- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മാത്രം; നേതാക്കളുടെ മരണം ആഘോഷിക്കുന്നവർ സത്യപ്രജ്ഞയും ആഘോഷിക്കും; 750 പേരെ പങ്കെടുപ്പിച്ചു വിശാലമായി പന്തലിട്ടു സത്യപ്രതിജ്ഞ ഉത്സവമാക്കാൻ ഒരുങ്ങി പിണറായി; ധൂർത്തിന് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിനും ഉദാഹരണമായി സത്യപ്രതിജ്ഞ
തിരുവനന്തപുരം: വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫിന് അധികാരം കിട്ടിയിട്ടും എന്തുകൊണ്ടാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കാത്തത് എന്ന ചോദ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുമായി ഉയർന്നിരുന്നു. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന മറ്റെല്ലാം സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ അധികാരമേറ്റു കഴിഞ്ഞു. കേരളത്തിൽ അധികാരമേൽക്കാതിരുന്നത് മന്ത്രിസഭയിൽ സമൂലമായ ചില അഴിച്ചുപണികൾ വേണ്ടതു കൊണ്ടും രണ്ടാമൂഴം ആഘോഷമാക്കാനും വേണ്ടിയായിരുന്നു. കോവിഡ് മഹാമാരി കാലത്തും എൽഡിഎഫ് അധികാരമേൽക്കുമ്പോൾ വൻ ആഘോഷം തന്നെ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേരാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രണ്ടു മീറ്റർ അകലത്തിൽ ഇവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെൻട്രൽ സ്റ്റേഡിയത്തിൽ വിശാലമായ പന്തൽ നിർമ്മിക്കുന്നുണ്ട്.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതു ജനങ്ങൾക്കു പ്രവേശനം ഇല്ല.
അതേസമയം കോവിഡ് കാലത്ത് ജനങ്ങളെ വീട്ടിലിരുത്തുന്ന സർക്കാർ പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ട് ഇത്രയും വലിയ ആൾക്കൂട്ടത്തെ ക്ഷണിക്കുന്നതിൽ ആരോപണവും ശക്തമാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കെ ആർ ഗൗരിയമ്മയുടെ സംസ്ക്കാര ചടങ്ങിനായി പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തിയ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. ഇന്ന് പെരുന്നാൾ ദിനത്തിലും കർശന നിയന്ത്രണങ്ങളുണ്ട് ഈദ് ഗാഹുകൾ എങ്ങുമില്ലാത്ത അവസ്ഥയാണുള്ളത്.
പഴയ മന്ത്രിസഭ കെയർടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരിൽ പലരും അപൂർവമായി മാത്രമേ ഇപ്പോൾ സെക്രട്ടേറിയറ്റിലെ ഓഫിസിൽ എത്തുന്നുള്ളൂ. ആറു മന്ത്രിമാർ ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ചു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവൻ പേരും ഔദ്യോഗിക വാഹനം തിരികെ ഏൽപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാർക്കു നൽകിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാർക്കു നൽകും. സത്യപ്രതിജ്ഞയ്ക്കു ശേഷം ഈ വാഹനങ്ങളിൽ ആയിരിക്കും പുതിയ മന്ത്രിമാർ സെക്രട്ടേറിയറ്റിൽ ആദ്യ മന്ത്രിസഭാ യോഗത്തിനു പോകുക.
കെയർടേക്കർ മന്ത്രിമാർ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരിൽ ചിലർ അംഗങ്ങളായി തുടരുകയാണെങ്കിൽ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാർക്ക് ഓഫിസും വസതിയും ഒഴിയാൻ 15 ദിവസം ലഭിക്കും. മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫിസിന്റെ ചുമതല സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിനുമാണ്. പഴയ മന്ത്രിമാർ വർഷങ്ങളായി ഉപയോഗിക്കുന്ന ഇവ മരാമത്തു വകുപ്പിനെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിച്ചു വേണം പുതിയ മന്ത്രിമാർക്കു കൈമാറാൻ. ഇക്കാര്യത്തിൽ പുതിയ മന്ത്രിമാരുടെ താൽപര്യം കൂടി പരിഗണിച്ചാവും പരിഷ്കാരം.
മറുനാടന് മലയാളി ബ്യൂറോ