തിരുവനന്തപുരം: വിദേശത്തു നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാന്റീൻ വേണമെന്ന നിബന്ധന എടുത്തു കളയാൻ ഇന്നത്ത് കോവിഡ് അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. കുറച്ചുകാലമായി പ്രവാസികൾ നിരന്തരം ആവശ്യപ്പെടുന്ന ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കൈക്കൊണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ നിന്നും മടങ്ങി വരുന്നതോടെയാണ്. ഏതാനും ദിവസങ്ങൾക്കകം മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയേക്കും. മടങ്ങി എത്തുന്ന മുഖ്യമന്ത്രി ക്വാറിന്റീനിൽ ഇരിക്കുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്ത അവലോകന യോഗത്തിൽ തന്നെ വിദേശത്തു നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കിയത്.

സാധാരണക്കാരായ പ്രവാസികൾ ഈ ക്വാറന്റൈൻ പാടില്ലെന്ന ആവശ്യം സർക്കാറിന് മുന്നിൽ നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ, അന്നൊന്നു ഇതേക്കുറിച്ച് പരിഗണിക്കാതിരുന്ന സർക്കാർ ഇപ്പോൾ തീരുമാനം മാറ്റിയത് മുഖ്യമന്ത്രിക്ക് നാട്ടിലെത്തിയാൽ സുഖമമമായി യാത്ര ചെയ്യാനും ഓഫീസിൽ പോകാനും വേണ്ടിയാണെന്ന് വ്യക്തമാണ്.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. ഈ നിർദ്ദേശം എന്തുകൊണ്ട് കഴിഞ്ഞ ആഴ്‌ച്ചയിൽ പരിഗണിച്ചില്ലെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലാണ് എത്തിയത്. ഒരാഴ്‌ച്ചയായി മുഖ്യമന്ത്രി ദുബായിൽ വിവിധ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. അറബ് ലോകത്തെ നിക്ഷേപക പ്രമുഖരെ നേരിൽ കാണും മലയാളി വ്യവസായികളെയും സംരഭകരെയും ലക്ഷ്യമിട്ടുള്ള സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. ദുബായ് ഭരണാധികാരികളുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ക്വാറന്റൈൻ നയം മാറ്റിയതും.