- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള മാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്? ജനവികാരം സർക്കാറിന് എതിരാക്കാൻ ഗൂഢശ്രമം നടക്കുന്നു; കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല; കോവിഡ് പ്രതിരോധത്തിൽ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരായ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം സർക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ കേരളം പിന്തുടർന്ന മാതൃക തെറ്റാണെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളം ഒരു തുള്ളി വാക്സിൻ പോലും നഷ്ടപ്പെടുത്തിയിട്ടുമില്ല. തദ്ദേശീയമായി വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.
അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. 'കേരളത്തിൽ, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും കേരളത്തിൽ രോഗബാധയേൽക്കാൻ റിസ്ക് ഫാക്ടറുകൾ ഉള്ളവർ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല വിമർശനങ്ങൾ ഉയർത്തുന്നത്. രാജ്യത്തെ വൻനഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയിൽ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം.
മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂർണ വാക്സിനേഷൻ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് എന്നതും, അറിയാവുന്നവർ, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.' മുഖ്യമന്ത്രി എഴുതുന്നു.
മറുനാടന് മലയാളി ബ്യൂറോ