- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ ചെയ്ത മാദ്ധ്യമങ്ങൾ ഇനിയെങ്കിലും മാപ്പു പറയുമോ? പിണറായി കരുത്തരായത് വിമർശന കൂരമ്പുകളേറ്റ്; കേരള മുഖ്യമന്ത്രിയായി 'വിജയൻ യുഗം' ആരംഭിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം
നട്ടെല്ല്! അങ്ങനെയാരു സാധനം ഇന്ന് കേരളത്തിൽ ഉണ്ടോ? കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വളയാത്ത നട്ടെല്ലുണ്ട് എന്ന ഒറ്റക്കാരണം മതി ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ വ്യത്യസ്തനാക്കാൻ. കർമ്മശ്ശേഷിയുള്ള കാർക്കശ്യക്കാരനായ രാഷ്ട്രീയക്കാരനായി പിണറായി മാദ്ധ്യമങ്ങളുടെ കൂരുമ്പുകൾ നിരവധി ഏറ്റുകൊണ്ടും വളഞ്ഞിട്ടുള്ള ആക്രമണങ്ങളെയും അതിജീവിച്ചാണ് മുഖ്യമന്ത്രിയാകുന്നത്. എത്രത്തോളം മാദ്ധ്യമ ആക്രമണങ്ങൾ അദ്ദേഹം നേരിട്ടുന്ന എന്ന് വ്യക്തമാക്കുന്ന പോയ കാലങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഈ ലേഖനം. കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി കേരള രാഷട്രീയത്തിന്റെ ഒരു പ്രധാന അജണ്ട പിണറായിയായിരുന്നു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കമൽറാം സജീവ് ഒരിക്കൽ എഴുതിയതു പോലെ ' അങ്ങനെ പിണറായി വിജയന്റെ വീടിനെക്കുറിച്ചും, മക്കളെക്കുറിച്ചും, ശരീരഭാഷയെക്കുറിച്ചുമെല്ലാം ചിന്തിച്ചും എഴുതിയും നമ്മുടെ ഒരു കൊല്ലംകൂടി പൊലിയുന്നു'. (കുലംകുത്തി, പരനാറി, നികൃഷ
നട്ടെല്ല്! അങ്ങനെയാരു സാധനം ഇന്ന് കേരളത്തിൽ ഉണ്ടോ? കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വളയാത്ത നട്ടെല്ലുണ്ട് എന്ന ഒറ്റക്കാരണം മതി ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ വ്യത്യസ്തനാക്കാൻ. കർമ്മശ്ശേഷിയുള്ള കാർക്കശ്യക്കാരനായ രാഷ്ട്രീയക്കാരനായി പിണറായി മാദ്ധ്യമങ്ങളുടെ കൂരുമ്പുകൾ നിരവധി ഏറ്റുകൊണ്ടും വളഞ്ഞിട്ടുള്ള ആക്രമണങ്ങളെയും അതിജീവിച്ചാണ് മുഖ്യമന്ത്രിയാകുന്നത്. എത്രത്തോളം മാദ്ധ്യമ ആക്രമണങ്ങൾ അദ്ദേഹം നേരിട്ടുന്ന എന്ന് വ്യക്തമാക്കുന്ന പോയ കാലങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഈ ലേഖനം.
കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി കേരള രാഷട്രീയത്തിന്റെ ഒരു പ്രധാന അജണ്ട പിണറായിയായിരുന്നു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കമൽറാം സജീവ് ഒരിക്കൽ എഴുതിയതു പോലെ ' അങ്ങനെ പിണറായി വിജയന്റെ വീടിനെക്കുറിച്ചും, മക്കളെക്കുറിച്ചും, ശരീരഭാഷയെക്കുറിച്ചുമെല്ലാം ചിന്തിച്ചും എഴുതിയും നമ്മുടെ ഒരു കൊല്ലംകൂടി പൊലിയുന്നു'. (കുലംകുത്തി, പരനാറി, നികൃഷ്ടജീവി, നല്ല നമസ്‌കാരം.... പിണറായിയുടെ വാക്കുകൾപോലും പിൽക്കാലത്തെ ചരിത്രമാവുന്നു. ഇത്രയൊക്കെ സമ്മർദ്ദമുണ്ടായിട്ടും പറഞ്ഞ ഒരുവാക്കും പിൻവലിക്കാനോ തിരുത്താനോ പിണറായി തയ്യാറായിട്ടില്ല) ഇത്രയധികം കുപ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കും വ്യാജ ആരോപണങ്ങൾക്കും വിധേയനായ ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിൽ തന്നെ അത്യപൂർവമായിരിക്കും. കേരളത്തിലെ മാദ്ധ്യമ ചരിത്രത്തിൽ എക്കാലത്തെയും കറുത്ത അധ്യായമായിരിക്കും അവർ പിണറായിക്കുനേരെ ഉന്നയിച്ച ദുരാരോപണങ്ങൾ.
നടൻ മോഹൻലാലും രഞ്ജി പണിക്കരുമെല്ലാം ഒരിക്കൽ ചൂണ്ടിക്കാട്ടിയപോലെ അക്ഷരാർഥത്തിൽ അഗ്നിപരീക്ഷയിലൂടെ കടന്നുവന്ന നേതാവാണ് അദ്ദേഹം. പക്ഷേ പിണറായി വിജയനോട് അതേക്കുറിച്ച് ചോദിച്ചുനോക്കുക. ഒരു പുഞ്ചിരിപോലുമില്ലാതെ മറുപടി പറയും.' ഇതെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായതുകൊണ്ടു വന്നുചേർന്നതാണ്. നമ്മളിലൂടെ പ്രസ്ഥാനത്തെ തകർക്കാനായിരുന്നു ശ്രമം. പിണറായി വിജയൻ എന്ന വ്യക്തിയോട് ആർക്കും വിദ്വേഷമില്ല. എനിക്ക് തിരിച്ചും. മുമ്പ് അഴീക്കോടൻ രാഘവന്റെയെല്ലാം പേരിൽ എന്തെല്ലാം ദുരാരോപണങ്ങളാണ് പാർട്ടിവിരുദ്ധർ ഉയർത്തിക്കൊണ്ടുവന്നത്. അഴിമതിക്കോടൻ എന്ന് വിളിച്ചായിരുന്നു അന്ന് അവർ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നത്. പിന്നെ ഞാൻ എപ്പോഴും പറയാറുള്ളപോലെ 'മടിശ്ശീലയിൽ കനമുള്ളവനല്ലേ, വഴിയിൽ പേടിക്കാനുള്ളൂ.'
പിണറായിയുടെ ആരാധകനൊന്നുമല്ല ഈ ലേഖകൻ. അദ്ദേഹത്തിന്റെ പല നയങ്ങളോടും കടുത്ത വിയോജിപ്പുമുണ്ട്. എന്നുവച്ച് ഒരാൾക്കെതിരെ പത്തുപതിനഞ്ചുകൊല്ലം നിരന്തരമായി അപവാദം പ്രചരിപ്പിക്കാമോ. സ്വാഭാവികമായും മാദ്ധ്യമങ്ങൾ എല്ലാ പാർട്ടികളെയും വിചാരണചെയ്യും, വിമർശിക്കും. പക്ഷേ പച്ച നുണകൾ യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന പ്രവണത എങ്ങനെയുണ്ടായി. ഒരു നുണ പൊളിയുമ്പോൾ അടുത്ത നുണ. അതുപൊളിയുമ്പോൾ മറ്റൊന്ന്. ഈ രീതിയിൽ പോവുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾ പിണറായിക്കെതിരെ എഴുതിയ വ്യാജ വാർത്തകൾ. ഒരിക്കൽ പിണറായി തന്നെ പറഞ്ഞപോലെ 'എന്തൊക്കെയായാലും അവരുടെ സ്ഥിരോൽസാഹം സമ്മതിക്കണം'. പാർട്ടി ഗ്രൂപ്പിസത്തിന് വഴിമരുന്നിട്ട് വി എസ്. അച്യുതാനന്ദൻ എടുത്ത നിലപാടുകൾ കൂടിയായതോടെ ഈ വേട്ടക്ക് ആക്കം കൂട്ടി. വ്യാജാരോപണ തീമഴകൾക്കിടയിലും കുനിയാത്ത ശിരസ്സും വളയാത്ത നട്ടെല്ലുമായി പിണറായി അക്ഷോഭ്യനായി നടന്നു. മറ്റൊരു രീതി പറഞ്ഞാൽ മാദ്ധ്യമ മാഫിയക്കെതിരെ (അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മാദ്ധ്യമ സിൻഡിക്കേറ്റ്) പൊരുതിയുള്ള ഒറ്റയാൻ ജയമാണ് പിണറായിയുടേത്. തങ്ങൾ വിചാരിച്ചാൽ ആരെയും തകർക്കാമെന്ന മാദ്ധ്യമങ്ങളുടെ ഹുങ്കിനേറ്റ തിരിച്ചടി.
പിണറായിവേട്ട വന്ന വഴികൾ
മാദ്ധ്യമങ്ങൾക്ക് അപ്രിയനാവുന്നതോടെ നായകൻ വില്ലനാവുന്നത് എങ്ങനെയാണെന്നതിന്റെ സാംസ്‌കാരിക പഠനമായി വേണമെങ്കിൽ പിണറായി വിജയൻ എപ്പിസോഡുകൾ പത്ര പ്രവർത്തന വിദ്യാർത്ഥികൾ പഠിക്കേണ്ടതാണ്. 1998 ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ നമ്മുടെ മാതൃഭൂമിയും മനോരമയും അടക്കമുള്ള പത്രങ്ങൾ എഴുതിയത് നോക്കുക. നായനാർ മന്ത്രിസഭയിൽ നിന്ന് മികച്ച ഒരു മന്ത്രിയെ നഷ്ടപ്പെട്ടെന്നും ഇത് ഫലത്തിൽ കേരള വികസനത്തിന് അങ്ങേയറ്റം ദോഷമാണെന്നും. മിന്നാമിനുങ്ങുപോലെ ബൾബ് കത്തുന്ന, രണ്ടര മണിക്കൂർ ലോഡ് ഷെഡ്ഡിങ്ങുള്ള ഒരു കാലത്തുനിന്ന് കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനായി അക്ഷീണമായി പണിയെടുത്തു പിണറായി വിജയനും സംഘവുമെന്ന് അന്നത്തെ പത്രങ്ങൾ ഒരു പോലെ എഴുതി.
കേരളത്തെ എക്കാലവും വിമർശന ബുദ്ധിയാൽ വിലയിരുത്താറുള്ള കാർട്ടൂണിസ്റ്റ് ഉണ്ണി അക്കാലത്ത് പറഞ്ഞത് ഇങ്ങനെ. 'പിണറായി വിജയനെപ്പോലുള്ള ചുരുക്കം ചില നേതാക്കൾക്കുമാത്രമേ കേരള വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളൂ'. അതായത് അന്ന് വികസനനായകനായിരുന്നു പിണറായി. ക്രമേണ വി എസ്. അച്യുതാനന്ദന്റെ സഹായത്തോടെ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ തീർത്തും വില്ലനാക്കി മാറ്റി. അതിനുള്ള കാരണവും പിണറായി പറയുന്നത് ഇങ്ങനെ.' എത് കാലത്തും സിപിഐ(എം) എന്ന പാർട്ടിക്ക് നേതൃത്വം കൊടുക്കുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ രീതി. അന്ന് ഇ.എം.എസും നായനാരും ഉള്ള കാലമാണ്. സ്വാഭാവികമായും വ്യക്തിഹത്യ അവർക്കുനേരെയായിരുന്നു'.
മുതൽ ഇങ്ങോട്ടുകണ്ടത് ലക്ഷണമൊത്ത പിണറായി വേട്ടയാണ്. പിണറായി വിജയൻ മുതലാളിത്ത രീതിയിൽ ആഡംബരമായി ജീവിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുന്ന ചില ലേഖനങ്ങളാണ് പിണറായി വേട്ടയുടെ ആദ്യഘട്ടത്തിൽ കണ്ടത്. മിമിക്രിക്കാർ ജയനെ കൃത്രിമമായി സൃഷ്ടിച്ചതുപോലെ കൃത്രിമമായൊരു പിണറായിയെയും ഈ വിശാരദന്മാർ സൃഷ്ടിച്ചു. അതിൽ ആഡംബരപ്രിയനും സുഖലോലുപനുമായ ഒരു നേതാവാണ് അദ്ദേഹം. എന്നാൽ, വസ്തുതയെന്താണ്. ഭക്ഷണത്തിലൊ, വസ്ത്രത്തിലൊ, സഞ്ചാരത്തിലൊ യാതൊരു നിർബന്ധവും ഉള്ളയാളല്ല പിണറായി. രണ്ടു തവി കഞ്ഞിയും അൽപ്പം പറയും കിട്ടിയാൽ സന്തോഷമാകുന്ന മനസ്സ്. എ.സി കാറിൽ യാത്ര ചെയ്തില്ലെങ്കിൽ സൺബേൺ അടിക്കുന്ന ന്യൂജൻ നേതാക്കൾക്ക് പിണറായി കടന്നുവന്ന തീച്ചൂളയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതാണ് സത്യം.[BLURB#1-H]
ഇനി പിണറായിയുടെ 'കൊട്ടാര സദൃശ്യമെന്ന്' പറഞ്ഞു പരത്തിയ വീട് നോക്കുക. കേരളത്തിലെ ഏതൊരു ശരാശരിക്കാരന്റെയും വീടിന്റെ വലിപ്പമേ അതിനുള്ളൂ. അതേക്കുറിച്ച് പിണറായി പറയുന്നത് നോക്കുക. 'വീട് ഞാൻ പുതിയതായി ഉണ്ടാക്കിയതല്ല. നിലവിലെ വീട് പുതുക്കിപ്പണിതതാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു വിവാദവും ഉണ്ടായിട്ടില്ല. വീടിനുവന്ന ചെലവും ബാങ്ക് വായ്പയും അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടിക്ക് നൽകിയതാണ്. പണ്ട് ഇ.എം.എസ് എന്റെ വീട്ടിൽ വന്നപ്പോൾ അകത്ത് ബാത്ത്റൂം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തട്ടുകൾ കയറി മുകളിലൊരിടത്തുപോയാണ് ഇ.എം.എസ് മൂത്രമൊഴിച്ചത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോഴത്തെകാലത്ത് ആരെങ്കിലും ഇതുപോലുള്ള വീട് ഉണ്ടാക്കുമോ എന്നതാണ്. പിന്നീട് ഇതുതന്നെ തിരിച്ചിട്ട് പിണറായിയുടെ വീട് കണ്ട് ഇ.എം.എസ് അത്ഭുതപ്പെട്ടുപോയി എന്ന് ചിലർ പ്രചരിപ്പിക്കുകയുണ്ടായി'. പിണറായിയുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകളുടെ എതാണ്ടൊരു രൂപം ഇങ്ങനെയാണ്.
കമല എക്സ്പോർട്ടിങ് കമ്പനി തൊട്ട് 'ലാവലിൻ സലാം' വരെ ബന്ധുക്കളും സ്വന്തക്കാരുമൊന്നും തന്റെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനോ ഭരണത്തിൽ സ്വാധീനിക്കാനോ ഒരു രീതിയിലും അനുവദിക്കാത്ത നേതാവാണ് പിണറായി. ഒരു വില്ലേജോഫിസിൽ പോലും പോയി പിണറായി വിജയന്റെ ബന്ധുത്വം പറയാൻ അദ്ദേഹത്തിന്റെ സ്വഭാവമറിയുന്നവർക്ക് പേടിയാണ്. മക്കളെയും ചെറുമക്കളെയും അനന്തരാവകാശികളായി രാഷ്ട്രീയത്തിൽ കൊണ്ടുവരികയും, ഭാര്യയുടെ പ്രസവത്തിന് സിറ്റിപൊലീസ് കമീഷണറെ കാവൽ നിർത്തുകയും ചെയ്യുന്ന ഊളന്മാർ ഉള്ള കാലത്താണ് ഇതെന്ന് ഓർക്കണം. തങ്ങൾക്കായി പ്രത്യേകിച്ചൊന്നും ചെയ്തുതരാത്ത, എന്തിന് ഒന്ന് കാണാൻപോലും കിട്ടാത്ത മനുഷ്യനായാണ് അദ്ദേഹത്തെ കുടുംബം വിലയിരുത്തുന്നത്. ഞാൻ സ്വന്തമായി ഏന്റെ ജീവിതം കണ്ടത്തെി. എന്റെ മക്കളും അതുപോലെ വേണം എന്നാണ് പിണറായിയുടെ നിലപാട്. ഒരു ഘട്ടത്തിൽ അത് അദ്ദേഹത്തിന് തിരച്ചടിയുമായി. ഒരു മകൻ വിദേശത്ത് പഠിക്കാൻപോയതും മകൾ സ്വാശ്രയ കോളജിൽ പഠിച്ചതുമെല്ലാം ഇങ്ങനെ ഉയർന്നുവന്ന വിവാദങ്ങളാണ്. സത്യത്തിൽ അത് ചർച്ച ചെയ്യേണ്ടതുമാണ്. പക്ഷേ അതിനിടയിൽ അർഥശൂന്യമായ വ്യക്തിഹത്യ നടത്താൻ, സിപിഎമ്മിൽനിന്ന് അച്ചടക്ക നടപടിക്ക് വിധേയരായി പുറത്താക്കപ്പെട്ട ചിലരുടെ സഹായത്തോടെ മാദ്ധ്യമങ്ങൾ കൂട്ടുനിന്നു. ലാവലിൻ കമ്പനിയെ സഹായിച്ചതിന്റെ പേരിൽ പിണറായി വിജയന് കിട്ടിയ പ്രത്യുപകാരമാണിതത്രേ.
ലാവലിൻ വിവാദം വന്നതോടെ പിണറായിക്കെതിരെ ആർക്കും എന്തും എഴുതാമെന്ന അവസ്ഥ വന്നു. സിംഗപ്പൂർ കേന്ദ്രമായി കമല എക്പോർട്ടിങ് എന്ന കമ്പനിയുണ്ടെന്നും (പിണറായിയുടെ ഭാര്യയാണ് കമല) അത് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും ഇന്ത്യാവിഷനുമൊകെ തട്ടിവിട്ടു. എന്നാൽ, അങ്ങനെയൊരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുപോലുമില്ലെന്നായിരുന്നു വസ്തുത. അത് ആരും കൊടുത്തതുമില്ല. ഓരോ വാർത്തയിലും തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ പൊളിയുമ്പോൾ വസ്തുത അറിയിക്കയെന്ന അടിസ്ഥാന പത്രപ്രവർത്തന ദൗത്യവും പത്രങ്ങൾ പാലിക്കാറില്ല. ടെക്നിക്കാലിയ എന്ന കൺസൺട്ടൻസ് കമ്പനി പിണറായി വിജയന്റെ ബിനാമി കമ്പനിയാണെന്നായിരുന്നു അടുത്ത ആരോപണം. പരിയാരം മെഡിക്കൽകോളജുമായി ബന്ധപ്പെട്ട് എം വി രാഘവൻ കൊണ്ടുവന്ന കമ്പനിയാണിതെന്നുപോലും ഓർക്കാതെയാണ് അവർ ആ നുണപൊട്ടിച്ചത്.
ലാവലിൻ കരാറിനെ എതിർത്ത വരദാചാരി എന്ന ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയൻ ഫയലിൽ എഴുതിയെന്നതായിരുന്നു അടുത്ത ബൽർ. ലാവലിനുമായി ബന്ധപ്പെട്ടല്ല, സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇങ്ങനെ പിണറായി വിയോജനക്കുറിപ്പ് എഴുതിയതെന്ന് പുറത്തുവന്നതോടെ അതും ചീറ്റിപ്പോയി. (അക്കാലത്ത് മനോരമ ന്യൂസിൽ ഷാനി പ്രഭാകരൻ വരാദാചാരിയുടെ തല വിവാദം എടുത്തിട്ട് നടത്തിയ ചർച്ച കാണേണ്ടതായിന്നു. സി.ആർ നീലകണ്ഠനടക്കമുള്ള ആസ്ഥാന ഫ്രോഡുകളൊക്കെ അണിനിരന്ന് ലാവലിനെയും അതുമായി ഒരു ബന്ധവുമില്ലാത്ത വരാദാചാരിയെയും കൂട്ടിക്കെട്ടി എന്തെല്ലാം വാചക കസർത്തുകളായിരുന്നു. എന്നിട്ട് വാർത്ത തെറ്റിയെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോൾ ഒരു ചെറിയ തിരുത്തുപോലും ഈ ഏഭ്യന്മാർ നൽകിയില്ല) ഇനി ലാവലിൻ കുറ്റപത്രം തന്നെനോക്കുക. ഒരു സംഭവമുമായി പ്രത്യക്ഷ ബന്ധം യാതൊന്നുമില്ലാത്ത ഒരാളെ എങ്ങനെ കേസിൽ കുടുക്കാമെന്നതിന്റെ കേസ് സ്റ്റഡിയാണിത്. വിചാരണക്കുപോലും എടുക്കാതെ ഒരു സിബിഐയുടെ ഒരു കേസ് കോടതി തള്ളണമെങ്കിൽ അതിന്റെ മെറിറ്റ് എന്തായിരിക്കും. മലബാറിൽ ഒരു കാൻസർ സെന്റർ വരണമെന്ന് പിണറായി ആഗ്രഹിച്ചതാണ് ഒരു വലിയ ആനക്കാര്യമായി സിബിഐ കണ്ടത്തെിയത്. പലതവണ വന്ന വിഷയമായതിനാൽ ഇത് കൂടുതൽ പറയുന്നില്ല.
പിണറായി വിജയൻ എന്ന വ്യക്തി പറ്റുന്ന അബദ്ധങ്ങൾപോലും വലിയ പ്രത്യയശാസ്ത്ര വിഷയമായും രാഷ്ട്രീയ വിഷയമായും മാറ്റിയെടുക്കാൻ ഇവർക്ക് കഴിയുന്നു എന്നതിന്റെ എറ്റവും നല്ല ഉദാഹരണമാണ് വെടിയുണ്ട വിവാദം. വധഭീഷണിയടക്കമുള്ള നിരവധി പ്രശ്നങ്ങൾ കണക്കിലെടുത്ത് പിണറായിക്ക് സർക്കാൻ അനുവദിച്ച ലൈസൻസുള്ള തോക്കുണ്ട്. ഒരു ദിവസം ചെന്നൈയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം തോക്ക് തന്റെ ബാഗിൽനിന്ന് ഒഴിവാക്കിയെങ്കിലും ഉണ്ടമാറ്റാൻ മറന്നു. സ്വാഭാവികമായും വിമാനത്താവള അധികൃതർ വെടിയുണ്ട കണ്ടത്തെി പിടികൂടി. പിണറായി രേഖകൾ ഹാജരാക്കിയപ്പോൾ വിട്ടുകൊടുക്കുകയും ചെയ്തു. ഈ സംഭവമാണ് ആയുധ നിയമപ്രകാരം കേസെടക്കാനുള്ള വകുപ്പുണ്ടെന്ന് ആരോപിച്ച് മാദ്ധ്യമങ്ങൾ പൊലിപ്പിച്ചത്. പിണറായിയുടെ തോക്കിന് ലൈസൻസില്ലെന്നായി ഒരുകൂട്ടർ. എല്ലാം പൊളിഞ്ഞപ്പോൾ ജാള്യത മാറ്റാൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട കമ്യൂണിസ്റ്റുകാർ തോക്കുമായി നടക്കേണ്ടവരാണോ എന്ന് പറഞ്ഞ് കെ.സി. ഉമേഷ്ബാബുവും ഡോ. ആസാദുമൊക്കെ രംഗത്തത്തെി! അപ്പോഴും തങ്ങളുടെ വാർത്തകൾ വസ്തുതാപരമായി തെറ്റായിരുന്നെന്ന് ഒരു മാദ്ധ്യമവും പറഞ്ഞില്ല. അങ്ങനെ എത്രയെത്ര നുണകൾ. പറഞ്ഞാൽ തീരില്ല. ലാവലിൽ കേസ് തള്ളിയിട്ടും ലാവലിൻ സലാം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരും കുറവല്ല.
ഗോപാലകൃഷ്ണൻ തൊട്ട് എം.എസ് മണിവരെ ആത്മവിശ്വാസമുള്ളവനെയും സ്വന്തംകാര്യം നോക്കി പോകുന്നവരെയെല്ലാം സംശയത്തോടെ കാണുന്ന ഒരു പ്രവണത മാദ്ധ്യമരംഗത്തുണ്ട്. ചില റിയാലിറ്റി ഷോകളിലൊക്കെ കാണുന്നപോലെ അമിതവിനയം നടിച്ച് നടക്കുന്ന ഒരു കൂട്ടത്തെയാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ മാനസികമായി ആഗ്രഹിക്കുന്നത്. പിണറായിയുടെ താൻപോരിമയും തൻേറടവുമെല്ലാം അവർക്ക് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എല്ലാവരും തങ്ങൾക്കുമുന്നിൽ ഓച്ഛാനിച്ച് നിൽക്കണമെന്ന ഹീനമായ മാദ്ധ്യമ തന്ത്രത്തെയാണ് പിണറായി ഹനിച്ചത്. ഒരേപോലെ ആലോചിച്ച് നുണക്കഥകൾ എഴുതുന്ന പത്രലേഖകരെ മാദ്ധ്യമ സിൻഡിക്കേറ്റെന്ന് പിണറായി വിളിച്ചത് എത്ര സത്യമായിരുന്നെന്ന് ഇന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകർ പോലും സമ്മതിക്കും. മാതൃഭൂമി എഡിറ്റർ ഗോപാലകൃഷ്ണന് നൽകിയ ചുട്ട മറുപടിയുടെ പേരിൽപോലും പിണറായി ഏറെ വിമർശിക്കപ്പെട്ടു. നോക്കുക, ശത്രുക്കൾപോലും പറയാത്ത ആരോപണമല്ലേ പിണറായിക്കെതിരെ ഗോപാലകൃഷ്ണന്റെ ആർഎസ്എസ് മനസ്സ് സൃഷ്ടിച്ചത്. കത്തിയിലൂടെ വളർന്നുവന്ന നേതാവാണ് പിണറായിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ആരോപണം.' എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ' എന്ന ഒന്നാന്തരം മറുപടിയാണ് പിണറായി നൽകിയത്.
ഇന്ന് പത്രക്കാർ പറയുന്ന മറ്റൊരു കാര്യമുണ്ട്. വി എസ് പക്ഷക്കാർ തങ്ങളെ ബോധപൂർവം ട്രാപ്പിലാക്കുകയായിരുന്നെന്ന്. കേരളത്തിലെ പത്രങ്ങളുടെയും പത്രപ്രവർത്തകരുടെയും പ്രൊഫഷനൽ മാനദണ്ഡം എത്ര അധപതിച്ചു എന്നുനോക്കുക. രൂക്ഷമായ വിഭാഗീയതയുള്ള ഒരു കാലത്ത് ഒരു പക്ഷത്തിന്റെ വാർത്തമാത്രം ഏകപക്ഷീയമായി വായനക്കാരന്റെ തലയിലേക്ക് അവർ വിസർജിച്ചു. മാദ്ധ്യമ പ്രവർത്തകർ വി.എസിലേക്ക് ചായാൻ മറ്റൊരുകാര്യം കൂടിയുണ്ട്. കോളജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയുടെയും മറ്റും പുലികളായ പലർക്കും പിന്നീട് ജോലികിട്ടുന്നത്, മുതലാളിമാരോ മത സംഘടനകളോ നടത്തുന്ന മാദ്ധ്യമങ്ങളിലാണ്. തങ്ങളുടെ തൊഴിൽപരമായ ഈ നിരാശ ഇല്ലാതാക്കാൻ കൂടി അവർക്ക് യഥാർത്ഥ ഇടതുപക്ഷമെന്ന് തോന്നിപ്പിക്കുന്ന വി.എസിന്റെ ഭാഗത്ത് നിൽക്കേണ്ടി വന്നു. പക്ഷേ അതിന്റെയും അർഥം പിണറായിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ കൊടുക്കാം എന്നാണോയെന്ന് അവർ ആത്മപരിശോധന നടത്തട്ടെ. ഇത്തരത്തിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനെ ഈയിടെ ഒരു സ്വകാര്യ ചടങ്ങിൽവച്ചു കണ്ടപ്പോൾ പിണറായി പറഞ്ഞു. 'എനിക്ക് നിങ്ങളോട് യാതൊരു പരിഭവവുമില്ല. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം പറ്റുകയല്ലേ' എന്നായിരുന്നു. [BLURB#2-H]
ഏറ്റവും ഒടുവിൽ വിഎസുമായി അനുനയ പാത തുറന്നാണ് പിണറായി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങിയത്. വിഎസിന്റെ ജനകീയതും പിണറായിയിലെ സംഘാടകനും ഒത്തു ചേർന്നപ്പോൾ എൽഡിഎഫ് വീണ്ടും ഭരണത്തിലേക്ക് തിരികെയെത്തി. ഇത്തവണ സംസ്ഥാന ഭരണത്തിന്റെ തലതൊട്ടപ്പനായാണ് പിണറായി വിജയൻ എത്തുന്നത്. സിപിഐ(എം) ഭരിക്കുമ്പോൾ സ്വാഭാവികമായും മാദ്ധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കുമെന്നത് ഉറപ്പാണ്. പ്രത്യേകിച്ചും പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ. എന്നാൽ തീയിൽ കുരുത്ത നേതാവ് ഇതിന് എങ്ങെന നേരിടുമെന്നാണ് അറിയേണ്ടത്.