കോഴിക്കോട്: എൽ ഡി എഫ് പ്രകടനപത്രികയിലെ 35 ഇന കർമ പരിപാടികളിൽ ഭൂരിഭാഗത്തിനും ഒരു വർഷംകൊണ്ട് തുടക്കമിടാൻ കഴിഞ്ഞതായി പിണറായി സർക്കാറിന്റെ പ്രവർത്തന റിപ്പോർട്ട്. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ ഏറെക്കുറെ കുറ്റമറ്റ പ്രവർത്തന റിപ്പോർട്ടാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

ചില പദ്ധതികൾ തുടങ്ങിയപ്പോൾ മറ്റ് ചിലതിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനായതായി പ്രവർത്തന റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ പുതിയ തൊഴിൽ സാധ്യത അടക്കമുള്ള ചില വിഷയങ്ങളിൽ കൃത്യമായ കണക്കുകൾ റിപ്പോർട്ടിൽ ഇല്ല. കൂടാതെ സ്മാർട്ട് സിറ്റി, ലൈറ്റ് മെട്രോ, ജലപാതകൾ, തീരദേശ പാക്കേജ് തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ ഒരു പ്രവർത്തനവും കഴിഞ്ഞ ഒരു വർഷത്തിനകം നടന്നില്ലെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

അഞ്ച് വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും ഐ ടി, ടൂറിസം മേഖലകളിൽ പത്ത് ലക്ഷം പുതിയ തൊഴിലവസരം ഉണ്ടാക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 2,13,745 പേർക്ക് ഒരു വർഷത്തിനകം തൊഴിൽ നൽകാൻ സർക്കാറിന് സാധിച്ചു. ഐ ടി അനുബന്ധ മേഖലകളിലെ കണക്കുൾ ലഭ്യമായിട്ടില്ല. വൈകാതെ പൂർത്തായാകുന്ന ആധുനിക വ്യവസായ മേഖലകളിൽ 4,58,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും സർക്കാർ പറയുന്നു. പി എസ് സി വഴി 36,047 പേർക്ക് തൊഴിൽ നൽകി. മുഴുവൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ബിസിനസ് ഇൻകുബേഷൻ സെന്റർ ആരംഭിച്ചു. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചു.

കേരളത്തിലെ ഐ ടി പാർക്കുകളുടെ വിസ്തൃതി 1.3 കോടി ചതുരശ്ര അടിയിൽ നിന്ന് 2.3 കോടിയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു വർഷത്തിനകം വിവിധ ഐ ടി പാർക്കുകളിലായി 17 ലക്ഷം ചതുരശ്രി അടി അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായി. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 60940 പേർ കൂടുതലായാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുട മൊത്തം നഷ്ടം 2015- 16ൽ 131.60 കോടി രൂപയായിരുന്നു. ഒരു വർഷംകൊണ്ട് ഇത് 71.34 കോടിയായി കുറക്കാൻ കഴിഞ്ഞു. പ്രകൃതി വാതക പൈപ്പ് ലൈൻ പുനരുജ്ജീവിപ്പിച്ചു. 503 കിലോമീറ്ററിൽ 453 കിലോമീറ്റർ ഭൂവിനിയോഗം പൂർത്തിയാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ പൈപ്പ്ലൈൻ ഇട്ടുതുടങ്ങി. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കർഷക പെൻഷനിൽ മുൻസർക്കാർ വരുത്തിയ 22 മാസത്തെ 151.4 കോടി രൂപ വിതരണം ചെയ്തു.

വൻകിട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം വിഴിഞ്ഞം ഹാർബർ ഡ്രഡ്ജിങ്ങും കര വീണ്ടെടുക്കലും 40 ശതമാനം പൂർത്തിയാക്കി. ഇതിൽ 35 ശതമാനവും ഈ സർക്കാർ വന്ന ശേഷമാണ് നടന്നത്. കണ്ണൂർ വിമാനത്താവളം റൺവേ 4000 മീറ്ററാക്കി വലുപ്പം കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങി. നിർമ്മാണം അവസാനഘട്ടത്തിലെത്തിയതിനാൽ ഇതുമായി ബന്ധപ്പെട്ട നിരവധി പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ 11 സ്റ്റേഷനുകൾ പ്രവർത്തനസജ്ജം. സൗരവൈദ്യുതി ഉത്പ്പാദിപ്പിക്കാൻ പാനലുകൾ സ്ഥാപിക്കൽ തുടങ്ങി. വെള്ളത്തൂവൽ, പതങ്കയം, പെരുന്തേനരുവി ജലവൈദ്യുത പദ്ധതികൾ കമ്മിഷൻ ചെയ്തു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുടങ്ങിക്കിടന്ന പള്ളിവാസൽ, തോട്ടിയാർ, ചാത്തങ്കോട്ടുനട തുടങ്ങിയ പദ്ധതികൾ പുനരാരംഭിച്ചു.

പരമ്പാരാഗത വ്യവസായ സംരക്ഷണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനകം കാര്യമായ നേട്ടം ഉണ്ടാക്കാൻ സർക്കാറിന് കഴിഞ്ഞു. പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു. 18,000 പേർക്ക് മേഖലയിൽ പുതുതായി ജോലി ലഭിച്ചു. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി എൽ പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി. കൈത്തറി മേഖലക്ക് 100 തൊഴിൽദിനം സൃഷ്ടിക്കുമെന്നയാരുന്നു വാഗ്ദാനം. സ്‌കൂൾ യൂണിഫോം വിതരണത്തിലൂടെ 200 തൊഴിൽദിനം സൃഷ്ടിച്ചു. കയറിന്റെ ബജറ്റ് വിഹിതം ഇരട്ടിയാക്കി. കയറുത്പ്പന്ന സംഭരണത്തിൽ 20 ശതമാനം വർധനവ് ഉണ്ടായില്ല.

റോഡ് വികസന വിഷയത്തിൽ ദേശീയപാത വികസനം 45 മീറ്ററാക്കി ആറുവരിയാക്കാൻ തീരുമാനം എടുത്തു. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ഭൂമിയെടുപ്പ് അന്തിമഘട്ടത്തിലാക്കി. 1170 കോടി രൂപയുടെ 579 റോഡ് പദ്ധതികൾ പുരോഗമിക്കുന്നതായും പ്രവർത്തന റിപ്പോർട്ട് പറയുന്നു. ശുചിത്വകേരളം എന്ന ഉറപ്പിനായി ഹരിതകേരളം മിഷൻ രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങി. 2,02,178 പുതിയ ശൗചാലയങ്ങൾ നിർമ്മിച്ചു. ഭൂരഹിതർക്ക് പാർപ്പിടം എന്ന വാഗ്ദാനം നടപ്പാക്കുന്നതിനായി ലൈഫ് മിഷൻ പ്രവർത്തനം ആരംഭിച്ചു. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കുമെന്ന് പറഞ്ഞിരുന്നു. ഇതിൽ 2017- 18നുള്ളിൽ 45000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള നടപടകൾ അന്തിമ ഘട്ടിത്തിലാണെന്ന് സർക്കാർ പറയുന്നു.

സാംസ്‌കാരിക നവോത്ഥാനത്തിനായി ബജറ്റ് വിഹതം വർധിപ്പിച്ചു. എല്ലാ ജില്ലകളിലും 40 കോടി രൂപ വീതം ചെലവഴിച്ച് സാംസ്‌കാരിക സമുച്ചയങ്ങൾ, നൂറ് പുതിയ സിനിമാ തിയേറ്റർ തുടങ്ങിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. പരിസ്ഥിതി സൗഹൃദത്തിനായി ഹരിത കേരള മിഷന്റെ കീഴിൽ 141 പഞ്ചായത്തുകളിൽ 2.25 ലക്ഷം കിണറുകൾ നിറച്ചു. സാമൂഹിക സുരക്ഷ വിഷയത്തിൽ എല്ലാ പെൻഷനുകളും ആയിരം രൂപയായി ഉയർത്തി. വിശപ്പില്ലാ കേരളം പദ്ധതി ലക്ഷ്യമിട്ട് രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതി തുടങ്ങുന്നതിന് 70 ലക്ഷം വകയിരുത്തി. ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപവത്ക്കരിക്കിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനത്തിൽ സദ്ഭരണം ലക്ഷ്യമിട്ട് രൂപവത്ക്കരിക്കുന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപവത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി കേരളത്തെ മാറ്റി തുടങ്ങിയ കാര്യങ്ങളാണ് പ്രവർത്തന റിപ്പോർട്ട് പറയുന്നത്.

എന്നാൽ പ്രകടപത്രകയിൽ പറഞ്ഞ ആയുർവ്വേദ സർവകലാശാല, കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കൽ, കുടുംബശ്രീക്ക് നാല് ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസനനിധി, പരമ്പരാഗത വ്യവസായങ്ങൾക്കായി പ്രത്യേക വകുപ്പ്, നെൽവയലുകൾക്ക് റോയൽറ്റി നൽകൽ തുടങ്ങിയ വാഗ്ദാനങ്ങളിൽ ഒരു നടപടിയും ഒരു വർഷത്തിനകം സ്വീകരിക്കാൻ സർക്കാറിന് സാധിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 20ഹ 6 മെയ് 25 മുതൽ 2017 മെയ് 24 വരെ കണക്കാക്കി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തന പുരോഗതി അവലോകനം ചെയ്തിട്ടുള്ളത്.