കോഴിക്കോട്: കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടെ കേരളാ പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ, സമൂഹത്തിൽ വിശ്വാസികളാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ എപ്പോഴും തയ്യാറാണ്. ഇതിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും വേണ്ടെന്നും പിണറായി വിജയൻ. ഒറ്റക്കെട്ടായി സംഘപരിവാർ കലാപശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും മുഖ്യമന്ത്രി.

നമ്മുടെ രാജ്യം വലിയ രാജ്യമല്ലേ. കേരളമെന്നു മാത്രമല്ലല്ലോ. മറ്റിടങ്ങളിൽ നടന്ന കാര്യങ്ങൾ കൂടി ഒന്ന് പരിശോധിക്കുക. തന്റെ വിശ്വാസം മാത്രമേ മറ്റുള്ളവർക്കും പാടുള്ളൂ എന്ന് ശഠിച്ചാൽ എന്താകും അവസ്ഥ. മതനിരപേക്ഷത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. ഇത്രവർഷം കൊണ്ട് ഈ വിഭാഗത്തെ ഞങ്ങളീ രാജ്യത്ത് ഇല്ലാതാക്കുമെന്ന പ്രഖ്യാപനം വന്ന രാജ്യമാണിത്. വാർത്ത വാർത്തയായി കൊടുക്കൽ മാത്രമല്ല അതിന്റെ ഉദ്ദേശം, സന്ദേശം തുടങ്ങിയ കാര്യങ്ങൾ പ്രധാനമായും കാണണം. ഇന്നലെ സംഘപരിവാർ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. മുൻ അനുഭവം അവിടെയുണ്ടല്ലോ കുഴപ്പമുണ്ടാക്കാൻ നോക്കിയതിന്റെ. അവരെ പിന്തുണക്കില്ല.- മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാൻ ആർഎസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങൾ പുറത്ത് വരുന്നുണ്ട്. സംഘർഷം സൃഷ്ടിക്കാൻ മനഃപൂർവ്വം ആളുകളെത്തിയെന്നും മുഖ്യമന്ത്രി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നു. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാമൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുഴപ്പം കാണിക്കാൻ വരുമ്പോൾ അതിന് കൂട്ടുനൽക്കാൻ ആകുമോ എന്നും മുഖ്യമന്ത്രി. കോടതി പറയുന്നതിന് ഒപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും സർക്കാർ സൗകര്യമൊരുക്കുമെന്നും, എന്നാൽ അവിടെ എത്തുന്ന ഗുണ്ടാസംഘങ്ങൾക്ക് സൗകര്യം ഒരുക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ശബരിമലയിൽ നടന്ന പ്രതിഷേധം ആസൂത്രിതമായിരുന്നു. ആർഎസ്എസ്. നേതാവ് രാജേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. നിരോധനാജ്ഞ ലംഘിച്ചിട്ടും അവരെ മാന്യമായാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയതെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

തുലാമാസപൂജയ്ക്കിടെയും ചിത്തിര ആട്ട ഉത്സവത്തിനിടെയും അഴിഞ്ഞാടിയ പോലെ ഇനി നടക്കില്ല. കഴിഞ്ഞദിവസം പിടിയിലായ രാജേഷ് ആർഎസ്എസ് നേതാവാണ്. പക്ഷേ, രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് അവരുടെ ശ്രമം. ശരണംവിളിയെന്ന പേരിൽ മുദ്രാവാക്യം വിളിച്ചു. എല്ലാം മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നു. ഇതെല്ലാം എല്ലാവർക്കും മനസിലാകും. ഇത് കാണുന്നവരെല്ലാം മണ്ടന്മാരാണെന്ന് ധരിക്കേണ്ട-കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ ഭക്തർക്ക് ശാന്തിയും സമാധാനവും നിറഞ്ഞ തീർത്ഥാടനകാലം ഉറപ്പുവരുത്തുമെന്നും, ശബരിമലയിലെത്തുന്ന ഭക്തർക്ക് ഒരു പ്രശ്നവുമില്ലെന്നും ആർ.എസ്.എസുകാർക്കാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ശബരിമല ആർ.എസ്.എസിന് തീറെഴുതി നൽകാനാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അതിനിടെ ശബരിമലയിൽ ബിജെപി നടത്തുന്ന സമരം സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ളയും വ്യക്തമാക്കി. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയാണ് തങ്ങളുടെ പോരാട്ടം. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജൂഡീഷ്യൽ അന്വേഷണം വേണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. അയ്യപ്പദർശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ് എന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ഒഴിവാക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ് എന്നിട്ടും പൊലീസ് അറസ്റ്റ് നടപടിയെ ദുരുപയോഗപെടുത്തുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവിൽ അവർ സർക്കാരിനൊപ്പം നിലനിൽക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇന്നലെ നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്കും പടി പൂജക്ക് ബുക്ക് ചെയ്തവർക്കും വിരിവെക്കാൻ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. എന്നാൽ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറത്തിനടുത്ത് തുടർന്നവരോട് പൊലീസ് സന്നിധാനത്ത് നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.