തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജനവിശ്വാസം നേടി അധികാരത്തിൽ എത്തിയ പിണറായി വിജയൻ സർക്കാറിന് ഒന്നും ശരിയാകുന്നില്ലെന്ന സൂചനയാണ് നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ രാജിയുടെ വക്കിലെത്തി നിൽക്കുന്നത്. സർക്കാറിലെ മന്ത്രിമാരിൽ ഏറെയും പുതുമുഖങ്ങളാണെന്ന് എന്നതു കൊണ്ട് തന്നെ പല വകുപ്പുകളിലും കാര്യങ്ങളുടെ നീക്കം പതിയെ ആണെന്നാണ് സർക്കാറിന്റെയും മൊത്തത്തിലുള്ള വേഗം കുറയ്ക്കുന്നത്. ധനകാര്യമന്ത്രി തോമസ് ഐസക്, സാംസ്‌കാരിക മന്ത്രി എ കെ ബാലൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവരുടെ ഓഫീസിൽ ഒഴികെ ബാക്കി ഒരു സിപിഐ(എം) മന്ത്രിയുടെ ഓഫീസിലും ഇതുവരെ ഒന്നും ശരിയാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഭരിച്ചു പരിചയമില്ലാത്ത മറ്റു സിപിഐ(എം) മന്ത്രിമാരെ ഉപദേശിക്കാനോ, തെറ്റുകൾ ചൂണ്ടിക്കാട്ടാനോ കഴിയാതെ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രമുഖരുടെ നീണ്ടനിരയാണ്. കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയാണ് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ്, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ ദിനേശൻ പുത്തലത്ത്, ഇ കെ നായനാരുടേയും വി എസ് അച്യുതാനന്ദന്റേയുമെല്ലാം സ്റ്റാഫിൽ അംഗമായിരുന്ന ഭരണപരിചയമുള്ളവർ തുടങ്ങി ശമ്പളം പറ്റുന്നവരും പറ്റാത്തവരുമായി പ്രമുഖരുടെ ഒരു പടതന്നെയുണ്ട് മുഖ്യമന്ത്രിയോടൊപ്പം. പക്ഷേ മുഖ്യമന്ത്രിയോട് ഒരു കാര്യം അവതരിപ്പിക്കാനോ, തെറ്റുകൾ ചൂണ്ടിക്കാട്ടാനോ, മാദ്ധ്യമങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാനോ ഒരാൾക്കും ധൈര്യമില്ല. മന്ത്രി ഓഫീസിലെ ഫയൽ എടുത്തുകൊടുപ്പുകാരുടെ ജോലിമാത്രമാണ് ഇവർ ഇപ്പോൾ നിർവഹിച്ചിരിക്കുന്നത്.

സിപിഐ (എം) മന്ത്രിമാരിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനും ശക്തനും ഇപ്പോൾ വിവാദത്തിലായ ഇ പി ജയരാജനാണ്. അദ്ദേഹത്തിന്റെ ഓഫീസിലാകട്ടെ ശക്തന്മാർ ആരുമില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ ഉത്തരവുകൾ മാത്രം അനുസരിച്ചു കിട്ടുന്ന ശമ്പളം വാങ്ങി വീട്ടിലേക്കുപോകുക എന്ന ദൗത്യമാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ നിർവഹിക്കുന്നത്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നത് ഇ പി ജയരാജൻ തന്നെയാണ്. ഫയലിലെ വീഴ്ചകൾപോലും ചൂണ്ടിക്കാട്ടാനോ, വിവിധ വിഷയങ്ങളിൽ ഇടപെടേണ്ടതെങ്ങനെയെന്ന് മന്ത്രിക്ക് നിർദ്ദേശം നൽകാനോ ആരും ധൈര്യപ്പെടാറില്ല. ഇനി അതിന് തുനിഞ്ഞാൽതന്നെ, അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാകേണ്ടിവരുമെന്നുള്ളതിനാൽ ആരും അനങ്ങാറില്ല. ഈ മുൻകോപം തന്നെയാണ് ഇപ്പോൾ അദ്ദേഹത്തെ കുരുക്കിലാക്കിയിരക്കുന്നതും. സുധീർ നമ്പ്യാരുടെ നിയമനത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കാർ ആരും ധൈര്യപ്പെടാതിരുന്നത് മന്ത്രിയുടെ ബന്ധുകൂടിയായതിനാലാണ്. ഇതാണ് മുൻകോപിയായ അദ്ദേഹത്തെ വെട്ടിലാക്കിയത്.

ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, പ്രൊഫസർ സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ എന്നിവരാണ് മറ്റ് സിപിഐ (എം) മന്ത്രിമാർ. ഇതിൽ കടകംപള്ളി, ടി പി രാമകൃഷ്ണൻ, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട് എന്നാണ് സൂചന. പൊതുവേ ജനകീയരും ധാർഷ്ട്യക്കാരുമല്ലാത്ത ഈ മൂന്നുമന്ത്രിമാരുടെ സ്റ്റാഫിലുള്ളവർക്കും ഓഫീസിൽ ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ വിവിധ ഫയലുകളിൽ ഇടപെട്ട് ചർച്ച നടത്തി വിവാദങ്ങൾ ഒഴിവാക്കാൻ ഈ മന്ത്രിമാരെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവർ സഹായിക്കാറുണ്ട്.

കെ കെ ശൈലജ, എ സി മൊയ്തീൻ എന്നിവരുടെ ഓഫീസ് സ്റ്റാഫിലുള്ളവർക്കും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് വിവരം. അദ്ധ്യാപികയുടെ ലാളിത്യം എപ്പോഴും കാത്തുസൂക്ഷിക്കുന്ന ശൈലജ ടീച്ചറോട് കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്റ്റാഫിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ പാർട്ടി കേന്ദ്രകമ്മിറ്റിയംഗമായതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ ഇഷ്ടപ്പെടുമോ എന്ന ഭയമാണ് പാർട്ടി ജോലി നൽകിയ പല പേഴ്‌സണൽ സ്റ്റാഫിനെയും നയിക്കുന്നത്. അതേസമയം ധാർഷ്ട്യക്കാരനായ എ സി മൊയ്തീന്റെ സ്റ്റാഫിലുള്ളവർക്ക് ഇ പി ജയരാജന്റെ സ്റ്റാഫിൽ ഉള്ളവരുടെ അതേ അവസ്ഥയാണ്.

നിഷ്‌കളങ്കനും, ലാളിത്യശീലനുമായ വിദ്യാഭ്യാസ മന്ത്രിയാണ് സ്റ്റാഫിനാൽ വിഷമിക്കുന്ന പ്രധാനപ്പെട്ടൊരു മന്ത്രി. നല്ലകാര്യങ്ങൾ ചെയ്യാൻ അതീവ തൽപ്പരനാണ് അദ്ദേഹം. എന്നാൽ വേണ്ടവിധത്തിൽ മന്ത്രി ഓഫീസിന്റെയും മന്ത്രിയുടേയും കാര്യങ്ങൾ ക്രമീകരിക്കാൻപോലും അവിടെ ആളില്ല. വിദ്യാഭ്യാസമന്ത്രി ഒപ്പിട്ട ഒരു ഫയൽ വകുപ്പിലേക്ക് പോകണമെങ്കിൽ ആഴ്ചകൾ എടുക്കും. വിവിധ ജില്ലാ കമ്മിറ്റി സെക്രട്ടറിമാരുടേയും, സംസ്ഥാന സെക്രട്ടറിയുടേയുമുൾപ്പെടെ ശുപാർശ കത്തുകളോടെയുള്ള ഫയലുകൾ പോലും പഴ്‌സണൽ സ്റ്റാഫിന്റെ പിടിപ്പുകേടുകൊണ്ട് സെക്രട്ടറിയറ്റിനുള്ളിൽതന്നെ കിടന്നുകറങ്ങുകയാണ്. സ്റ്റാഫിന്റെ ഊർജ്ജസ്വലതയില്ലായ്മയിൽ പഴികേൾക്കുന്നതു മുഴുവൻ മന്ത്രിയാണ്.

ഭരിച്ചു പരിചയമുള്ള ധനകാര്യമന്ത്രി തോമസ് ഐസക്, സാംസ്‌കാരിക മന്ത്രി എ കെ ബാലൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവരുടെ ഓഫീസിൽ കാര്യങ്ങൾ വളരെ വേഗത്തിലാണ് നീങ്ങുന്നത്. പാർട്ടി ലിസ്റ്റിന് കാത്തുനിൽക്കാതെ സ്വന്തം നിലയിൽ തങ്ങൾക്ക് ഗുണമുള്ളവരെയാണ് ഈ മന്ത്രിമാർ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, പ്രതിസന്ധികളും സംശയങ്ങളും ഉണ്ടാകുമ്പോൾ സ്റ്റാഫുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിലും ഇവർക്ക് മടിയില്ല. 

സിപിഐ മന്ത്രിമാരുടെ സ്റ്റാഫിലുള്ളവർക്ക് പൂർണസ്വാതന്ത്ര്യമാണ്. പാർട്ടിക്കാർക്കു മുന്നിലും ജനങ്ങൾക്കുമുന്നിലും മസിലുപിടിക്കാത്തവരായ നാലു സിപിഐ മന്ത്രിമാരും സ്റ്റാഫിന്റെ ഉപദേശവും സഹായവും തേടിയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഓഫീസുകളിൽ ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നുവെന്ന പരാതിയും കുറവാണ്.