ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്ന ലാവലിൻ കേസ് വീണ്ടും സജീവമാകുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു എന്നതാണ് കേരള രാഷ്ട്രീയത്തിൽ എന്ന പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണ്ണായകമാകുന്നത്. സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട അപ്പീൽ അടക്കമുള്ള രേഖകൾ കേന്ദ്രനിയമമന്ത്രാലയം തയ്യാറാക്കി. പ്രമുഖ ദേശീയ ചാനലായ എൻഡിടിവിയാണ് ലാവലിൻ കേസിലെ നിർണായക നീക്കങ്ങൾ റിപ്പോർട്ട് ചെയ്തത്.

മുൻ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയൻ കേസിൽ വിചാരണ നേരിടണം എന്ന ആവശ്യമാണ് നിയമമന്ത്രാലയം മുന്നോക്കു വെക്കുന്നത്. ഇതിനായി രേഖകൾ തയ്യാറാക്കുകയാണ് മന്ത്രാലയം. ഹൈക്കോടതി വിധിക്കെതിരെ 90 ദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ അപ്പീൽ സമർപ്പിക്കേണ്ട 90 ദിവസം നവംബർ 21 ന് അവസാനിച്ചിട്ടും, സിബിഐ നടപടികൾ സ്വീകരിക്കാതിരുന്നത് വിമർശനവിധേയമായിരുന്നു. തുടർന്നാണ് അപ്പീൽ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും, വൈകിയതിനുള്ള മാപ്പപേക്ഷ സഹിതം അപ്പീൽ സമർപ്പിക്കാനാണ് പദ്ധതിയെന്നും സിബിഐ അറിയിച്ചത്.

ഓഗസ്റ്റ് 23 നാണ് കേരള ഹൈക്കോടതി പിണറായി വിജയനെയും, മുൻ ഊർജ്ജ സെക്രട്ടറി മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചത്. കേസിൽ പിണറായിയെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു എന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വൈദ്യുതി ബോർഡ് കൊണ്ടുവന്ന പദ്ധതിക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്നും പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി ചോദിച്ചു.

അതേസമയം കെഎസ്ഇബി മുൻ ചെയർമാൻ വി ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എഞ്ചിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർക്കെതിരായ കുറ്റം നിലനിൽക്കുമെന്നും, ഇവർക്കെതിരായ വിചാരണ തുടരാമെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി വിധി അനീതിയാണെന്നാണ് ഇവരുടെ വാദം.

ലാവലിൻ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി 2013 നവംബർ അഞ്ചിന് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ കമ്പനിയുമായി ഒപ്പിട്ട കരാരാണ് കേസിന് ആസ്പദമായത്. ലാവലിന് കരാർ നൽകിയതിൽ പ്രത്യേക താൽപ്പര്യമുണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ആക്ഷേപം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന ജി കാർത്തികേയനാണ് ലാവലിനുമായി കൺൾട്ടൻസി കരാർ ഉണ്ടാക്കിയത്.

എന്നാൽ നായനാർ സർക്കാരിൽ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനാണ് അന്തിമകരാർ ഒപ്പുവെച്ചത്. നവീകരണ കരാറിനോട് അനുബന്ധിച്ചുള്ള ധാരണ അനുസരിച്ച് മലബാർ കാൻസർ സെന്ററിന് ലാവലിനിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം ലഭിക്കാതെ പോയതാണ് ആക്ഷേപത്തിന് കാരണമായത്. ഇതിന് പിന്നിൽ പിണറായി വിജയൻ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, ക്രമക്കേടിനോ, ഗൂഢീലോചനയ്ക്കോ തെളിവില്ലെന്നുമാണ് പിണറായി വിജയനും സിപിഎമ്മും അഭിപ്രായപ്പെടുന്നത്.