തിരുവനന്തപുരം: വാലന്റയൻസ് ദിനത്തിലെ അഴീക്കലെ സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കാരായ രണ്ട് പേരെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നായാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു മറുനാടൻ പുറത്തുവിട്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചു.

മർദന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാവും.സദാചാര ഗുണ്ടായിസത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മറുനാടൻ പുറത്തുവിട്ട വാർത്ത ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ ഫേസ്‌ബുക്കു പോസറ്റ്. ഇത്തരത്തിൽ സദാചാര ഗുണ്ടായിസം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അഴീക്കൽ സംഭവത്തിൽ പൊലീസ് മേധാവിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.

അഴീക്കൽ സംഭവത്തിൽ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതരേയും നടപടിയുണ്ടാകുമെന്ന് പിണറായി വിജയൻ പറയുന്നു. അക്രമികൾ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്.ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ താക്തീത് നൽകുന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ സദാചാര ഗുണ്ടാവിളയാട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വാലന്റൈൻസ് ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വ്യക്തമായ നിയമവ്യവസ്ഥകൾ പ്രകാരം കേസ് എടുക്കണമെന്ന് നിർദ്ദേശിച്ചു.

യുവതീയുവാക്കളെ സദാചാരഗുണ്ടകൾ ആക്രമിക്കുന്നതും അക്രമത്തിനിരയായവർ യാചിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമികൾ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ല. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളിനേയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ ക്യാമ്പസുകളിലോ പാർക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി അത് സദാചാരവിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ക്രിമിനൽ ചട്ടമ്പിത്തരങ്ങൾ കേരളത്തിൽ അനുവദിക്കുകയില്ല. ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

വാലന്റയിൻ ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് വീഡിയോ ദൃശ്യങ്ങളായിരുന്നു നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവത്തിന് ഇരയായ പെൺകുട്ടിയും ആൺകുട്ടിയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നതു കാണാമായിരുന്നു. പാലക്കാട് സ്വദേശി അനീഷും കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമാണ് സദാചാര ഗുണ്ടകൾക്ക് ഇരയായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് അനീഷിനൊപ്പം സദാചാര പൊലീസിന്റെ പീഡനത്തിനിരയായത്. വാലന്റയിൻസ് ദിനത്തിൽ ബീച്ച് കാണാൻ പോയതാണ്. എന്നാൽ ഇവർ പ്രണയത്തിലല്ലെന്നും സഹോദരീ സഹോദരന്മാരെ പോലെയാണ് എന്നും അനീഷ് മറുനാടനോട് പറഞ്ഞു.

ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടു. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോവുകയായിരുന്നു. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറി.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറയുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറയുന്നു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്തു. മാനഭയം മൂലമാണ് പൊലീസിൽ പരാതിപെടാതിരുന്നത്. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ സഹോദരിയെ പോലെ കണ്ട പെൺകുട്ടിയുമായി അനാശാസ്യത്തിലേർപ്പെട്ടപ്പോൾ പിടിച്ചു എന്ന ദൃശ്യം പ്രചരിച്ച സ്ഥിതിക്ക് സത്യാവസ്ഥ ഏവരെയും ബോധ്യപ്പെടുത്തണമെന്നു കൊണ്ടാണ് ഇവർ പൊലീസിൽ പരാതി നല്കിയത്.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. കേസെടുക്കാൻ പൊലീസിനു കഴിയുമെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ പറ്റില്ല എന്നാണ് കരുനാഗപ്പള്ളി എ സി പി ശിവപ്രസാദ് പറഞ്ഞിരുന്നത്. ഇങ്ങനെ സദാചാര പൊലീസിംഗിനെതിരായ പൊലീസ് നടപടി വൈകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന നിർദ്ദേശം ഉണ്ടായിരിക്കുന്നത്.