- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് പക്ഷത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ സിപിഐ(എം) മുമ്പേ തീരുമാനിച്ചു; ഫ്രാൻസിസ് ജോർജ്ജും കൂട്ടരും മുന്നണി വിടും മുമ്പേ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തം; പത്ത് വർഷത്തിന് ശേഷം പിണറായി വിജയന്റെ അഭിമുഖവുമായി സമകാലിക മലയാളം വാരിക
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ സിപിഐ(എം) തീരുമാനിച്ച് ഉറപ്പിച്ചുവച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്ന വിശദീകരണവുമായി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇന്ന് പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിലാണ് പിണറായി രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള മറു
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ സിപിഐ(എം) തീരുമാനിച്ച് ഉറപ്പിച്ചുവച്ചിരിക്കുകയാണെന്നു വ്യക്തമാക്കുന്ന വിശദീകരണവുമായി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇന്ന് പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിലാണ് പിണറായി രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള മറുപടി നൽകിയിരിക്കുന്നത്. ജോസഫ് പക്ഷം നേരത്തേ ഇടതുമുന്നണി വിട്ടത് എന്തിനാണെന്ന് തങ്ങൾക്കറിയില്ല എന്നും അവരും കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും പിണറായി പറയുന്നു.
തിരിച്ചുവരുന്നോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾക്കൊന്നേ പറയാനുള്ളു. ജോസഫ് ഉൾപ്പെടെ വരുന്നതിൽ ഞങ്ങൾക്ക് വിപ്രതിപത്തിയൊന്നുമില്ല. അതായത് തള്ളിക്കളയില്ല. ജോസഫ് ഇല്ലാതെ വരുന്നോ. അപ്പോഴും ഞങ്ങൾ എതിർക്കില്ല. അവർ എൽഡിഎഫിന്റെ ഭാഗമായിരുന്നവരാണ്. എന്നാണ് വിശദീകരണം. ജോസഫ് പക്ഷത്തനുന്ന് ഫ്രാൻസിസ് ജോർജ്ജ്, ഡോ. കെ സി ജോസഫ്, പി സി ജോസഫ്, ആന്റണി രാജു എന്നീ നേതാക്കൾ രാജിവച്ചത് വ്യാഴാഴ്ചയാണ്. എന്നാൽ ദിവസങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖത്തിൽ ഇവരോടുള്ള സിപിഐ(എം) നിലപാട് സംശയങ്ങൾക്ക് ഇടയില്ലാത്ത വിധമാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്.
മാത്രമല്ല അവരെ ഘടക കക്ഷിയാക്കുമെന്ന സൂചനയും പിണറായി നൽകുന്നു. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആർഎസ്‌പി വിട്ട് വന്നപ്പോൾ അവരെ ഇടതുമുന്നണി സ്വീകരിച്ചുവെന്നും ഒരിക്കൽ മുന്നണിയുടെ ഭാഗമായിരുന്നവരാണ് അവർ എന്നതാണു കാരണമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് അതേ പരിഗണന ജോസഫ് പക്ഷത്തിനും ലഭിക്കുമെന്നാണ് പിണറായി വിശദീകരിക്കുന്നത്. മുന്നണിയുടെ ഭാഗമായിരുന്നവർക്കു മാത്രം ബാധമകമായ കാര്യമാണ് ഇതെന്നും പറയുന്നു.
ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് സഹായിക്കാനും തിരിച്ച് ബിജെപിയുടെയും ആർഎസ്എസിന്റെയും സഹായം കോൺഗ്രസിന് ഉറപ്പാക്കാനുമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ശ്രമമെന്ന് പിണറായി ആരോപിക്കുന്നു. ഇതിന് ഇടനിലക്കാരനായി നിൽക്കുന്നത് വെള്ളാപ്പള്ളി നടേശനാണ്. വർഷങ്ങൾക്കു മുമ്പ് വടകരയിലും ബേപ്പൂരിലും പരീക്ഷിച്ചു പരാജയപ്പെട്ട കോൺഗ്രസ്, ലീഗ്, ബിജെപി സഖ്യത്തിന്റെ പുതിയ രീതിയാണ് ഇത്. ആർഎസ്എസിനു വേണ്ടി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വെള്ളാപ്പള്ളി ആർഎസ്എസിന്റെ ഭാഗമായിരിക്കുകയാണ്.
എന്നാൽ എസ്എൻഡിപി യോഗം പ്രവർത്തകർ അതിനു കൂട്ടുനിൽക്കില്ല. കാരണം അവർ അംഗീകരിക്കുന്നത് ശ്രീനാരായണ ഗുരുവിനെയാണ്. ഗുരുവിനെ അംഗീകരിക്കുന്നവർക്ക് ആർഎസ്എസിനെ അംഗീകരിക്കാനാകില്ല. സിപിഎമ്മിൽ ഇപ്പോൾ വിഭാഗീയത ഇല്ലെന്നും എന്നാൽ ലക്ഷങ്ങൾ അണിനിരക്കുന്ന പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും പിണറായി പറയുന്നു.
ഒരു പതിറ്റാണ്ടിന് ശേഷമാണ് മലയാളം വാരികയിൽ പിണറായി വിജയന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ സിപിഐ(എം) വിഭാഗീയത മൂർദ്ധന്യാവസ്ഥയിൽ നിന്ന വേളയിൽ വി എസ് പക്ഷത്ത് നിലയുറപ്പിച്ച മാദ്ധ്യമാണ് സമകാലിക മലയാളം. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നില്ല. ഇപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന വിധത്തിൽ പ്രചരണം ശക്തമായപ്പോഴാണ് അഭിമുഖവും മലയാളത്തിൽ വന്നത്. നേരത്തെ മാതൃഭൂമിയുമായുള്ള പിണക്കവും പിണറായി പരിഹരിച്ചിരുന്നു. മാതൃഭൂമിയിൽ പിണറായി വിജയന്റെ വിശദമായ അഭിമുഖവും പ്രസിദ്ധീകരിക്കുകയുണ്ടായി.