മലപ്പുറം: സംസ്ഥാനത്ത് സ്വർണ്ണക്കടത്തു വിവാദം കത്തി നിൽക്കുന്ന വേളയിലാണ് തവനൂരിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്തത്. ഐക്യ കേരള രൂപീകരണത്തിന് ശേഷം സർക്കാർ നിർമ്മിച്ച ആദ്യ സെൻട്രൽ ജയിലാണ് മലപ്പുറം തവനൂർ കൂരടയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വലിയ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ട് വലിയ സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി നടന്നത്. കറുപ്പു മാസ്‌ക്കും, കറുപ്പു ഷർട്ടുമെല്ലാം വിവാദമായ സാഹചര്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സംസ്ഥാന സർക്കാർ പണി ആദ്യ ജയിലിൽ കഴിയാനുള്ള യോഗം ആർക്കെന്ന വിധത്തിലാണ് ചർച്ചകളും നടക്കുന്നത്. തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പൊതുസമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം.

മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്‌സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പരിപാടിയിൽ കെ.ടി.ജലീൽ എംഎ‍ൽഎ അധ്യക്ഷനായിരുന്നു. പരിഷ്‌കൃത സമൂഹത്തിനനുസരിച്ച് ജയിൽ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകൾ വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.

അന്തേവാസികളുടെ ശാരീരികവും മാനസികവുമായ തിരുത്തൽ പ്രക്രിയകൾക്ക് ഉതകുന്ന രീതിയിൽ ജയിൽ അന്തരീക്ഷം മാറണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കേരള സർക്കാർ നിർമ്മിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്. മൂന്ന് നിലകളിലായി 706 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മറ്റ് മൂന്ന് ജയിലുകളിൽനിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമ്മാണം.

'യു' ആകൃതിയിൽ മൂന്ന് നിലകളിലായാണ് ജയിൽ നിർമ്മിച്ചിരിക്കുന്നത്. നിലവിലെ സെൻട്രൽ ജയിലുകളുടെ നിർമ്മാണ രീതിയിൽനിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സി.സി.ടി.വി ക്യാമറ, വീഡിയോ കോൺഫറൻസ് സിസ്റ്റം, തടവുകാർക്കായി ആധുനിക രീതിയിലുള്ള കൂടിക്കാഴ്ചാ മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള, തുടങ്ങിയവയാണ് ജയിലിൽ ഒരുക്കിയിട്ടുള്ളത്.

തടവുകാർക്ക് ഫ്‌ളഷ് ടാങ്ക് സൗകര്യത്തോടെ യുള്ള 84 ടോയ്‌ലറ്റുകളും ഷവർ സൗകര്യത്തോടെ ഉള്ള 44 ബാത്ത്റൂമുകൾ ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങൾക്ക് വേണ്ടി ഒരു കെട്ടിടവും നിലവിലുണ്ട്. തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ ശാലകൾക്ക് വേണ്ടിയുള്ള ഹോം സൗകര്യവും കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തടവുകാരെ ചികിത്സിക്കുന്നതിനായി ഇനിയും പുറത്തുള്ള ആശുപത്രുകളെ ആശ്രയിക്കേണ്ടിവരും. സെൻട്രൽ ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളിൽ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും.

കോഴിക്കോട്ടും കറുപ്പിന് വിലക്ക്

അതിനിടെ മുഖ്യമന്ത്രി കോഴിക്കോട് ജില്ലയിലെ പരിപാടികളിലാണ് ഇപ്പോൾ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിക്കെത്തുന്ന വിശ്വാസികൾ കറുപ്പ് ഒഴിവാക്കാൻ നിർദ്ദേശം നൽകി. കറുത്ത മാസ്‌കോ ഷാളോ ധരിച്ച് ഇടവകകളിൽനിന്ന് വിശ്വാസികൾ വരുന്നത് ഒഴിവാക്കണമെന്നാണ് രൂപതാ അധികൃതർ നിർദ്ദേശം നൽകിയത്. ഇന്നു വൈകീട്ട് മുഖ്യമന്ത്രി കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

കറുത്ത മാസ്‌കോ ഷാളോ ധരിക്കരുതെന്ന പൊലീസ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസികൾക്ക് വാട്സാപ്പ് വഴി നിർദ്ദേശം നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം പരിപാടിയിലേക്ക് പുറത്തുനിന്ന് പ്രതിഷേധക്കാർ വന്നേക്കുമെന്ന ആശങ്കയുണ്ട്. ആ സാഹചര്യത്തിൽ വിശ്വാസികൾ ഏതെങ്കിലും വിധത്തിൽ തർക്കത്തിൽ ഭാഗമാകേണ്ടതില്ലെന്നതുകൊണ്ടാണ് നിർദ്ദേശം നൽകിയതെന്നാണ് രൂപതാ അധികൃതർ പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റു പരിപാടികളിലെല്ലാം കറുപ്പ് മാസ്‌കിന് വരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് ഒഴിവാക്കി ചടങ്ങിനെത്തണമെന്ന് രൂപതാ അധികൃതർ തന്നെ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയത്.