തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 11 ജില്ലാ പഞ്ചായത്തിൽ ജയിച്ചു. സർവ തലങ്ങളിലും എൽഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാടു നൽകിയ മറുപടിയാണ്. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസ്‌ക്തമാകുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

ബിജെപിയുടെ അവകാശ വാദങ്ങൾ തകർന്നടിഞ്ഞു. വർഗീയ ശക്തികളുടെ ഐക്യപ്പെടലുകൾക്കും കുത്തിത്തിരിപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്തായി. കഴിഞ്ഞ തവണ 98 ബ്ലോക്കിൽ ജയിച്ചെങ്കിൽ ഇക്കുറി 108 എണ്ണം ജയിച്ചു. ആറിൽ 5 കോർപറേഷനും നേടി. 941 ഗ്രാമപഞ്ചായത്തിൽ 514 ൽ മേൽക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എൽഡിഎഫ് മത്സരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്തല്ല എൽഡിഎഫ് മുന്നേറ്റം ഉണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം നടത്തി. എല്ലാ വിഭാഗക്കാരും അതിലുണ്ട്. ഒരു ഭേദവുമില്ലാതെ എൽഡിഎഫിനെ പിന്താങ്ങുന്ന നിലയാണ് ഉണ്ടായത്. എൽഡിഎഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനം സ്വീകരിച്ചത്. അതുകണ്ടാണ് കേരള ജനതയുടെ വിജയമാണ് എന്ന് പറഞ്ഞത്. യുഡിഎഫിന് ആധിപത്യമുണ്ടായ പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതാക്കളുടെ തട്ടകത്തിൽ പോലും എൽഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിന് കാരണം ആ മുന്നണിയുടെ വിശ്വാസ്യത തകർന്നു എന്നതിന് സൂചനയാണ്. ഒന്നിച്ചു നിൽക്കുന്നതിന് പകരം പ്രതിലോമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ജനം നൽകിയ ശിക്ഷയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും അധികാരത്തിൽ ഉണ്ടായിരുന്ന മുന്നണി പിന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ ഭരണത്തിൽ ഉള്ള മുന്നണിക്ക് സംസ്ഥാനത്തുടനീളം സമഗ്ര ആധിപത്യമാണ് ഉണ്ടായിട്ടുള്ളത്. അതിൽ എല്ലാ വിഭാഗവുമുണ്ട്, എല്ലാ പ്രദേശവുമുണ്ട്. നാടിന്റെ പ്രത്യേകതവച്ചാൽ വിവിധ ജാതി മത വിശ്വാസങ്ങളിൽ ഉൾപ്പെട്ടവരുണ്ട്. കേരളത്തിന്റെ മനസ്സ് മതനിരപേക്ഷതയ്ക്കൊപ്പമാണ്. സന്ധിയില്ലാതെ പോരാടാൻ എൽഡിഎഫാണ് ഇവിടെ ഉള്ളതെന്ന് കേരള ജനത തിരിച്ചറിയുന്നു. വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയിൽ പ്രചരിപ്പിച്ച് സർക്കാരിനെ തകർത്ത് കളയാൻ ചില മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്.

ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുണ്ടെന്നും നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾക്കു നൽകിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. വർഗീയതക്കെതിരെ പോരാടാൻ എൽഡിഎഫാണ് ഇവിടെ ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. വ്യാജവാർത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച് എൽഡിഎഫിനേയും സർക്കാരിനേയും തകർക്കാർ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയിൽ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. അതിനാൽ കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എൽഎഡിഎഫിന് വൻ പിന്തുണ നൽകി. ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നു. ചെയ്ത കാര്യങ്ങളെക്കുറിച്ച് വിമർശനമുണ്ടായാൽ അത് പരിശോധിച്ച് തിരുത്തി പോകുന്നതിന് സഹായകമാകും. ചിലർ ഭാവനയിലൂടെ കഥമെനയുന്നു. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമെ എൽഡിഎഫിനെ ഇകഴ്‌ത്തിക്കാണിക്കാൻ സാധിക്കൂ. ജനം നിലപാട് തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.