കണ്ണൂർ: ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിലെത്തി. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായശേഷം ആദ്യമായാണ് പിണറായി ധർമ്മടം മണ്ഡലത്തിൽ പ്രവേശിക്കുന്നത്. അതിന്റെ ആവേശം പാർട്ടി അണികളിലും അനുഭാവികളിലും പ്രകടമായിരുന്നു. പിണറായിയെ ധർമ്മടത്തെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് ധർമ്മടം ഏരിയാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളും മണ്ഡലത്തിലെ ഇടതു മുന്നണിയുടെ ശക്തി അളക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. ഇ.എം.എസ്, എ.കെ.ജി. അനുസ്മരണ റാലി ഉദ്ഘാടനം ചെയ്യാനായിരുന്നു പിണറായി എത്തിയത്.

എക്കാലത്തും സിപിഐ.(എം)യുടെ മോസ്‌ക്കോ എന്നറിയപ്പെടുന്ന പെരളശ്ശേരിയിലായിരുന്നു റാലി നടന്നത്. റാലിക്കു മുമ്പ് വേദിയിലേക്കു പോകുമ്പോഴും റാലി കഴിഞ്ഞു മടങ്ങുമ്പോഴും യുവാക്കളും സ്ത്രീകളും തങ്ങളുടെ സ്ഥാനാർത്ഥി കൂടിയായ പിണറായിയെ മൊബൈൽ ഫോണിൽ പകർത്താൻ മത്സരിച്ചു. പതിവു ഗൗരവത്തിന് ഇടവേള നൽകി ഫലിതം പറഞ്ഞും നിറഞ്ഞുചിരിച്ചും പിണറായി ഒരു ജനകീയ സ്ഥാനാർത്ഥിയായി മാറുന്നതാണ് കണ്ടത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കെ.പി.സി. സി. പ്രസിഡണ്ട് വി എം. സുധീരനേയും കടന്നാക്രമിച്ചാണ് പിണറായിയുടെ മണ്ഡലത്തിലെ അരങ്ങേറ്റം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏകാധിപതിയാണെന്നും അതിസമ്പന്നരുടെ കയ്യിൽ പണം മറിയുമ്പോൾ അതിനു വഴിപ്പെടുകയാണ് അദ്ദേഹമെന്നും റാലി ഉത്ഘാടനം ചെയ്തു കൊണ്ട് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മൂന്ന് മന്ത്രിസഭായോഗങ്ങൾ ഉമ്മൻ ചാണ്ടി വിളിച്ചു ചേർത്തു. മെത്രാൻ കായൽ നികത്താനുള്ള ഉത്തരവ്, കരുണ എസ്‌റ്റേറ്റ് പതിച്ചു നൽകൽ, ഇതെല്ലാം അസാധാരണ നടപടിയാണ്.

ഇനി തങ്ങൾക്ക് അധികാരത്തിന് അവസരമില്ലെന്നു കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതിനെല്ലാം പിറകിൽ. കെപിസിസി. പ്രസിഡണ്ട് വി. എം. സുധീരൻ ചില നടപടികൾ ചോദ്യം ചെയ്യുന്നത് നല്ലതു തന്നെ. എന്നാൽ അദ്ദേഹത്തിന് ഒന്നും തിരുത്താനാവുന്നില്ല. ഉമ്മൻ ചാണ്ടിക്ക് വഴിപ്പെടുന്ന ആളായി സുധീരൻ മാറുന്നതാണ് കാണുന്നത്. അഴിമതിക്കാരനായ ഒരു മന്ത്രിയോടുപോലും മാറിനിൽക്കാൻ പറയാൻ സുധീരന് കഴിയുന്നില്ല.

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന് ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശൻ പഴയ ബേപ്പൂർ മോഡൽ കോ ലീ ബി സഖ്യത്തിന് കളമൊരുക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനവിധി അട്ടിമറിക്കാൻ ആർ.എസ്. എസ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പിണറായി ആരോപിച്ചു. പിണറായിയുടെ ആദ്യ വരവിൽ തന്നെ ധർമ്മടം മണ്ഡലം തിരഞ്ഞെടുപ്പ് ലഹരിയിലേക്ക് എത്തിനിൽക്കയാണ്.

യു.ഡി.എഫ് ഈ മണ്ഡലത്തിൽ ആരെയാണ് മത്സരിപ്പിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തു കഴിഞ്ഞിട്ടില്ല. ഔദ്യോഗികമായി തിരഞ്ഞെടുപ്പു പ്രചാരണയോഗമല്ലെങ്കിലും ഫലത്തിൽ പിണറായിയുടെ തിരഞ്ഞെടുപ്പുവേദിയായി ഈ ചടങ്ങ് മാറി. സ്വന്തം തട്ടകത്തിൽ തന്നെ മത്സരിക്കാനുള്ള നിയോഗത്തിൽ തികച്ചും സന്തോഷവാനായാണ് പിണറായിയുടെ തുടക്കം. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളിയായ കോൺഗ്രസ്സിലെ മമ്പറം ദിവാകരനെ 15,162 വോട്ടിനാണ് സിപിഐ.(എം)യിലെ കെ.കെ.നാരായണൻ പരാജയപ്പെടുത്തിയത്.

പിണറായിയെ എതിർക്കാൻ ചാവേറായി മത്സരിക്കുന്നതിനു പകരം ശക്തനായ നേതാവ് വരണമെന്നാണ് കോൺഗ്രസ്സിലെ ഭൂരിഭാഗത്തിന്റേയും അഭിപ്രായം. എൽ.ഡി.എഫ്. അധികാരത്തിൽ വരികയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ ഏറെ സാധ്യതയുള്ള പിണറായിക്ക് 20,000 ലേറെ ഭൂരിപക്ഷം നേടി വിജയിപ്പിക്കാനുള്ള നീക്കമാണ് ധർമ്മടത്ത് നടന്നു വരുന്നത്.