- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദയെ കൊന്നത് പ്രിയനാണെന്ന് പറഞ്ഞ് ബിജു രമേശിന് കത്തയച്ചിട്ടില്ലെന്ന് മുൻ ഡിവൈഎസ്‌പി ഷാജി; വ്യക്തമായ തെളിവുണ്ടെങ്കിൽ അന്വേഷണമെന്ന് ഉമ്മൻ ചാണ്ടി; വെള്ളാപ്പള്ളി 23 കോടിയുടെ കള്ളപ്പണം കടത്തിയെന്ന് പിണറായി: തെരഞ്ഞെടുപ്പു രാഷ്ട്രീയം കറങ്ങുന്നത് നടേശനെ ചുറ്റിപ്പറ്റി തന്നെ
തിരുവനന്തപുരം/പത്തനംതിട്ട: തുറന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തത്തിയപ്പോൾ പൊങ്ങിവന്നതാണ് സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയപ്പോഴായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നതും അത് വൻ വിവാദമായി മാറി
തിരുവനന്തപുരം/പത്തനംതിട്ട: തുറന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തത്തിയപ്പോൾ പൊങ്ങിവന്നതാണ് സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയപ്പോഴായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നതും അത് വൻ വിവാദമായി മാറിയതും. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും സമർപ്പണവും കഴിഞ്ഞ ഘട്ടത്തിലും കേരള രാഷ്ട്രീയം ചുറ്റിപ്പറ്റി നീങ്ങുന്നത് വെള്ളാപ്പള്ളി നടേശനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് ഗോദയിൽ സോളാർ വിഷയവും ബാർകോഴയും അഴിമതിയുമെല്ലാം ജനങ്ങൾ മറന്നു കഴിഞ്ഞു. ഇന്നും കേരളാ രാഷ്ട്രീയത്തിൽ നിരഞ്ഞു നിന്നത് വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട നേതാക്കളുടെ പ്രസ്താവനകൾ തന്നെയായിരുന്നു.
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതാണ് ഇന്ന് ഏറെ വാർത്താപ്രാധാന്യം നേടിയ പ്രസ്താവന. കേസിലെ പുനരന്വേഷണ സാധ്യതകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതിന് ഇടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. അതേസമയം സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ബിജു രമേശിന്റെ വാദത്തെ പൊളിക്കുന്ന വാദവും പുറത്തുവന്നു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ വെള്ളാപ്പള്ളി നടേശനുമായി ബന്ധിപ്പിച്ച് ബിജുരമേശിന് കത്തയച്ചിട്ടില്ലെന്ന് പ്രവീൺ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മുൻ ഡിവൈഎസ്‌പി ഷാജി നടത്തിയ വെളിപ്പെടുത്തൽ മനോരമ ന്യൂസ് പുറത്തുവിട്ടു. ശാശ്വതീകാനന്ദയെ വധിച്ചത് പ്രിയനാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷാജി മകൻ രാഹുൽ മുഖേന പുറത്തുവിട്ട തുറന്ന കത്തിൽ വ്യക്തമാക്കി. ഷാജി അയച്ച കത്ത് കയ്യിലുണ്ടെങ്കിൽ ബിജു രമേശ് അത് പുറത്തുവിടണന്നും രാഹുൽ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണവുമായി വെള്ളാപ്പള്ളി നടേശനെ ബന്ധിപ്പിക്കുന്നതിന് പുതിയ തെളിവായി ബിജു രമേശ് ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഇതായിരുന്നു സ്വാമിയെ വധിച്ചത് പ്രിയനാണെന്ന് പറഞ്ഞ് കത്തയയ്ക്കുകയോ ബിജു രമേശിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുകയോ ഷാജി ചെയ്തിട്ടില്ല. അതല്ല അങ്ങിനെയൊരു കത്തുണ്ടെന്നാണ് വാദമെങ്കിൽ ബിജു രമേശ് അത് പുറത്തുവിടണമെന്ന് ഷാജിയുടെ മകൻ രാഹുൽ ആവശ്യപ്പെട്ടു.
സ്വാമിയെ വധിച്ചെന്ന് പ്രിയൻ ഫോണിലൂടെ വെളിപ്പെടുത്തിയെന്നും ബിജു രമേശ് പറയുന്നുണ്ട്. ഇക്കാര്യം തെളിയിക്കാൻ ടെലിഫോൺ കോൾ ലിസ്റ്റ് പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഈ ആരോപണത്തിൽ സത്യത്തിന്റെ ഒരംശം പോലുമില്ലെന്ന് ജയിലിലെത്തിയ തന്നോട് ഷാജി വ്യക്തമാക്കിയെന്നും രാഹുൽ പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഷാജിക്ക് കഴിയാത്തതിനാലാണ് കുടുംബത്തിന് വേണ്ടി താൻ തുറന്ന കത്ത് എഴുതുന്നത്. വെള്ളാപ്പിള്ളി നടേശനെ അധിക്ഷേപിക്കാൻ ഷാജിയെ ആയുധമാക്കേണ്ടന്നും രാഹുൽ വ്യക്തമാക്കി.
അതിനിടെ വെള്ളാപ്പള്ളി നടത്തിയ വൻ ചിട്ടിത്തട്ടിപ്പിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശൻ 23 കോടിയുടെ കള്ളപ്പണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തടയരുതെന്നും പിണറായി പറഞ്ഞു.
നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നുവെന്നു പറഞ്ഞാണ് അധികാരത്തിലേറിയത്. മാത്രമല്ല, കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ പതിനഞ്ചു ലക്ഷം രൂപ വരെ വന്നുവീഴും എന്നു വരെ വാർത്തകൾ ഉണ്ടായിരുന്നു. കള്ളപ്പണം ഒന്നും പിടിച്ചില്ല. കള്ളപ്പണം രാജ്യത്തു തടയുക എന്ന നടപടിയെന്ന നിലയ്ക്കാണ് 2012 കേന്ദ്ര ചിട്ടിനിയമം കൊണ്ടുവന്നത്. ആ നിയമം അനുസരിച്ച് ഏതു ചിട്ടിക്കമ്പനിയായാലും രൂപീകരിച്ച് രജിസ്റ്റർ ചെയ്യണം. ഈ ചിട്ടിക്കമ്പനിയെ പരിശോധിക്കാനായി ഓഡിറ്റർമാർ വേണം. വെള്ളാപ്പള്ളിയുടെ ചിട്ടിക്കമ്പനിയായ ബെൽ ചിറ്റ്‌സിൽ പരിശോധന നടത്തിയപ്പോൾ പുറത്തുവന്ന കാര്യം, 23 കോടി രൂപ സംബന്ധിച്ചു രേഖകളൊന്നുമില്ലെന്നാണ്.
2013-14ലെ വാർഷിക റിപ്പോർട്ട് ഫയൽ ചെയ്തപ്പോഴാണ് അതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണു കണ്ടെത്തിയത്. ഇങ്ങനെ ചെയ്തത് ബെൽസ് ചിട്ടിഫണ്ട്‌സ് എന്ന സ്ഥാപനമാണ്. 23 കോടി രൂപയുടെ രേഖകളില്ല എന്ന കണക്കു വരുമ്പോൾ അതു കള്ളപ്പണം കടത്താനുള്ള മാർഗമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന നടക്കേണ്ടതായിരുന്നു. പരിശോധന നടത്തേണ്ടത് സർക്കാർ വകുപ്പും കമ്പനി ലോബോർഡും റിസർവ് ബാങ്കുമാണ്. കണ്ടെത്തിയത് 23 കോടിയാണെങ്കിൽ അന്വേഷണം നടന്നാൽ തുക ഇനിയും വർധിക്കുമെന്നുറപ്പാണ്. വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനാണ് 70 ശതമാനം ഓഹരി. ഏതു സ്ഥാപനമാണെങ്കിലും നടത്തുന്നവരുടെ വിശ്വാസ്യതയാണ് പ്രധാനം. വെള്ളാപ്പള്ളിയും കുടുംബവും സമൂഹത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അറിയപ്പെടുന്നവരാണ്.
പ്രധാനമന്ത്രി ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയാണ് ബിജെപിയുടെ നിയുക്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിൽ വെള്ളാപ്പള്ളിയെ ഉയർത്തിക്കാട്ടിയത്. ഇതു പ്രധാനമന്ത്രി അന്വേഷിക്കണമായിരുന്നു. ഈ ഇടപാടിനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തടയരുത്- പിണറായി പറഞ്ഞു.
എന്നാൽ, ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുമ്പോൾ തൽക്കാലം മൗനം പാലിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് ഗോദയിലെ ആദ്യവിഷയം വെള്ളാപ്പള്ളിയെ ചുറ്റിപ്പറ്റിയാണെങ്കിലും തൽക്കാലം ആരോപണങ്ങൾക്ക് മറുപടി നൽകാതെ മൗനം ലാപിച്ചാൽ വിഷയം ശമിക്കുമെന്നാണ് വെള്ളാപ്പള്ളി കരുതുന്നത്.