ പറയുന്നത്.
മഹാത്മാമഗാന്ധി സർവകലാശാലയിൽ ചോദ്യം ചോദിച്ച വിദ്യാർത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ നേരത്തെ വിവാദമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായ വീഡിയോ സംവാദ പരിപാടിക്ക് തന്നെ ക്ഷീണമായി മാറിയിരുന്നു. പ്രസ്തുത വിഷയമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.അതേസമയം, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം എസ് എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പരിപാടിക്ക് ബദലായി തെരുവിൽ ചോദ്യങ്ങൾ ചോദിച്ച് എം എസ് എഫുകാർ പ്രതിഷേധം അറിയിച്ചു.
ക്യാമ്പസ് സംവാദം വെറും പ്രഹസനമാണെന്നതിന് കൂടുതൽ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. പി.എസ്.സി നിയമനങ്ങളുമായി ബന്ധമുള്ളതടക്കമുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങൾ മാത്രം മുൻകൂട്ടി എഴുതി നൽകണമെന്നുമാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്യാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ദിവസങ്ങൾക്കു മുൻപ് എംജി യൂണിവേഴ്സിറ്റിയിൽ നടന്ന സംവാദപരിപാടിക്കിടെ ചോദ്യം ഉന്നയിച്ച വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതും വിവാദമായിരുന്നു. ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കൻ ശബ്ദത്തിൽ മുഖ്യമന്ത്രി പറയുകയായിരുന്നു.
'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്' എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയപ്പോൾ, 'ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.' ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി സോഷ്യൽ മീഡിയ പേജിലൂടെ ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത്തരം പ്രതികരണമുണ്ടായതിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകവിമർശനമാണുയർന്നത്.
അതേസമയം ഇടതുമുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിർദ്ദേശങ്ങൾ ശേഖരിക്കാനായാണ് ക്യാമ്പസുകളിൽ മുഖ്യമന്ത്രി സർക്കാർ ചെലവിൽ സംവാദ പരിപാടി നടത്തുന്നതെന്ന് പ്രതിപക്ഷവും നേരത്തെ ആരോപിച്ചിരുന്നു. നഗ്നമായ അധികാര ദുർവിനിയോഗമാണെന്നും കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ. കുറ്റപ്പെടുത്തി. കാലാവധി കഴിയാൻ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന ക്യാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്.
ആത്മാർത്ഥതയുണ്ടെങ്കിൽ അധികാരം ഏറ്റ അവസരത്തിൽ തന്നെ ഇത്തരത്തിൽ ആശയസംവാദം നടത്താനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിൻവാതിൽ-ബന്ധുനിയമന പരമ്പരയിലൂടെ വിദ്യാർത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദർശനങ്ങൾ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ