കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി. ഇന്ന് പുലർച്ചയൊണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ക്ലിഫ്ഹൗസിൽ വിശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ തുടർ പരിപാടികൾ വഴിയേ മാത്രമേ അറിയാൻ സാധിക്കൂ. അദ്ദേഹം കൂടുതൽ സമയം വിശ്രമിക്കുമോ അതോ വീണ്ടും സജീവമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ മാസം 12ന് നടക്കുന്ന ജോ ജോസഫിന്റെ തെരഞ്ഞെടുപ്പു കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ കെ റെയിൽ കല്ലിടൽ അടക്കം നിർത്തിവെച്ചിരിക്കയാണ്. ഇത് വീണ്ടും പുനരാരംഭിക്കുമോ എന്നത് അടക്കം വഴിയെ അറിയാൻ സാധിക്കും. മുഖ്യമന്ത്രിയുടെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാകുക എന്നത് ഉറപ്പാണ്. അതേസമയം പത്താം തീയതി മുഖ്യമന്ത്രി മടങ്ങിയെത്തുമെന്നായിരുന്നു സൂചനകൾ. ഇതിനിടെ അദ്ദേഹം അമേരിക്കയിൽ വിശ്രമിക്കുമെന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു വേളയിൽ തന്റെ സാന്നിധ്യം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി മടങ്ങി നാട്ടിലേക്ക് എത്തിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി നേതാക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എന്ന നിലയിലാകരുത് പ്രചാരണമെന്നും സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നവെന്നും വെളിപ്പെടുത്തുകയും ചെയ്തു. തൃക്കാക്കരയിൽ 12ന് മുഖ്യമന്ത്രി എത്തുന്നതോടെ പ്രചരണം പുതിയ തലത്തിലെത്തും.

ഡോ ജോ ജോസഫിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയതും മുഖ്യമന്ത്രിയുടെ അമേരിക്കയിൽ നിന്നുള്ള ഇടപെടലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിൽസയ്ക്കായി അമേരിക്കയിലാണുള്ളത്. അതുകൊണ്ട് തന്നെ കോടിയേരിയും കൺവെൻഷനിൽ അസാന്നിധ്യമാകും. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പിണറായി എത്തുന്നത് ഇടതു മുന്നണിക്ക് ആവേശമാകും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും തമ്മിൽ പൊരിഞ്ഞ മത്സരമാണ്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മിക്ക് പുറകെ ട്വന്റി20യും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് തൃക്കാക്കരയിൽ മത്സരിക്കാത്തതെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു. ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.