തിരുവനന്തപുരം: വനിതാ മതിൽ പണിയുന്നത് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ഈ ആശയത്തെ സർക്കാർ പിന്തുണക്കുകയാണ് ഉണ്ടായത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകർക്കാനുള്ള ശ്രമം സംഘപരിവാർ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതിൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഈ വിഷയത്തിൽ എൻഎസ്എസ് കൈക്കൊണ്ട നിലപാടിനെ നിശിദമായി മുഖ്യമന്ത്രി വിമർശിച്ചു. കാര്യത്തിൽ എൻഎസ്എസ് നിലപാട് ഇരട്ടത്താപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെല്ലാം കാര്യത്തിൽ സമദൂരം പാലിക്കണമെന്ന് സ്വയം പരിശോധിക്കണം. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതയ്ക്ക് എതിരേ അണിചേരുകയാണു വേണ്ടത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പജ്യോതിക്കൊപ്പം നിൽക്കരുതായിരുന്നുവെന്നും പിണറായി പറഞ്ഞു.

ശബരിമല സമരം ആചാരങ്ങൾ സംരക്ഷിക്കാനാണെന്നു കരുതുന്നില്ല. ശബരിമലയിലെ ആചാരങ്ങളിൽ സമീപ കാലത്തു തന്നെ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിൽ സ്ത്രീകളുടെ വന്മതിലായി മാറും. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതു വർഗ സമരത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വർഗസമരമായി തന്നെയാണ് കമ്യൂണിസ്റ്റുകാർ കരുതുന്നതെന്ന് മഖ്യമന്ത്രി കൂട്ടിച്ചേർത്തു. അത് കമ്യൂണിസ്റ്റ് രീതി തന്നെയെന്ന് പറഞ്ഞ് വിഎസിന്റെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇതിന് ശേഷം എൻഎസ്എസിനെതിരെ രൂക്ഷമായി വിമർശനം ഉന്നിയിക്കുകയായിരുന്നു. ആർഎഎസുകാർ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർ നമ്മുടെ നാടിന്റെ മത നിരപേക്ഷത തകർക്കാനുള്ള നീക്കത്തെയാണ് പിന്തുണച്ചത്.

നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് ആർഎസ്എസിന്റെ അയ്യപ്പ ജ്യോതിയെ പിന്തുണച്ചത്. ഇത് ഇരട്ടത്താപ്പാണ്. സമദൂരം എന്ന് പറയുന്നവർ എന്തിൽ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. മന്നത്തിന്റെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. നമ്പൂതിരി സംബന്ധവും അതിനെതിരെ മന്നത്തു പത്മനാഭൻ അതിനെതിരെ നടത്തിയ സമരവും ഓർമ്മിപ്പിച്ചു കൊണ്ടാണ് മന്നത്തിന്റെ വിമർശനം. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ആചാരമാറ്റത്തിന്റെ പേരിലാണ് ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് കരുതുന്നില്ല. മുമ്പും നിരവധി ആചാരങ്ങൾ മാറ്റിയിട്ടുണ്ട്. വനിതാ മതിലിൽ പങ്കെടുത്താൽ എന്തോ നടപടി സ്വീകരിച്ചു കളയും എന്നെല്ലാം പറയുന്നവർ രാജ്യത്തിന്റെ ഭരണഘടനയെയാണ് തള്ളിപ്പറയുന്നത്. മതനിരപേക്ഷത അടിസ്ഥാനമാക്കിയുള്ള ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. അതിനെ അടിസ്ഥാനമാക്കിയുള്ള കോടതിവിധിയെ അംഗീകരിക്കില്ല എന്നാണ് ചിലർ പറയുന്നത്. ഇവർ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ആചാരങ്ങൾ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളത്.

പണ്ട് നായർ സമുദായത്തിൽ മരുമക്കത്തായമായിരുന്നില്ലെ. അത് മാറിയില്ലെ. നമ്പൂതിരിമാർ നായർ സ്ത്രീകളെ സംബന്ധം ചെയ്താൽ അതിലുണ്ടാകുന്ന കുട്ടികൾക്ക് സ്വത്തവകാശം ഇല്ലെന്ന് മാത്രമല്ല അച്ഛനെ തൊടാൻ പോലുമുള്ള അവകാശം ഉണ്ടായിരുന്നില്ല. അതെല്ലാം മാറിയില്ലേ. ശബരിമലയിൽതന്നെ ആചാരങ്ങൾ മാറ്റിയിട്ടില്ലേ. ആദ്യം മണ്ഡലമകരമാസകാലത്ത് മാത്രമായിരുന്നു ദർശനം അത് പിന്നീട് മലയാളമാസം ഒന്ന്മുതൽ അഞ്ചുനാൾ കൂടി ആക്കിയില്ലെ. സന്നിധാനത്തുകൊടിമരം സ്ഥാപിച്ച് സ്വർണം പൂശിയില്ലേ. പതിനെട്ടാം പടിയിൽ തേങ്ങയുടക്കുന്നത് മാറ്റിയില്ലേ.. ഭസ്മകുളത്തിലെ കുളി , 41 ദിവസത്തെ വ്രതാനുഷ്ഠാനം എന്നിവയെല്ലാം മാറിയില്ലേ.. കറുപ്പുനീലയും വസ്ത്രം ധരിച്ച് വന്നിരുന്നത് ഇപ്പോൾ ചിലർ കാവി ധരിച്ചു വരുന്നില്ലേ. അന്നൊന്നുമില്ലാത്ത ആചാരസംരക്ഷണം ഇന്നെന്തിനാണ് ഉയർത്തുന്നത്.

ആരാധനയിൽ പുരുഷനൊപ്പം സ്ത്രീക്കും തുല്യതനൽകുന്ന വിധിയാണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്. . മഹാരാഷ്ട്രയിൽ ശനീശ്വരക്ഷേത്രത്തിൽ ഹൈക്കോടതി വിധിപാലിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് കോടതി വിധി സാധ്യമാക്കിയത്. പൂജാരിമാർക്കടക്കം പരിക്കേറ്റു. . ഹാജി അലി ദർഗയിലും ആചാരം മാറ്റി സ്ത്രീകളെ പ്രവേശിപ്പിച്ചു. അവിടെ കോൺഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികൾ . എന്നിട്ടും ആചാര സമരക്ഷണത്തിനായി വലിയ പ്രക്ഷോഭമൊന്നും നടത്തിയി്ല്ലല്ലോ.

അതുപോലെ ഉഡുപ്പിയിലെ മഡെസ്നാന എന്ന മോശം ആചാരം മാറ്റിയത് ശബരിമല വിധി വന്നശേഷമല്ലേ. അവിടെയൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇവിടെ. നാട്ടിൽ, രാജ്യത്ത് എല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ഇവിടെ സ്ത്രീ ശാക്തീകരണം തന്നെയാണ് വനിതാ മതിൽകൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളെ നിർബന്ധിച്ച് മല കയറ്റുക എന്നത് സർക്കാറിന്റെ ലക്ഷ്യമല്ല. എന്നാൽ സുപ്രീംകോടതി വിധിനടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിൽ സ്ത്രീ പ്രവേശനം പൊലീസ് തന്നെ തടയുന്നു എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറപടി നൽകി. ആരാധന പരിസരത്ത് പൊലീസിന് ഇടപെടാൻ പരിമിതിയുണ്ട്. അവിടത്തെ പൊലീസ് ഇടപെടൽ വലിയ പ്രത്യാഘാതമുണ്ടാക്കും. സ്ത്രീകൾ സ്വയം തിരിച്ചുപോവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.