തിരുവനന്തപുരം : ഗുജറാത്ത് സർക്കാരിന്റെ സി.എം ഡാഷ് ബോർഡ് സംസ്ഥാനത്ത് അടിയന്തരമായി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരിക്കും സി.എം ഡാഷ് ബോർഡ് സ്ഥാപിക്കുക. ഊരാളുങ്കലിനായിരിക്കും നിർമ്മാണ ചുമതല.

ഗുജറാത്തിലെ ഭരണ നവീകരണ മോഡൽ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്‌കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രട്ടറി വിലയിരുത്തി. ചീഫ് സെക്രട്ടറി വി പി ജോയിക്കൊപ്പം ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻഎസും ഗുജറാത്തിൽ പോയിരുന്നു. എന്തിലും രാജ്യത്തെ ബദലും നമ്പർ വണ്ണും കേരളമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴുള്ള ഗുജറാത്ത് പഠനം പ്രതിപക്ഷം ആയുധമാക്കി. എന്നാൽ, വികസനം പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിപക്ഷ വിമർശനത്തോടുള്ള സർക്കാരിന്റെപ്രതികരണം.

അതേ സമയം കേരളത്തിന്റെ ഗുജറാത്ത് മോഡൽ പഠനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് എംഎ‍ൽഎ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ലായെന്നും കേരളം ഗുജറാത്ത് മോഡൽ ആഘോഷമായി പഠിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഗുജറാത്തിനെ പുകഴ്‌ത്തുന്നത് ദുരന്തമാണെന്നും ജിഗ്നേഷ് മേവാനി വിമർശിച്ചു. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിയ ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗുജറാത്ത് മോഡൽ കോർപറേറ്റ് കൊള്ളയുടെ മാതൃകയാണ്. എന്താണ് ഗുജറാത്ത് മോഡൽ എന്ന് എൽഡിഎഫ് സർക്കാരിന് ഒരു ധാരണയുമില്ല. ബിജെപിയുമായി ചില ഡീലുകൾ നടത്താൻ ഉള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ജിഗ്നേഷ് മേവാനി എംഎൽഎ ആരോപിച്ചു. ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.

സിഎം ഡാഷ് ബോർഡ് എന്നാൽ...

സർക്കാറിന് കീഴിലെ എല്ലാ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ 'നിരീക്ഷണ'ത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള സംവിധാനമാണ് ഡാഷ് ബോർഡ് മോണിറ്ററിങ് സിസ്റ്റം. ചീഫ് മിനിസ്റ്റർ ഓഫീസ് കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റ് എന്ന പ്ലാറ്റ്‌ഫോം ആണ് കേന്ദ്രീകൃത നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.

2019ൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇ-ഗവേണൻസിന്റെ ഭാഗമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ ഡാഷ് ബോർഡ് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സൗകര്യം ഈ സംവിധാനത്തിലുണ്ട്.

സർക്കാറിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തൽസമയം ഈ സംവിധാനത്തിലൂടെ വിലയിരുത്താനാകും. ഡേറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാനും ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിങ്ങും നൽകാനുമാവും.

ഡാഷ് ബോർഡ് മോണിറ്ററിങ് സംവിധാനത്തിൽ എക്‌സിക്യൂട്ടീവ് ഡാഷ്‌ബോർഡ്, സെക്ടറൽ ഡാഷ്‌ബോർഡ്, ഡിസ്ട്രിക് ഡാഷ്‌ബോർഡ്, കോർപറേഷൻ ഡാഷ് ബോർഡ്, ജി.ഐ.എസ് ഡാഷ്‌ബോർഡ്, ഡിപ്പാർട്ട്‌മെന്റ് സ്റ്റാർ റേറ്റിങ്, പ്രഗതി-ജി (പ്രോജക്ട് മോണിറ്ററിങ്), ആസ്പിരേഷൻ ഡിസ്ട്രിക്, സി.സി.യു ഡാഷ്‌ബോർഡ്, ജൻ-സംവാദ് ഫീഡ്ബാക് മെക്കാനിസം എന്നീ മൊഡ്യൂളുകളാണുള്ളത്. ഓരോ പദ്ധതികളെ കുറിച്ചുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ബന്ധപ്പെട്ട അഥോറിറ്റിക്ക് നേരിട്ട് നൽകാൻ മുഖ്യമന്ത്രിക്ക് സാധിക്കും. ഗ്രാഫിന്റെ സഹായത്തിൽ ദിനംപ്രതിയും മാസത്തിലും മൂന്നു മാസം കൂടുമ്പോഴും വർഷത്തിലും പ്രാദേശികം, ജില്ല, ബ്ലോക്ക്, സ്‌കീം, ഹെഡ്‌സ് അടിസ്ഥാനത്തിൽ വിലയിരുത്താനാവും.

ലക്ഷ്യങ്ങൾ

ഡാറ്റകൾ ക്യത്യമായി സമാഹരിക്കുകയും ക്രമപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു.

മുഖ്യ പങ്കാളിത്തമുള്ളവരെ ഒറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കാൻ സാധിക്കുന്നു.

നേരിടുന്ന പ്രശ്‌നങ്ങളെ മനസിലാക്കാനും മെച്ചപ്പെടുത്തേണ്ട മേഖലകളെ തിരിച്ചറിയാനും സഹായിക്കുന്നു.

സർക്കാർ സംവിധാനങ്ങളിലെ സുതാര്യതക്ക് പ്രചാരണം നൽകുന്നു.

സർക്കാറിന്റെ ഉത്തരവാദിത്തങ്ങളുടെ ക്യത്യമായ നിർവഹണം ഉറപ്പാക്കുന്നു.

സർക്കാർ സംവിധാനങ്ങളെ മുഴുവനായി ഡിജിറ്റൽവത്ക്കരിക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.

സർക്കാർ സ്ഥാപനങ്ങളുടെ നിരീക്ഷണം കേന്ദ്രീകരിക്കുന്നതിനും നയപരമായ തീരുമാനങ്ങൾ എളുപ്പത്തിൽ കൈകൊള്ളാനും സാധിക്കുന്നു

മികച്ച സർക്കാർ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വിലയിരുത്താനും സംവിധാനമുണ്ട്.

സർക്കാർ വകുപ്പുകളുടെ പ്രകടനം അടിസ്ഥാനമാക്കി റാങ്ക് നൽകുന്നതിനും പ്രവർത്തന വിലയിരുത്തലും കഴിയുന്നു.

സവിശേഷതകൾ

വിവരങ്ങളെ ക്രമപ്പെടുത്താൻ വ്യത്യസ്ത തരത്തിലുള്ള ഡാഷ്‌ബോർഡുകൾ.

വിവിധ പദ്ധതികളെ സമയബന്ധിതമായി പൂർത്തീകരിക്കാനും പിന്തുടരാനും സഹായിക്കുന്ന പ്രഗതി-ജി നിരീക്ഷണ സംവിധാനം.

ലക്ഷ്യങ്ങൾ തീരുമാനിക്കാനും പുരോഗതി വിലയിരുത്താനും സഹായിക്കുന്ന മാനദണ്ഡങ്ങൾ.

താലൂക്ക്, ജില്ല, സോൺ, എന്നിങ്ങനെ തരംതിരിച്ച് പ്രവർത്തനങ്ങളെ തരംതിരിക്കുന്ന സ്‌കോറിങ്ങും റാങ്കിങ്ങും.

സർക്കാർ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് ആവശ്യമായ മൊബൈൽ ആപ്ലിക്കേഷനുകൾ.

ജൻ-സംവാദ് എന്ന പേരിൽ കാര്യക്ഷമമായ ഫീഡ് ബാക്ക് സംവിധാനം.

വിവരങ്ങളും ഡാറ്റകളും അറിയിപ്പുകളും സമയബന്ധിതമായി നോഡൽ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് എസ്.എം.എസ് സൗകര്യം.

വിവരങ്ങളെ എ.പി.ഐ വെബ് സേവനത്തിലൂടെയും വിവിധ എം.ഐ.എസ്, ഓൺലൈൻ സംവിധാനങ്ങളിലൂടെയും സമന്വയിപ്പിക്കുന്നു.

ഓരോ മാസത്തിലും സെക്റ്റർ, സബ് സെക്റ്റർ എന്നീ മേഖലകളിൽ നടക്കുന്ന വിവര സ്ഥിരീകരണം

എം.ഐ.എസ് സംവിധാനമില്ലാത്ത മേഖലയിൽ എക്‌സൽ ഷീറ്റുകൾ വഴി വിവരങ്ങൾ നൽകുന്നു.

പ്രവർത്തനങ്ങൾ

എക്‌സിക്യൂട്ടീവ് ഡാഷ്‌ബോർഡ്: സംസ്ഥാനത്തുടനീളമുള്ള പുതിയതും പ്രധാനപ്പെട്ടതുമായ പ്രവൃത്തികളുടെ പ്രകടനം വിലയിരുത്താൻ.

സെക്ടറൽ ഡാഷ്‌ബോർഡ്: സെക്ടറുകളുടെയും ഉപമേഖലകളുടെയും സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാൻ.

ഡിപാർട്ട്മെന്റ് സ്റ്റാർ റേറ്റിങ്: വെരിഫിക്കേഷൻ, ഫെച്ചിങ് ആക്യുറസി, ഡെപ്ത്, ഷേറിങ് മോഡ്, അപ്‌ഡേറ്റ് ഫ്രീക്വൻസി എന്നിവ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിങ് നൽകാൻ.

ഗുജറാത്തിന്റെ സ്ഥാനം: പദ്ധതി നടപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിന്റെ നിലവിലെ സ്ഥാനം (റാങ്ക്).

ഡിസ്ട്രിക്ട് ഡാഷ്ബോർഡ്: ജില്ല തിരിച്ചുള്ള ഡാറ്റകൾ ലഭിക്കാൻ.

കോർപറേഷൻ ഡാഷ് ബോർഡ്: സോൺ, കോർപറേഷൻ അടിസ്ഥാനമാക്കിയുള്ള ഡേറ്റകൾ ലഭിക്കാൻ.

ആസ്പിരേഷൻ ഡിസ്ട്രിക്ട്: വിവിധ വീക്ഷണങ്ങൾ അടിസ്ഥാനമാക്കി ജില്ലകളുടെ റാങ്കിങ്.

ജി.ഐ.എസ് ഡാഷ്‌ബോർഡ്: ജിയോ സ്‌പേഷ്യൽ മാപ്പിങ്ങിലെ ഡാറ്റ യഥാക്രമം ലഭിക്കാൻ.

ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം (ജി.ഒ.ജി): ഗുജറാത്ത് സർക്കാറിലെ പ്രധാന പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകൾ.

ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം (ജി.ഒ.ഐ): കേന്ദ്ര സർക്കാറിന്റെ പ്രധാന പദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകൾ.

ബജറ്റ് മോണിറ്ററിങ്: ബജറ്റുമായി ബന്ധപ്പെട്ട വർഷം തിരിച്ചുള്ള ഡാറ്റകൾ ലഭിക്കാൻ.