തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ ക്ഷേമ പെൻഷന്റെ കാര്യത്തിൽ നടക്കുന്ന നുണപ്രചരണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ കാര്യക്ഷമമായി നടപ്പാക്കിയത് ഇടതു സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ച് യുഡിഎഫ് നുണപ്രചാരണം നടത്തുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ പൊതുസ്വീകാര്യതയിൽ വിറളിപൂണ്ടാണ് നുണപ്രചാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പെൻഷനുകൾ എല്ലാ സർക്കാരുകളും വർധിപ്പിക്കാറുണ്ട് എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. വർഷങ്ങളുടെ പെൻഷൻ കുടുശിക വരുത്തിയാണ് യുഡിഎഫ് സർക്കാരുകൾ ഭരണത്തിൽ നിന്നിറങ്ങുന്നത്. ക്ഷേമപെൻഷനുകൾ കാര്യക്ഷമമായി നടപ്പാക്കിയത് എൽഡിഎഫ് സർക്കാരുകളാണെന്നും പിണറായി പറഞ്ഞു. മുൻ മുഖ്യമന്ത്രിയുടേത് ഒറ്റപ്പെട്ട പ്രചാരണമല്ല. സാമൂഹ്യക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിയ ഇടപെടലുകളെ ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമം പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരികയാണ്.

ക്ഷേമപെൻഷനുകളിൽ ഈ സർക്കാർ കൊണ്ടുവന്ന വർദ്ധന കാലാകാലങ്ങളായി എല്ലാ സർക്കാരുകളും നടപ്പിലാക്കുന്നതാണെന്നും, കഴിഞ്ഞ യുഡിഎഫ് സർക്കാരും അക്കാര്യം ചെയ്തിരുന്നെന്നുമാണ് ഒരു കൂട്ടർ അവകാശപ്പെടുന്നത്. അതേ സമയം എല്ലാം കേന്ദ്രത്തിന്റെ കനിവാണെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്. ഇക്കാര്യത്തിൽ ഇത്രയും കാലമില്ലാതിരുന്ന പുതിയ വാദങ്ങളൊക്കെ പൊട്ടി വീഴുകയാണ്. ഇത് എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾക്കുള്ള സ്വീകാര്യത തകർക്കാനാണോ അതോ ആ നേട്ടങ്ങളുടെ പങ്കുപറ്റാനാണോ എന്ന് ദുഷ്പ്രചാരകർ തന്നെ വ്യക്തമാക്കണം.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയിട്ടുള്ളതെന്ന് കാണാം. 1980ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ശേഷമാണ് കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികൾക്ക് 45 രൂപ വെച്ച് ലഭിച്ച പ്രതിമാസ പെൻഷൻ പിന്നീട് പരിഷ്‌കരിച്ചത് 1987ൽ നായനാർ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോഴായിരുന്നു.

പെൻഷനുകളൊക്കെ എല്ലാ സർക്കാരുകളും വർദ്ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മുന്നണി 1981 മുതൽ 1987 വരെ അധികാരത്തിലിരുന്നിട്ടും കർഷകത്തൊഴിലാളി പെൻഷൻ വർദ്ധിപ്പിച്ചില്ല. അതിനു 6 വർഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സർക്കാർ വരേണ്ടി വന്നു. 1995ൽ എൻഎസ്എപിയുടെ ഭാഗമായി വാർദ്ധക്യകാല പെൻഷൻ വരുമ്പോൾ അധികാരത്തിൽ ഇരുന്നത് യുഡിഎഫ് സർക്കാർ ആയിരുന്നു. പക്ഷെ ആ പെൻഷൻ വയോധികർക്ക് ലഭിക്കാൻ 1996ൽ എൽഡിഎഫ് അധികാരത്തിൽ വരേണ്ടിവന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ വരുമ്പോൾ പെൻഷൻ തുക പ്രതിമാസം 300 രൂപയായിരുന്നു. അവർ അത് ആദ്യ വർഷം 400 രൂപയും രണ്ടാം വർഷം 525 രൂപയും ആക്കി ഉയർത്തി. ദേശീയ നയത്തിന്റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 400ൽ നിന്നും 900 രൂപയായും, വികലാംഗ പെൻഷൻ 700 രൂപയായും ഉയർത്തി.

ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുൻപായി മാർച്ച് മാസത്തിൽ 75 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 1500 രൂപയാക്കിയുയർത്തുകയും ചെയ്തു. ഈ ഉയർത്തപ്പെട്ട വാർദ്ധക്യകാല പെൻഷന്റെയും വികലാംഗ പെൻഷന്റെയും ഗുണഭോക്താക്കൾ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 85 ശതമാനം പേർക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെൻഷൻ തുക 525 രൂപയായിരുന്നു. ആ സർക്കാർ ആകെ കൊണ്ടുവന്ന വർധന വെറും 225 രൂപ.

പെൻഷൻ തുക നാമമാത്രമായേ വർദ്ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അർഹരായവർക്ക് വിതരണം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തി എന്നതാണ് യുഡിഎഫ് സർക്കാരിന്റെ മറ്റൊരു പ്രധാന വീഴ്ച. 19 മാസത്തെ കുടിശ്ശികയായി പെൻഷനിനത്തിൽ യുഡിഎഫ് സർക്കാർ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കൾക്ക് കൊടുത്തു തീർത്തത് ഇപ്പോഴത്തെ ഗവൺമെന്റാണ്. എന്നിട്ടും ഒരു ജാള്യവുമില്ലാതെ ക്ഷേമപെൻഷനുകൾ തങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കി എന്ന് യുഡിഎഫുകാർ അവകാശപ്പെടുകയാണ്.

ഈ സർക്കാർ അധികാരത്തിൽ വരുന്നത് ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന കൃത്യമായ കാഴ്ചപ്പാടുകളുമായാണ്. അവയെല്ലാം പ്രകടനപത്രിക വഴി ജനങ്ങളെ കൃത്യമായി ധരിപ്പിക്കുകയും ചെയ്തിരുന്നു. സർക്കാർ അധികാരമേറ്റതിനു ശേഷം എല്ലാ പെൻഷനുകളും 1000 രൂപയാക്കിയുയർത്തി. 2017 മുതൽ അത് 1100 രൂപയായും 2019ൽ അത് 1200 രൂപയായും 2020ൽ 1400 രൂപയായും വർദ്ധിപ്പിച്ചു.

2021 ജനുവരിയിൽ ആ തുക 1500 രൂപയാക്കി വീണ്ടും ഉയർത്തുമെന്നും എൽ.ഡി.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. 1500 രൂപയാക്കി യുഡിഎഫ് ഉയർത്തിയ 75 വയസ്സിനു മുകളിലുള്ളവരുടെ പെൻഷൻ തുകയും ഈ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ 1000 രൂപയാക്കി കുറച്ചു എന്നൊരു വലിയ കള്ളം യുഡിഎഫിന്റെ പ്രധാനികൾ ഉൾപ്പെടെയുള്ള ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ വാസ്തവമെന്താണ്? മറ്റെല്ലാ പെൻഷനുകൾ ഏകീകരിച്ചപ്പോഴും ഈ 1500 രൂപയുടെ പെൻഷൻ ഈ സർക്കാർ തുടർന്നു. 6.11 ലക്ഷം പേർക്ക് ഈ നിരക്കിൽ ഇപ്പോഴും പെൻഷൻ ലഭിക്കുന്നുണ്ട്.

2015ലെ സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അനർഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അർഹരായ കൂടുതൽ ആളുകളിലേയ്ക്ക് ഈ സർക്കാരിന്റെ കാലത്ത് പെൻഷൻ എത്തുകയുണ്ടായി. അത്തരത്തിൽ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്തുണ്ടായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷമായിരുന്നെങ്കിൽ ഇന്നത് 60.31 ലക്ഷമായി ഉയർന്നിരിക്കുന്നു. 2016ൽ 272 കോടി രൂപയായിരുന്ന പ്രതിമാസ പെൻഷൻ ചെലവ് ഇന്ന് 710 കോടിയായും ഉയർന്നു. 5 വർഷം കൊണ്ട് യുഡിഎഫ് സർക്കാർ നൽകിയ പെൻഷൻ തുക 9311 കോടി രൂപയായിരുന്നെങ്കിൽ, 2020 നവംബർ വരെ ഈ സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷനായി മാത്രം നൽകിയത് 27,417 കോടി രൂപയാണ്.

ക്ഷേമനിധി ബോർഡുകൾ വഴി 3099 കോടി രൂപ വേറെയും നൽകി. ആകെ 30515.91 കോടി.ഇനി, കേന്ദ്ര ഗവൺമെന്റിന്റെ സഹായം കൊണ്ടാണ് ക്ഷേമ പെൻഷനുകൾ മൊത്തം കൊടുക്കുന്നത് എന്ന പ്രചരണത്തിന്റെ യാഥാർത്ഥ്യം കൂടി പരിശോധിക്കാം. കേന്ദ്ര സർക്കാരിന്റെ എൻഎസ്എപി പദ്ധതി പ്രകാരം 14.9 ലക്ഷം പേർക്ക് 300 രൂപ മുതൽ 500 രൂപ വരെ പെൻഷനായി നൽകുന്നുണ്ട്. ആ തുകയൊഴിച്ചാൽ ഇവർക്കു ലഭിക്കേണ്ട 900 മുതൽ 1100 വരെയുള്ള സംഖ്യ സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ യാതൊരു സഹായവുമില്ലാതെയാണ് 37.5 ലക്ഷം പേർക്കുള്ള പെൻഷൻ സംസ്ഥാന ഗവൺമെന്റ് വിതരണം ചെയ്യുന്നത്.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, ജനങ്ങളുടെ കണ്ണിയിൽ പൊടിയിട്ട് ഈ സർക്കാർ നടപ്പിലാക്കിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ വില കുറച്ചു കാണിക്കാനും സർക്കാരിന് ലഭിക്കാനിടയുള്ള ക്രെഡിറ്റ് കരസ്ഥമാക്കാനുമാണ് പ്രതിപക്ഷസംഘടനകൾ ശ്രമിക്കുന്നത്. സത്യസന്ധതയോടെ, നട്ടെല്ലുയർത്തി, ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകാത്ത വിധം മലീമസമായി അവരുടെ രാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ടവർ നുണകളിൽ പ്രതീക്ഷയർപ്പിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്. ക്ഷേമപെൻഷനുകൾ കുടിശ്ശികയൊന്നുമില്ലാതെ കൈപ്പറ്റിയ 60 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ കേരളത്തിലുള്ളത്. അവർക്കറിയാം സത്യമെന്താണെന്ന്. കണ്ണടച്ചിരുട്ടാക്കാൻ സാധിക്കില്ലെന്ന് അസത്യം പ്രചരിപ്പിക്കുന്നവർ വൈകാതെ തിരിച്ചറിയും. എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങൾക്കില്ല എന്ന് ധരിച്ചു പോകരുതെന്നേ പറയാനുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.