തിരുവനന്തപുരം: ഒരാളെക്കുറിച്ച് എങ്ങനെയാണ് തീർത്തും വ്യാജമായ ഇമേജ് പ്രചരിക്കപ്പെടുന്നതെന്ന് മാദ്ധ്യമ വിദ്യാർത്ഥികൾക്ക് പഠിക്കണമെങ്കിൽ അതിനുള്ള കേസ് സ്റ്റഡികൂടിയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം.അപ്രിയമായ സത്യങ്ങൾ തുറന്നു പറയുന്നതും, ഉപജാപങ്ങൾക്ക് പോകാതെ ആത്മിശ്വാസത്തോടെ പ്രതികരിക്കയും ചെയ്യുന്നത് ഒരുകാലത്ത് കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് അഹങ്കാരമായിരുന്നു.അഴിമതിക്കാരനും മുതലാളികളോട് മാത്രം ചങ്ങാത്തമുള്ള വ്യക്തിയുമായി അവർ പിണറായിയെ ചിത്രീകരിച്ചു.ഇന്നിപ്പോൾ ഇത്തരം നുണപ്രചാരണങ്ങൾക്ക് ഒരു ക്ഷമാപണംപോലും പറയാതെ അവർ വിജയന്റെ സ്തുതിഗീതങ്ങൾ നിറക്കയാണ്.

മാദ്ധ്യമങ്ങൾ കർക്കശക്കാരനും അതീവ ഗൗരവക്കാരനുമായ കമ്യൂണിസ്റ്റ് നേതാവിന്റെ ഇമേജ് നൽകുമ്പോഴും അവയെല്ലാം തള്ളിക്കളയുകായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.നിലപാടുകളിൽ അണുവിട മാറ്റങ്ങൾ പ്രകടിപ്പിക്കല്‌ളെങ്കിലും വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അങ്ങേയറ്റം ശാന്തനായ, മുൻവിധികളില്ലാതെ പ്രശ്‌നങ്ങൾ പഠിക്കുന്ന നേതാവായാണ് അവർ പിണറായിയെ വിലയിരുത്തുന്നത്. പിണറായി പാർട്ടി സെക്രട്ടറിയായപ്പോൾ എ.കെ.ജി സെന്ററിലെ ജീവനക്കാരോട് അന്നത്തെ മുഖ്യമന്ത്രി നായനാർ പറഞ്ഞിരുന്നത് , 'ഇനി നിങ്ങൾക്ക് ക്‌ളോക്ക് വേണ്ട' എന്നായിരുന്നത്രേ. അത്രക്ക് ഘടികാര കൃത്യതയോടെയാണ് പിണറായിയുടെ പ്രവർത്തനം. രാവിലെ 10മണിക്ക് ഒരു പരിപാടിവച്ചാൽ 9.50ന് എങ്കിലും അവിടെയത്തെണമെന്ന് നിർബന്ധമാണ്.അത് കമ്യൂണിസ്റ്റുകാർ പാലിക്കേണ്ട കടമായണെന്നാണ് പിണറായി പറയുക.

ഫോൺവഴിയുള്ള ബന്ധങ്ങളിലും സുതാര്യത സ്വീകരിക്കുന്നയാളാണ് പിണറായി. കഴിയുന്നത്ര ഫോൺ നേരിട്ട് എടുക്കും. യോഗത്തിലോ മറ്റോ ആണെങ്കിൽ മിസ്സ്‌കോൾ കണ്ട് തിരിച്ചുവിളിക്കുമെന്നതും കേരളത്തിലെ ഒരു നേതാവിനും അവകാശപ്പെടാൻ കഴിയില്ല.ഒരു പ്രശ്‌നവുമായി ഒരാൾ വന്നാൽ ശാന്തമായി അത് കേൾക്കുകയാണ് പിണറായിയുടെ രീതി.പെട്ടെന്ന് ചാടിക്കയറി ഒരു മറുപടി കൊടുക്കില്ല. കാര്യം കൃത്യമായി തിരക്കി കേൾക്കേണ്ടവരെ കേട്ടശേഷമാണ് മറുപടി . പ്രശ്‌നങ്ങൾക്ക് കൃത്യമായ ഫോളോഅപ്പ് വേണമെന്നും നിർബന്ധം.പോയകാര്യത്തിന് ഫലമുണ്ടായില്‌ളെങ്കിൽ അത് തന്നെ അറിയിക്കണമെന്ന് കൃത്യമായി പറയും. അതുപോലെ തന്നെകൊണ്ട് കഴിയാത്ത കാര്യമാണെങ്കിൽ അതും തുറന്ന് പറയും.അപ്പോഴും ഒരു ഘട്ടത്തിലും ക്ഷുഭിതനായി പിണറായിയെ ആരും കണ്ടിട്ടില്ല.

ചിരിക്കാൻ ലുബ്ധനായ കർക്കശക്കാരനായ കമ്യൂണിസ്റ്റെന്ന് ചില മാദ്ധ്യമങ്ങൾ നൽകിയ പൊതുധാരണയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തള്ളിക്കളയുകയാണ്.ഹാസ്യം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് അദ്ദേഹം. തനിക്കെതിരെ വന്ന പല കാർട്ടുണുകൾപോലും അദ്ദേഹം നന്നായി ആസ്വദിച്ചിട്ടുണ്ട്.പരന്ന വായനയുണ്ടെങ്കിലും ഇപ്പോൾ തിരക്ക് അതിന് വിഘാതമാവുന്നുണ്ട്.വിമാനയാത്രയിലും മറ്റുമാണ് ഇപ്പോൾ വായന കൂടുതൽ. കഥയും, നോവലും പാർട്ടി സാഹിത്യവുമാണ് പ്രിയമെന്ന് എ.കെ.ജി സെന്ററിലെ ജീവനക്കാർ പറയുന്നു.

പക്ഷേ ചിരിക്കാത്ത മുരടനായ ഒരു കമ്യൂണിസ്റ്റായാണ് പലകാലത്തും മാദ്ധ്യമങ്ങൾ വിജയനെ ചിത്രീകരിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ധർമ്മടത്തെ പ്രചാരണത്തിനിടെ ഇതേക്കുറിച്ച് ഈ ലേഖകൻതന്നെ ചോദിച്ചപ്പോൾ പിണറായി ചിരിക്കുകയായിരുന്നു.'ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കുകയും, സന്തോഷംവരുമ്പോൾ അത് മുഖത്തുകാണിക്കയും ചെയ്യുന്ന സാധാരണ മനുഷ്യനാണ് ഞാനൊക്കെ.ചിരിക്കാതെ ഈ ലോകത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക.പക്ഷേ മാദ്ധ്യമങ്ങൾ ഏത് ചിത്രമാണ് ഹൈലറ്റ് ചെയ്യുന്നത് എന്നതാണ് പ്രധാനം.പിന്നെ സദാസമയവും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയത് നടക്കുന്നത് കോൺഗ്രസുകാരുടെ സംസ്‌ക്കാരമാണ്.അത്തരം കൃത്രിമങ്ങൾ ഞങ്ങൾ കാട്ടാറില്ല'- പിണറായി പറഞ്ഞു.

പക്ഷേ അടുത്തകാലംവരെ പിണറായി വിജയന്റെ ചിരിക്കുന്ന ഫോട്ടോകൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ കൊടുക്കാറുമില്ലായിരുന്നു.അഞ്ചുവർഷംമുമ്പ് കോഴിക്കോട് നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിൽ ഒരു ചരിത്ര പ്രദർശനം നടന്നിരുന്നു. കൊച്ചുമകളെയും തോളിലെടുത്ത് ചിരിച്ചുകൊണ്ട് സെമിനാർ കാണുന്ന പിണറായി വിജയന്റെ ചിത്രം അന്ന് ചില പത്രങ്ങളിൽ അടിച്ചുവന്നത് ചൂണ്ടിക്കാട്ടി, ഏറെക്കാലത്തിനുശേഷമാണ് പിണറായിയുടെ ഇത്തരം ഒരു പോസറ്റീവായ പടം മാദ്ധ്യമങ്ങൾ പ്രസീദ്ദീകരിക്കുന്നതെന്ന് ഇടത് സാംസ്കാരിക പ്രവർത്തകനായ ഭാസുരചന്ദ്രബാബു ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് നവമാദ്ധ്യമങ്ങും സെൽഫിക്കാലവും വന്നതോടെയാണ് ഈ ഇമേജ് പിണറായിയിൽനിന്ന് ഒഴിഞ്ഞത്.

ഒരുകാര്യത്തിലും നിർബന്ധംപിടക്കാത്ത ശാന്തനായ വ്യക്തിയാണ് ഭാര്യ കമലയും പിണറായിയെക്കുറിച്ച് പറയുന്നത്. ഇഷ്ടവിഭവം മീനാണ്. പക്ഷേ എന്തുകൊടുത്താലും കഴിക്കും. ആദ്യമൊക്കെ പുഴമീനാണെങ്കിൽ, ഇത് എവിടെനിന്ന് പിടിച്ചതാണെന്നുപോലും അദ്ദേഹം പറയുമായിരുന്നു.ഹൊറർ സിനിമകളോടുള്ള തന്റെ പിതാവിന്റെ കമ്പം അധികമാർക്കും അറിയില്‌ളെന്നാണ് മകൾ വീണ പറഞ്ഞത്.പക്ഷേ ഇപ്പോൾ തീയറ്ററിലോ ടീവിയിലോ സിനിമ കാണാനുള്ള അവസരങ്ങൾ കുറവ്. തിരക്കുതന്നെ കാരണം. തന്നെക്കാൾ നന്നായി തന്റെ കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നത് പിതാവിനാണെന്ന് മകൻ വിവേക് കിരൺ പറയുന്നു. പക്ഷേ വിദ്യാഭ്യാസം ജോലി തുടങ്ങിയ കാര്യങ്ങളിലൊന്നും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കില്ല. അതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിടുകയാണ് അദ്ദേഹത്തിന്റെ രീതി.

തന്റെ പേരിൽ കമല എക്‌സ്‌പോർട്ടിങ്ങ് എന്ന ഒരു കമ്പനി സിങ്കപ്പൂരിൽ ഉണ്ടെന്ന പ്രചാരണമാണ് ഇക്കാലത്തിനിടെ ഏറ്റവും വേദനിപ്പിച്ചതെന്ന് പിണറായിയുടെ ഭാര്യ കമല പറയുന്നു.അപ്പോഴും പാർട്ടിയെ തകർക്കാനായി ശത്രുക്കളുടെ അപവാദ പ്രചാരണം എന്ന നിലക്ക് അതിനെ ചിരിച്ചുതള്ളുകയായിരുന്നു പിണറായി. അതുപോലെ തന്നെ കൊട്ടാരംപോലത്തെ വീട് കെട്ടിയെന്ന കുപ്രചാരണവും കുടംബത്തിന് വേദനയുണ്ടാക്കിയപ്പോഴും പിണറായി കുലുങ്ങിയില്ല.ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെയും വീടുപോലാണ് തന്റെ വീടെന്നും ആർക്കും അത് കണ്ട് ബോധ്യപ്പെടാമെന്നും ഒരിക്കൽ ഇക്കാര്യത്തിൽ തന്നെ വിമർശിച്ച എഴുത്തുകാരി മഹാശ്വേതാ ദേവിക്ക് പിണറായി കത്തെഴുതിയതും,പിന്നീട് അവർതന്നെ അത് തിരുത്തിയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം.

അഴിമതി പൊറുപ്പിക്കാത്ത പിണറായിക്ക് തന്റെ മക്കൾ അടക്കമുള്ള ബന്ധുക്കൾ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആനുകൂല്യം പറ്റരുതെന്ന് നിർബന്ധമുണ്ട്.സ്‌കൂളിലും കോളജിലും ഒന്നുംതന്നെ പിണറായി വിജയന്റെ മക്കൾ എന്ന പേരിൽ തങ്ങൾ അറിയപ്പെട്ടിട്ടില്‌ളെന്ന് വീണയും വിവേകും പറയുന്നു. അച്ഛന് അത്തെരമൊരു പരിഗണന ഇഷ്ടപ്പെടില്‌ളെന്ന് മക്കൾക്ക് നന്നായി അറിയാം.ഇതേ നിലപാടുതന്നെയാണ് പിണറായിയുടെ ബന്ധുക്കളും എക്കാലവും എടുത്തിരുന്നത്.പിണറായിക്ക് ശിപാർശ ഇഷ്ടമല്‌ളെന്ന കാരണത്താൽ അവർ ആ ബന്ധുത്വം പറഞ്ഞ് ഒന്നിനും പോവാറില്ല.പിണറായി ഗ്രാമത്തിൽ തന്നെ കഴിയുന്ന അവരിൽ ഭൂരിഭാഗവും ഇപ്പോഴും ഇടത്തരക്കാരാണ്.അടുത്തകാലംവരെ കൂലിവേല ചെയ്ത കുടംബം പോറ്റിയവരും ഇവരിൽ ഉണ്ടായിരുന്നു.രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ കോടികളുടെ ബിനാമി സ്വത്തുക്കളുടെ അവകാശികളാവുന്ന കാലത്താണ് ഇതെന്ന് ഓർക്കണം.

പിണറായി ഗ്രാമത്തിലെ കളിക്കൂട്ടുകാരും, ബ്രണ്ണൻകോളജിലെ സഹപാഠികളും തൊട്ട് ഐ.ടി പ്രൊഫഷണലുകളും സിനിമാതാരങ്ങളുംവരെ നീളുന്ന വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയാണ് വിജയനെന്നതും അധികമാർക്കും അറിയില്ല. ഇവരിൽ പലരുടെയും ജന്മദിനങ്ങൾ അടക്കമുള്ളകാര്യങ്ങൾ കൃത്യമായി ഓർമ്മിക്കാനും വിളിക്കാനും പിണറായി പിശുക്കുകാട്ടാറില്ല.തിരക്കുകാരണം ഇപ്പോൾ നേരിട്ട് കാണുന്നതിന് ഇടവേള ഏറുമെങ്കിലും പഴയ സൗഹൃദങ്ങൾ അതുപോലെ നിലനിർത്താനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

ഒരാളോടും അന്ധമായ ശത്രുതയും വച്ചുപുലർത്താറില്ല. ഒരു കാലത്ത് മാദ്ധ്യമപ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, ഇത് തന്നെ വ്യക്തിപരമായി ഉപദ്രവിക്കാനല്‌ളെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായതുകൊണ്ട് മാത്രം വന്നതാണെന്നുമായിരുന്നു പിണറായിയുടെ നിലപാട്. പിന്നീട് തന്റെ വിമർശകരായ പത്രക്കാരെ പലരെയും കാണുമ്പോൾ 'ഇതൊക്കെ നിങ്ങളുടെ തൊഴിൽ, ഞാൻ അത്രയേ കണ്ടിട്ടുള്ളൂ' എന്നനിലപാടാണ് അദ്ദേഹം എടുത്തത്.ലാവലിൻ കേസുമായും മറ്റും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വകാര്യത്തിലും ഇതേ നിലപാടാണ് പിണറായി എടുത്തത്.ഒരു ഘട്ടത്തിൽ തന്നെ കടന്നു വിമർശിച്ച പാലക്കാട്ടെ എം.ആർ മുരളിയെ തിരച്ചെടുക്കുന്ന സമയത്തും പിണറായി എതിർപ്പൊന്നും പറഞ്ഞില്ല. തന്റെ വ്യക്തിപരമായ ഈഗോയേക്കാൾ സംഘടനയുടെ ഐക്യമാണ് പ്രധാനമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഇതേ കാഴ്ചപ്പാടുവച്ച് അദ്ദേഹത്തിന്റെ കൂടി പ്രവർത്തനം പാർട്ടിയിൽ സമ്പുർണ്ണ ഐക്യം കൊണ്ടുവരാനും ഇടയാക്കി.