- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതിക്കെതിരെ വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി 'അഴിമതിമുക്ത കേരളം' പ്രഖ്യാപിച്ച് കയ്യടി വാങ്ങി; മറുവശത്ത് സർക്കാർ അഴിമതികൾക്കെതിരെ വിവരാവകാശം നൽകുന്നവരെ പോലും അന്യജില്ലകളിലേയ്ക്ക് സ്ഥലം മാറ്റുന്നു; സഖാക്കളുടെ അഴിമതികൾക്ക് നേരെ കണ്ണടയ്ക്കാത്ത ഉദ്യോഗസ്ഥരെ ഒതുക്കാൻ പിണറായി 2.0
തിരുവനന്തപുരം: അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരംനൽകുന്ന 'അഴിമതിമുക്ത കേരളം' പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ തന്നെ, സർക്കാർ മേഖലയിലെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. വനംകൊള്ളയുമായി ബന്ധപ്പെട്ട് വിവരാവകാശം നൽകിയ ഉദ്യോഗസ്ഥരെ പോലും മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റിയാണ് കേരള സർക്കാർ അഴിമതി വിരുദ്ധത തെളിയിച്ചത്. വോട്ടർ പട്ടിക ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചു എന്നാരോപിച്ച് ഇലക്ഷൻ കമ്മീഷനിലെ കെൽട്രോൺ കരാർ ജീവനക്കാരെ ഇലക്ഷൻ കമ്മീഷൻ തിരിച്ചയച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരും അഴിമതികൾക്കെതിരെ നിലപാടെടുത്തവർക്കെതിരെ ശിക്ഷണനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
മരംമുറി വിവാദത്തിൽ വിവരാവകാശ അപേക്ഷ നൽകിയ ഉദ്യോഗസ്ഥരെയാണ് ഏറ്റവും ഒടുവിൽ സ്ഥലം മാറ്റിയിരിക്കുന്നത്. റവന്യൂ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥാനം മാറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ആർ. താരാദേവിയെ റവന്യൂ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലിൽ രേഖപ്പെടുത്തിയത് ഗിരിജാ കുമാരിയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് നോട്ടെഴുതിയ ഉദ്യോഗസ്ഥയാണ് ഗിരിജാ കുമാരി.
സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ജെ. ബിൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിൻസി പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ നോട്ടീസ് ഇറക്കുകയും ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അണ്ടർ സെക്രട്ടറി ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സന്തോഷ് കുമാർ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥ സേവനം കൃത്യമാക്കാൻ പഞ്ചിങ് സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശിച്ച ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഴക്കടൽ മൽസ്യബന്ധന കരാറിന്റെ മറവിലെ അഴിമത് പുറത്തുവന്നതിന് പിന്നിൽ പ്രശാന്ത് ഐഎഎസ് ആണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വിമർശനങ്ങളുമായി സിപിഎമ്മിലെയും സർക്കാരിലെയും ഉന്നതർ രംഗത്ത് വന്നിരുന്നു. തങ്ങളുടെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവരുന്നവർക്കെതിരെ നിലപാടെടുക്കുന്നവരെ ഒതുക്കിനിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗാമായാണ് ഈ സ്ഥലംമാറ്റങ്ങളെയും ഉദ്യോഗസ്ഥർ കാണുന്നത്.
40 ലക്ഷത്തിന്റെ കോഴ ഒതുക്കാൻ പാർട്ടി ഇടപെടൽ
ഒരു വശത്ത് കെ എം ഷാജിക്കും കെ സുധാകരനുമെതിരെ വിജിലൻസ് അന്വേഷണം നടത്തുമ്പോൾ തന്നെ മറുവശത്ത് സ്വന്തം മുന്നണിയിൽ ഉള്ളവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ സിപിഎം തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഈ സർക്കാറിനെതിരെ പുറത്തുവന്ന ഗുരുതര ആരോപണവമായിരുന്നു ഐഎൻഎല്ലിന് ഉള്ളിൽ നിന്നു ഉയർന്നത്. പിഎസ് സി അംഗത്വം ലഭിക്കാൻ വേണ്ടി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരമായിരുന്നു.
ഈ വെളിപ്പെടുത്തൽ നടത്തിയതാകട്ടെ ഐഎൻഎല്ലിലെ ഒരാളും. എന്നാൽ, ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ സിപിഎം തയ്യാറായില്ല. മാത്രമല്ല, പകരം കോഴ ആരോപണം ഒത്തു തീർപ്പാക്കുകയും ചെയ്തു. ഇതിൽ ഇടപെട്ടതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും. അഴിമതി നടന്നെന്ന ആരോപണം പരിശോധിക്കുന്ന ഘട്ടത്തിലേക്ക് പോലും സിപിം കടന്നില്ലെന്നതാണ് ശ്രദ്ധേയം. ഒന്നാം പിണറായി സർക്കാർ തന്നെ യുഡിഎഫിന്റെ ബാർകോഴയുടെ ഉപോൽപ്പനം ആയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും സിപിഎം അഴിമതി വിരുദ്ധ നയം വെടിയുന്നത് കണ്ടു. അന്ന് സമരം നടത്തിയത് ആർക്കെതിരെയാണോ അദ്ദേഹത്തിന് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തുന്ന കാഴ്ച്ചയും കേരളം കണ്ടും. ഇങ്ങനെ അഴിമതിയോട് സമരസപ്പെടുന്ന കാര്യത്തിൽ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ മത്സരിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ.