പാലക്കാട്: കേരള സർക്കാറിനെ വലിച്ചു താഴയിടുമെന്ന പ്രസ്താവന നടത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായെ കടന്നാക്രമിച്ച പിണറായി അദ്ദേഹത്തെ വെല്ലുവിൡക്കുകയും ചെയ്തു. കേരള സർക്കാറിനെ വലിച്ചു താഴയിടാൻ ഷായ്ക്ക് ഇപ്പോഴുള്ള തടി പോരാ എന്നാണ് പറഞ്ഞ്. ആ തടിയിൽ മുഴുവൻ വെള്ളമാണെന്നാ തോന്നുന്നേ. വിരട്ടലൊക്കെ അങ്ങ് ഗുജറാത്തിൽ വച്ചാൽ മതി. അത് കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ വാക്കുകൾ ആവേശത്തോടെ കൈയടിച്ചും ആർപ്പുവിളികളുമായാണ് പ്രവർത്തകർ സ്വീകരിച്ചത്.

പിണറായിയുടെ വാക്കുകൾ ഇങ്ങനെ: 'ബിജെപിക്കാരുടെ തലതൊട്ടപ്പൻ അമിത് ഷാ കേരളത്തിൽ വന്ന് ഒരു പ്രഖ്യാപനം നടത്തിയല്ലോ. കേരള സർക്കാറിനെ വലിച്ചങ്ങ് താഴെയിട്ടുകളയുമെന്നാണ്. അതിനുള്ള ശേഷിയൊന്നും ആ തടിക്കുണ്ടെന്ന് തോന്നുന്നില്ല. അതിന് ഈ തടി പോര. അത് കുറച്ചൊരു വെള്ളം കൂടുതലാണെന്നാ തോന്നുന്നത് തടിയുടെ മട്ട് കാണുമ്പോൾ. പിന്നെ അമിത് ഷാ അതൊക്കെയങ്ങ് ഗുജറാത്തിലും മറ്റും പ്രയോഗിച്ചാൽ മതി. കേരളത്തിൽ നിങ്ങൾ നേരത്തെയും നോക്കിയതാണല്ലോ കുറേ കാര്യങ്ങൾ. എത്ര കാലമായി നിങ്ങൾ കേരളത്തെ ലക്ഷ്യമിടാൻ നോക്കിയത്. എന്താ നടന്നത്? ഒരു ഘട്ടത്തിൽ കേരളം പിടിക്കുമെന്ന് പറഞ്ഞ് ജാഥ നടത്തിയല്ലോ. എന്നിട്ട് തിരിച്ചുപോകേണ്ടി വന്നിരുന്നല്ലോ. ഞങ്ങൾ അണിനിരന്നിട്ടില്ല. നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ല. അതോർത്തുകൊള്ളണം''-പിണറായി പറഞ്ഞു.

ഇത് ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാമൂഹ്യപരിഷ്‌കർത്താക്കളുടെയും നാടാണ്. കേരളം അതോർത്തുകൊള്ളണം. നിങ്ങളിതാരെയാണ് ഭയപ്പെടുത്തുന്നത്. ആദ്യം സുപ്രീംകോടതിയെ. അറിയാം നിങ്ങളുടെ ഉദ്ദേശം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസ് അടുത്തദിവസം സുപ്രീംകോടതി പരിഗണിക്കുകയാമ്. നിങ്ങൾ പറയുന്നതിൻപ്രകാരം സുപ്രീംകോടതിവിധി വരണമെന്നല്ലേ നിങ്ങൾ പറഞ്ഞത്. ഒരു രാജ്യത്തെ ഭരണകക്ഷിയുടെ തലവന്റെ ഭാഗത്തുനിന്ന് വരേണ്ട വാദമാണോ അത്. എത്ര നിസാരമായാണ് രാജ്യത്തെ പരമോന്നതമായ കോടതിയെ നിങ്ങൾ കണ്ടത്. അൽപ്പത്തമല്ലേ അത്. ജനാധിപത്യ വിരുദ്ധമായ നിലപാട് സ്വീകരിക്കാമോ. സുപ്രീംകോടതിയെ ഭയപ്പെടുത്താൻ നോക്കുന്നു. നിങ്ങൾക്ക് ഇഷ്ടം പോലെ എടുത്ത് കയ്യാളാൻ പറ്റുന്ന സാധനമല്ല കേരളത്തിലെ ഗവൺമെന്റ്.- പിണറായി കൂട്ടിച്ചേർത്തു.

ആ ഗവൺമെന്റ് കേരളത്തിലെ ജനങ്ങൾ എല്ലാംകൂടി എടുത്തുവെച്ച സ്ഥാനമാണ്. അവരുടെ പിന്തുണയുമായാണ്. പണ്ടത്തെ സ്വപ്നം പേറി നടക്കണ്ട. അത് ദുസ്വപ്നമായി നിൽക്കും. ഓർത്തോണം. വിവേകം പാലിക്കണം. നിങ്ങൾ ഈ നാടിനെ ഭീഷണിപ്പെടുത്താമെന്ന് കരുതരുത്. നിങ്ങളുടെ ചൊൽപ്പടിക്ക് നിക്കുന്നവോരട് മതി. ഞങ്ങളോട് വേണ്ട. സാധാരണ നിലയ്ക്ക് അൽപ്പന്മാർക്ക് മറുപടി നൽകരുത് എന്നാണ്. എന്നാൽ ചിലർ അതൊക്കെ വല്യ കാര്യമാണെന്നാണ് പറയുന്നത്. അവര് കൂടി മനസിലാക്കാനാണ് ഇക്കാര്യം പറയുന്നത്. സാമൂഹ്യമുന്നേറ്റത്തിന്റെ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം വിശ്വാസികൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് നടപടികൾ വിശ്വാസികൾക്കെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമികളെ വിശ്വാസികൾ അവിശ്വാസികൾ എന്നിങ്ങനെ വേർതിരിച്ച് കാണാനാവില്ല. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയത് ക്രിമിനലുകൾ. അവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമമുണ്ടാക്കാനായി പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ടവരാണിവർ. അമിത് ഷായുടെ വാക്കുകേട്ട് ആർഎസ്എസ് കളിക്കാൻ വന്നാൽ അത് വലിയ കളിയാകും. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കാര്യങ്ങൾ മനസിലാക്കുന്നില്ല. കോച്ച് ഫാക്ടറിക്കും ദേശീയപാതയ്ക്കും തുരങ്കം വെച്ചത് കേന്ദ്രസർക്കാരാണ്. എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താൻ നോക്കുന്നവർ കാണേണ്ടകാര്യം ശബരിമലയിൽ മുൻകാലത്ത് ഏത് സർക്കാർ നൽകിയതിനേക്കാൾ കൂടുതൽ പണം എൽഡിഎഫ് സർക്കാരാണ് നൽകിയിട്ടുള്ളത്. അത് വസ്തുതയാണ്. ശബരിമലയുടെ മാസ്റ്റർപ്ലാൻ പണ്ട് അംഗീകരിച്ചിട്ടുള്ളതാണ്. അത് നടപ്പാക്കാനാണ് എൽഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

ശബരിമലയിൽ വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങൽ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ എങ്ങനെ ചെയ്യാനാകുമെന്നാണ് സർക്കാർ നോക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തിപ്പെടുന്ന സ്ഥലമാണ് ശബരിമല. അനേകലക്ഷം ആളുകൾ എത്തിപ്പെടുന്ന ഇടം. പക്ഷെ ഇതിനൊരു ശാസ്ത്രീയമായ രീതി നേരത്തെയില്ല. ശാസ്ത്രീയമായ രീതി കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വല്ലാത്ത തിക്കും തിരക്കും ബഹളവും ശാന്തമായി നിൽക്കാനാകാത്ത അവസ്ഥ. ശബരിമലയ്ക്ക് താങ്ങാൻ കഴിയുന്ന ആളുകളെ മാത്രമേ ഒരു സമയം എത്തിക്കാൻ പറ്റൂ. അതിനുള്ള അവസരം ഒരുക്കുകയാണ്. ഓൺലൈനിലൂടെ ബുക്ക് ചെയ്യണം. നിലയ്ക്കലിൽ അവരെ ശബരിമലയിലേക്ക് പോകാനുള്ള ബസ് ടിക്കറ്റടക്കം ബുക്ക് ചെയ്യുന്നതോടെ അവരുടെ കയ്യിലെത്തും. ആരും അനാവശ്യമായി അവിടെ ചെലവഴിക്കരുത്. ഇങ്ങനെയൊരു ക്രമീകരണം കൊണ്ടുവരുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകളുടെ സൗകര്യം മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിലൂടെ വിശ്വാസികളുടെ എണ്ണം വലിയതോതിൽ വർധിക്കും. അതിനെതിരേ സമരം ചെയ്യുന്നവരുണ്ട്. ഇതാദ്യമല്ല, 1987 ന് ശേഷം നമ്മുടെ ഗുരുവായൂരിൽ ഒരു സമരം നടന്നിരുന്നു. പ്രത്യേക കാണിക്കവഞ്ചിയടക്കം വെച്ചുകൊണ്ടായിരുന്നു സംഘപരിവാർ സമരം. പിന്നെ അവരെ ആരെയും കണ്ടിട്ടില്ല. അതൊന്നും നടക്കാൻപോകുന്നില്ല. ഇപ്പോൾ കാണുന്നതും അത്തരത്തിലുള്ള അക്രമങ്ങളാണ്. സന്നിധാനം കലാപഭൂമിയാക്കുന്നത് അംഗീകരിക്കാനാകില്ല. ഞങ്ങൾക്ക് ഒരു നിർബന്ധം മാത്രമേയുള്ളൂ. വിശ്വാസികൾക്ക് അവിടെയെത്തി വിശ്വാസമനുസരിച്ച് വരാനും പോകാനുമുള്ള നടപടി സ്വീകരിക്കും. അതിന് വിഘ്നമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അംഗീകരിക്കാൻ പറ്റില്ല.

സ്ത്രീപ്രവേശന കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാടെന്താ? ധാരാളം സ്ത്രീകൾ എൽഡിഎഫിൽ അണിനിരന്നിട്ടുണ്ട്. അവരോട് ശബരിമലയിലേക്ക് പോകാൻ പാർട്ടി പറഞ്ഞിട്ടില്ല. അങ്ങനെ പദ്ധതിയുമായല്ല സർക്കാർ പ്രവർത്തിക്കുന്നത്. കോടതിവിധി ഉണ്ടായി. സുപ്രീംകോടതി വിധിയാണ്. അതനുസരിച്ച് പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണ്. അതിൽ വ്യത്യാസമില്ല. ആരാധനാ സ്വാതന്ത്ര്യം തുല്യമാണ്. പുരുഷന് പോകാം, സ്ത്രീക്ക് പോകാൻ പാടില്ല എന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്കെതിരാണ്. ഇത് ഭരണഘടനാ ബെഞ്ച്ാണ് ഇത് വിധിച്ചിരിക്കുന്നത്. ഇഷ്ടമുള്ളത് നടപ്പാക്കാനല്ല. ഭരണഘടന പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനുമാണ് സർക്കാർ നിലകൊള്ളുന്നത്. നടപ്പാക്കാനാകില്ല എന്ന നിലപാട് എടുക്കാൻ കഴിയില്ല. സ്ത്രീ എന്നെക്കൊണ്ടുപോയത് തന്ത്രിയാണെന്ന് പറഞ്ഞിരുന്നു. അത് അംഗീകാരമില്ലാതെ പോയതാണ്. അംഗീകാരമില്ലാതെ പോകാമോ. അതല്ലേ പ്രശ്നം.- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ തകർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ നിങ്ങൾ അങ്ങനെ പുനർനിർമ്മിക്കേണ്ട എന്ന നിലപാട് കാരണമാണ് മന്ത്രിമാർക്ക് കേന്ദ്രം വിദേശ യാത്രാനുമതി നിഷേധിച്ചതെന്നും പിണറായി ആരോപിച്ചു.
പ്രളയത്തിൽ അകപ്പെട്ട കേരളത്തെ പുനർനിർമ്മിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിമാർ വിദേശയാത്രയ്ക്ക് അനുമതി നേടിയത്. പ്രധാനമത്രിയോട് നേരിൽ സംസാരിച്ച ശേഷമാണ് അപേക്ഷ നൽകിയത്. പക്ഷെ നിങ്ങൾ അങ്ങനെ കേരളത്തെ പുനർനിർമ്മിക്കണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

കേരളത്തിന്റെ മക്കൾ വിവിധ രാജ്യങ്ങളിൽ ഉണ്ട്. അവരെ അവരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നാടിനെ സഹായിക്കാൻ വേണ്ടി നേരിട്ടുകണ്ട് അഭ്യർത്ഥിക്കാൻ മന്ത്രിമാർ പോകുമ്പോൾ അത് പാടില്ല എന്ന നിലപാട് എടുത്തതിന് എന്താണ് അർത്ഥം. കേരളത്തെ തകർക്കുക എന്നതാണ് ലക്ഷ്യം. മലയാളി എന്ന വികാരമുള്ളതുകൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധനസഹായം ഒഴുകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.