- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സതിയും മൃഗബലിയും നരബലിയും പോലെ ഒരു ദുരാചാരമാണ് ശബരിമലയിലേതെന്ന് പുത്തരിക്കണ്ടത്ത് ആഞ്ഞടിച്ചു; പക്ഷേ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ നിലപാട് മാറ്റി; ബ്രൂവറിയിലും സ്പ്രിംങ്കളറിലും സമാനമായ മലക്കം മറിച്ചിൽ; ഇപ്പോൾ പൊലീസ് ആക്ടിലും വടികൊടുത്തു അടിവാങ്ങിയ അതേ അവസ്ഥ; ഇരട്ടച്ചങ്കനെന്നും പറഞ്ഞത് അണികൾ തള്ളുന്ന പിണറായിയുടെ നിലപാട് മാറ്റം ചർച്ചയാവുമ്പോൾ
തിരുവനന്തപുരം: പറഞ്ഞവാക്കുകൾ വിഴുങ്ങുകയും പിന്നീട് അത് തിരുത്തുകയും ഒക്കെ ചെയ്യുന്ന നേതാക്കളിൽനിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നികൃഷ്ടജീവി, പരനാറി, കുലം കുത്തി തുടങ്ങിയ അദ്ദേഹത്തിന് പേറ്റന്റുള്ള പ്രയോഗങ്ങൾപോലും തിരുത്താനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. എത്ര വിമർശനങ്ങൾ ഉണ്ടായാലും താൻ തീരുമാനിച്ച് ഉറപ്പിച്ചത് നടപ്പാക്കാനുള്ള ഇഛാശക്തിതന്നെയാണ് അദ്ദേഹത്തിന് ഇരട്ടച്ചങ്കൻ എന്ന പേര് നേടിക്കൊടുത്തതും. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ നിലപാടുകളിൽ മലക്കം മറിയുന്ന പിണറായി വിജയനെയാണ് കേരളം കണ്ടത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിനിയമമെന്ന് ഏവരും വിമർശിച്ച പൊലീസ് ആ്ക്റ്റ് ഭേദഗതി നിയമത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഏറ്റവും വിചിത്രം തൊട്ടു തലേന്ന് രാത്രിവരെ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ നിയമത്തെ ന്യായീകരിക്കയായിരുന്നു എന്നാണ്. തന്റെ വാർത്താസമ്മേളനത്തിലും പിണറായി പുതിയ നിയമത്തെ ന്യായീകരിക്കുകയും, ദുരുപയോഗം തടയുന്നത് ഉറപ്പുവരുത്തുമെന്നുമാണ് പറഞ്ഞിരുന്നത്.
എന്നാൽ ഇടതുപക്ഷത്തെ ഏക്കാലവും പിന്തണച്ചിരുന്ന സാംസ്കാരിക - സാമൂഹിക പ്രവർത്തകർ അടക്കമുള്ള വലിയൊരു വിഭാഗം ശക്തമായി പ്രതിഷേധം ഉയർത്തുകയും സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ അടുത്തുവരെ പ്രശ്നം എത്തുകയും ചെയ്തതോടെയാണ് പിണറായി ഈ നീക്കത്തിൽനിന്ന് പിൻവലിയുന്നത്. ഇത് തെളിയിക്കുന്നത് പാർട്ടിയിലെയും സർക്കാറിലെയും ഏകാധിപത്യ പ്രവണത കൂടിയാണ്. ഇത്രയും നിർണ്ണായകമായ ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തിൽ പോലും അദ്ദേഹം മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്തില്ല എന്നത് വിചിത്രമാണ്. അതുപോലെ തന്നെ ശബരിമല, ബ്രൂവറി, സ്പ്രിംങ്കളർ വിഷയത്തിലും സമാനമായ മലക്കം മറിച്ചിലാണ് മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായത്. എന്നിട്ടും ഇരട്ടച്ചങ്കൻ എന്ന പേരാണ് താങ്ങാൻ പറ്റാത്തത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്.
പുത്തരിക്കണ്ടം പ്രസംഗത്തിൽനിന്ന് പിറകോട്ട്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബർ 16 തിങ്കളാഴ്ച പിണറായി വിജയൻ നടത്തിയ പുത്തരിക്കണ്ടം പ്രസംഗം സമകാലിക കേരള രാഷ്ട്രീയത്തിൽ മാത്രമല്ല, വരും തലമുറയ്ക്കും കാത്തു സൂക്ഷിക്കാവുന്ന ഒന്നാന്തരം റഫറൻസ് ആണെന്നായിരുന്നു സൈബർ സഖാക്കൾ തള്ളി മറിച്ചിരുന്നത്.
സതിയും മൃഗബലിയും നരബലിയും പോലെ ഒരു ദുരാചാരമാണ് ശബരിമലയിലേതെന്നും ആചാരങ്ങൾ കാലോചിതമായി മാറ്റാനുള്ളതാണെന്നുമാണ് അന്ന് അദ്ദേഹം തുറന്നടിച്ചത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിച്ച് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കിയത്.'ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ കോടതി വിധി നടപ്പാക്കിയതിനെ പേരിൽ മാത്രമല്ല, അതിനു വേണ്ടി വാദിക്കാനും, നില കൊള്ളാനും, നിലപാട് എടുക്കാനും കേരളത്തിൽ ഇടതുപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചരിത്രം അസന്ദിഗ്ധമായി വിലയിരുത്തും.'- അണികളുടെ ആർപ്പുവിളിക്കിടെ പിണറായി പറഞ്ഞത് അങ്ങനെയാണ്.
72 മിനുട്ടിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം വ്യക്തവും സൂക്ഷ്മവുമായിരുന്നു. 'ആചാരങ്ങളിൽ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് നവോത്ഥാന നായകർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്' എന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ മാസങ്ങൾക്ക്ശേഷം, ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ സിപിഎം ശബിരമല നവോത്ഥാനത്തിൽനിന്ന് പൂർണ്ണമായും പിന്മാറി. ആക്റ്റീവിസ്റ്റുകൾക്ക് ശബരിമലയിൽ എത്താൻ എല്ലാം സൗകര്യവും ചെയ്തുകൊടുത്ത മുഖ്യമന്ത്രിയാവട്ടെ ഈ വിഷയത്തിൽ പിന്നീട് ഒന്നും മിണ്ടിയിട്ടില്ല.
അതുപോലെതന്നെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ബ്രൂവറി വിവാദത്തിലും ഉണ്ടായത്. ആദ്യം ഇതിനെ പരിഹസിക്കുകും ചിരിച്ച് തള്ളുകയുമാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ചെയ്തത്. എന്നാൽ വിവാദം മാധ്യമങ്ങൾ ഏറ്റെടുക്കുകയും പാർട്ടിയിലും മുന്നണിയിലും വിവാദമാവുകയും ചെയ്തതോടെ ഇരട്ടച്ചങ്കനും നൈസായിട്ട് തടിയൂരി. പ്രളയകാലത്ത് വിവാദങ്ങൾ ഒഴിവാക്കാനാണെന്ന വിചിത്ര വാദമാണ് സർക്കാർ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ വാദം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തി.' ബ്രൂവറി ഡിസ്റ്റലറി അനുമതി റദ്ദാക്കിയതിന് പിന്നാലെ പ്രളയകാലത്ത് വിവാദങ്ങളൊഴിവാക്കാനാണിതെന്ന വിചിത്ര വാദമാണ് സർക്കാർ സർക്കുലറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രൂവറി,ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് വിവാദംമൂലമെന്ന സർക്കാർ ഉത്തരവ് വ്യവസായികളെ സഹായിക്കാനാണ്. ഒരു നടപടി റദ്ദാക്കാനുള്ള വസ്തുനിഷ്ഠമായ കാരണങ്ങൾ പറയുകയോ, റദ്ദാക്കുന്നു എന്ന് മാത്രം സർക്കുലറിൽ വ്യക്തമാക്കുകയോ ആണ് പതിവ്. അനുമതിയിൽ ഒരുതെറ്റുമില്ലെന്ന് ഉത്തരവ് തന്നെ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പക്ഷെ പ്രളയകാലത്ത് വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനം പിൻവലിക്കുന്നതെന്നും സർക്കാർ രേഖാമൂലം സമ്മതിക്കുന്നു.തന്റേതായ തെറ്റുകൊണ്ടോ, യുക്തിസഹമായ കാരണം കൊണ്ടോ അല്ല സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് അനുമതി കിട്ടിയവർക്ക് കോടതിയിൽ സമർഥിക്കാനാവും. സർക്കാർ കോടതിയിൽ തോറ്റെന്നും വരാം.'- ചെന്നിത്തല ചൂണ്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു.
സമാനമായ കാര്യങ്ങളാണ് സ്പ്രിംങ്കളർ വിവാദത്തിലും നടന്നത്. ഇപ്പോൾ വിവാദ നായകനായ ശിവശങ്കറിനെ അന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്പ്രിംങ്കളർ വിവാദകാലത്തും മുഖ്യമന്ത്രി സ്വീകരിച്ചത്. ഡാറ്റ സ്വകാര്യ കമ്പനിക്ക് കൊടുക്കുന്നത് ആപത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ, ആദ്യം ചിരിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ ഘടകകക്ഷിയായ സിപിഐ വരെ ഈ വിഷയത്തിൽ ഇടഞ്ഞതോടെയാണ് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ