കോട്ടയം: സോളാർ ചൂടിൽ തിളച്ചു മറിയുകയാണ് സംസ്ഥാന രാഷ്ട്രീയം. യുഡിഎഫ് നേതാക്കളെ കുടുക്കാനുള്ള വജ്രായുധമെന്ന വിധത്തിൽ പിണറായി വിജയൻ സോളാർ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതോടെ ആകെ ആശങ്കയും വെപ്രാളവുമാണ് എങ്ങും. ഇങ്ങനെ സംസ്ഥാന രാഷ്ട്രീയം തിളച്ചു മറിയുന്നതിന് ഇടെയിലാണ് സംസ്ഥാന കായിക മേളയ്ക്ക് ഇന്ന് കോട്ടയം ജില്ലയിലെ പാലയിൽ തുടക്കമായത്. കെ എം മാണിയുടെ തട്ടകമായ പാലയിലേക്ക് എത്തിയ കായിക മേളയ്ക്ക് മികച്ച ഒരുക്കങ്ങളുമായി മാണി തന്നെ രംഗത്തുണ്ടായിരുന്നു. അതിഥികളെ ക്ഷണിക്കുന്ന കാര്യത്തിലും അച്ചടിയുടെ കാര്യത്തിലും ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാതെ തന്നെ കായികമേളയുടെ ഉദ്ഘാടനം നടത്തുന്നു.

കായികമേളയുടെ ഉദ്ഘാടകനായ പിണറായിക്കൊപ്പം ആരൊക്കെ വേദി പങ്കിടുമെന്ന കാര്യത്തിൽ അൽപ്പം രാഷ്ട്രീയമുണ്ടായിരുന്നു താനും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു എങ്കിലും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടി സ്വയം വഴിമാറി. ചടങ്ങിൽ നിന്നും ഉമ്മൻ ചാണ്ടി വിട്ടു നിന്നെങ്കിലും സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശ വിധേയനായ ജോസ് കെ മാണി ഉദ്ഘാടന വേദിയിലും പങ്കാളിയായി. പുതുതായി സ്ഥാപിച്ച സിന്തറ്റിക് ട്രാക്കിന്റെയും കൂടി ഉദ്ഘാടനം ഇതോടൊപ്പം നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചടങ്ങിനെത്തി.

പാലയിൽ വെച്ചു നടക്കുന്ന കായികമേളയിൽ കാരണവരുടെ റോളിൽ പാലക്കാരുടെ സ്വന്തം മാണിസാറായിരുന്നു. എല്ലാം ഒകെയല്ലേ.. എന്നു പറഞ്ഞ് കാര്യങ്ങൾ തിരക്കുകയായിരുന്നു അദ്ദേഹം. മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. എല്ലാവർക്കും ഇരിപ്പിടം കിട്ടിയിലേയെന്നത് അടക്കമുള്ള കാര്യങ്ങൾ കെ എം മാണി ശ്രദ്ധിച്ചു. ഇടയ്ക്ക് മാണി വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായിക്ക് ഒരു കത്ത് കൈമാറി. എന്തായിരിക്കും ആ കത്തിലെ ഉള്ളടക്കം എന്ന് മാധ്യമപ്രവർത്തകർക്ക് അടക്കം കൗതുകം ഉണ്ടായി. എന്നാൽ, തന്റെ പ്രസംഗത്തിൽ തന്നെ എന്താണ് പറഞ്ഞതെന്ന് കെ എം മാണി വ്യക്തമാക്കി.

മാർച്ച് പാസ്റ്റ് തുടങ്ങി നിമിഷങ്ങൾക്കകം സി രവീന്ദ്ര നാഥിനോട് പറഞ്ഞശേഷം മാണി ഇരിപ്പിടത്തിലേക്ക് മടങ്ങി. സീ രവീന്ദ്രനാഥും മൊയ്തീനുമായി കുശല പ്രശ്‌നങ്ങൾ നടത്തിയെങ്കിലും പിണറായിയോട് കാര്യമായി ഒന്നും പറഞ്ഞില്ല. എന്നാൽ, പിണറായി പതിവു ഗൗരവം വിട്ടതുമില്ല. മാണിസാറിന് പേരിനൊരും ഹസ്താനത്തിൽ സ്‌നേഹപ്രകടനം ചുരുക്കി. ഇരിപ്പിടത്തിലെത്തി മകൻ ജോസ് കെ മാണി മാണിയോട് രഹസ്യസംഭാഷണവും നടത്തി. എല്ലാ ഒരുക്കങ്ങളും ശരിയല്ലേ എന്നായിരുന്നു ജോസ് കെ മാണിയോട് മാണിസാർ ചോദിച്ചത്.

അതേസമയം പിണറായി ശ്രദ്ധിച്ചില്ലെങ്കിലും ജോസ് കെ മാണി ഒന്നു രണ്ടു വട്ടം സംസാരിക്കാനടുക്കുന്നതും കാണാമായിരുന്നു. നേരത്തെ സ്വാഗതപ്രസംഗികന്റെ സ്ഥാനത്ത് ജോസ് കെ മാണിയുടെ പേരായിരുന്നു അച്ചടിച്ചത്. ഇത് വിവാദമായതോടെ കെ എം മാണി തന്നെ സ്വാഗത പ്രാസംഗികന്റെ റോളിലെത്തി. ആശംസാപ്രസംഗികരിൽ ഒരാൾ മാത്രമായി ജോസ് കെ മാണി മാറുകയും ചെയ്തു. സോളാർ കേസിൽ പ്രതിപക്ഷത്തെ പ്രമുഖരുൾപ്പടെ ഉള്ളവർക്കെതിരേ ബലാൽസംഗത്തിനൾപ്പടെ കേസെടുക്കുമെന്ന് മുഖ്യമമന്ത്രി പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതവും അസാധാരവുമായ രാഷ്ട്രീയ നീക്കത്തിൽ ഇരുവിഭാഗങ്ങളും കരുതിയാണ് നീങ്ങുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയും വേദി പങ്കിട്ടത്.

കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാർത്ഥിയെ ആദരിക്കലാലായിരുന്നു ഉമ്മൻ ചാണ്ടിയുടെ റോൾ. എന്നാൽ ഉമ്മൻ ചാണ്ടി എത്താതിരുന്നതോടെ ഈ ചടങ്ങ് മറ്റൊരാൾ നടത്തുകയും ചെയത്ു. കായിക മേള ഉദ്ഘാടനം ചെയത പിണറായി വിജയൻ കായിക വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി. കായിക മേളയുടെ ആദ്യ ദിവസം എറണാകുളം ജില്ലയാണ് മുന്നിൽ.