കോഴിക്കോട്: പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന് പറഞ്ഞത് അന്തരിച്ച തൃക്കാക്കര എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ടി തോമസാണ്. ഇപ്പോൾ സ്വപ്ന സുരേഷിലുടെ കറൻസി- സ്വർണ്ണക്കടത്ത് കേസ് വീണ്ടും ഉയർന്നതാടെ പിണറായിയുടെ പുത്രീ വാൽസല്യമാണ് വീണ്ടും ചർച്ചയാവുന്നത്. നേരത്തെയും മുഖ്യമന്ത്രിയുടെ കുടുംബം വിവാദങ്ങളിലേക്ക് വലിച്ചഴക്കപ്പെട്ടിരുന്നെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ലാവ്ലിൻ കേസിന്റെ സമയത്ത് കമല ഇൻർനാഷണൽ എന്ന പേരിൽ എക്സ്പോർട്ടിങ്ങ് എന്ന കമ്പനി സിങ്കപ്പൂരിൽ ഉണ്ടെന്ന വാർത്തകൾ ഒക്കെ മലയാള പത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും അതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ ഇപ്പോൾ സ്വപ്നയിലുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ കുടുംബം വീണ്ടും വിവാദത്തിലായിരിക്കയാണ്.

നേരത്തെ ഇത്തരം ദുരൂഹതകൾ ശക്തമായി ഉന്നയിച്ചത്, പി ടി തോമസ് ആയിരുന്നു. ശിവശങ്കറും സ്വപ്നയും 14 തവണ വിദേശത്തു പോയപ്പോൾ പച്ചക്കറി വാങ്ങാനാണോ പോയതെന്നു പോലും ചോദിക്കാത്ത മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേയെന്ന് പി. ടി ആഞ്ഞടിച്ചു. ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ സ്ഥാനം ചവറ്റുകുട്ടയിലാകും. ആദ്യം ജയിലിൽ കിടന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ചരിത്രം രേഖപ്പെടുത്തും. - പി ടി തോമസ് അന്ന് പറഞ്ഞ കാര്യമാണിത്.

സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെ സിസിടിവി പരിശോധിക്കണമെന്നും പി.ടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലെ അതിഥികളെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം പരിഹസിച്ചു തള്ളുകയായിരുന്നു സിപിഎം. സ്വപ്നാ സുരേഷ് അന്നൊക്കെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് പി.ടി മുമ്പ് പറഞ്ഞതിന്റെ തെളിവുകൾ സ്വപ്നാ സുരേഷ് ഇനി പുറത്തു വിടുമോ എന്നതാണ് നിർണ്ണായകം. എന്നാൽ സിപിഎം കേന്ദ്രങ്ങൾ പതിവുപോലെ ഈ വാദം ചിരിച്ച് തള്ളുകയാണ്.

പക്ഷേ പഠനം മുതൽ ജോലിയും സ്വന്തമായി കമ്പനി തുടങ്ങലുമൊക്കെ വീണ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിലാണ് എന്നാണ് തുടക്കം മുതലുള്ള ആരോപണം. അതുപോലെ പിണറായിയുടെ മകൻ വിവേക് കിരൺ ബെർമ്മിങ്ങ്ഹാം യൂണിവേഴ്സിറ്റിയിൽ വൻ ഫീസ് മുടക്കി പഠിച്ചതും വിവാദം ആയിരുന്നു. പഠനത്തിൽ ശരാശരിയായിരുന്ന വിവേകിന് എങ്ങനെ അവിടെ അഡ്‌മിഷൻ കിട്ടി എന്നതും വിവാദമായിരുന്നു. അദ്ധ്യാപികയായ കമല പിണറായി ലോണെടുത്താണ് മകനെ പഠിപ്പിച്ചത് എന്നൊക്കെയായിരുന്നു അക്കാലത്ത് സിപിഎം ഉയർത്തിയ പ്രതിരോധം. ഇപ്പോൾ കുടുംബവുമൊത്ത് അബുദാബിയിലാണ് വിവേക് കിരൺ. അവിടെ ബാങ്കിങ്ങ് മേഖലയിലാണ് അദ്ദേഹത്തിന് ജോലി.

അമൃതാനന്ദമയിയുടെ കോളജിലെ പഠനം

സ്വാശ്രയ സമരത്തിന്റെ പേരിൽ രക്തസാക്ഷികളായവരെ മുഴുവൻ പരിഹസിക്കുന്നതായിപ്പോയി, പിണറായി തന്റെ മകൾ വീണയെ കോയമ്പത്തൂരിലെ അമൃതാനന്ദമയിയുടെ കോളജിൽ പഠിപ്പിക്കാൻ തീരുമാനിച്ചത് എന്ന് നേരത്തെ അധിനിവേശ പ്രതിരോധ സമിതി അടക്കമുള്ളവർ ആരോപിച്ചിരുന്നു.

പഠിക്കാൻ ശരാശി വിദ്യാർത്ഥിയായിരുന്ന വീണക്ക്, മാതാ അമൃതാനന്ദമയി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളജിലാണ് പഠിച്ചത്. ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ 'ദഹിക്കാതെ പോയ ഊണ്' എന്ന അദ്ധ്യായം സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. 'ദഹിക്കാതെ പോയ ഊണ്'എന്ന അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്-'പിണറായിയുടെ മകൾ വീണക്ക് ഐ ടി വിഷയത്തിൽ എഞ്ചിനിയറിംഗിന് കലശലായ ആഗ്രഹമുള്ള കാലം. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായി. എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെടുന്നു. കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം ലഭിക്കാൻ അമ്മയെ സ്വാധീനിക്കുന്നു. ജാതി മതശക്തികളുടെയും പുത്തൻ സാമ്പത്തിക ശക്തികളുടേയും സമ്മർദ്ദത്തിൽ സ്വാശ്രയകോളേജുകൾ തലങ്ങും വിലങ്ങും ആരംഭിച്ചതിനെതിരെ എസ്.എഫ്.ഐ യും ഡിവൈഎഫ്‌ഐ യും നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചോരയും അന്തരീക്ഷത്തിൽ നിലനിന്നിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലം. പിണറായിയുടെ മകൾ വീണക്കു വേണ്ടി ലക്ഷപ്രഭുക്കളുടെ മക്കൾക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന സ്ഥാപനം. അവിടെ വീണയെ ചേർത്താൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരില്ലേ എന്ന ചോദ്യത്തിന് നിങ്ങൾ അതൊന്നും നോക്കണ്ട, കഴിയുമെങ്കിൽ കൃഷ്ണൻ നായരെ വിളിക്കൂ എന്ന പിണറായിയുടെ ആജ്ഞ. എ.കെ.ജി സെന്ററിലെ ഫോണിൽ നിന്നും ബർലിൻ, കൃഷ്ണൻ നായരെ വിളിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ അങ്ങേ തലക്കൽ നിന്നും ക്യാപ്റ്റന്റെ നീണ്ട ചിരി. കുഞ്ഞനന്തൻ നായരെ നിങ്ങൾ പാർട്ടിക്കാർ സ്വാശ്രയ കോളേജുകൾക്ക് എതിരല്ലെ, എസ്.എഫ്.ഐ പിള്ളേരുടെ സമരം ഇനിയും തീർന്നില്ലല്ലോ അത്തരം കോളേജിൽ പിണറായി മകളെ ചേർക്കുമോ നിങ്ങൾ അദ്ദേഹത്തോടു ചോദിച്ചിട്ട് തന്നെയാണോ എന്നോട് സംസാരിക്കുന്നത്.

അതെ എന്നു മറുപടി പറഞ്ഞു. അതിനുശേഷം കൃഷ്ണൻ നായർ മറുത്തൊന്നും പറഞ്ഞില്ല. അമ്മ ഇപ്പോൾ വിദേശത്താണെന്നും ബന്ധപ്പെട്ടുനോക്കാമെന്നും ക്യാപ്റ്റന്റെ മറുപടി. അന്നു വൈകുന്നേരം കൃഷ്ണൻ നായരെ വിളിച്ചു. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ആവശ്യത്തിനായി പലരേയും ബന്ധപ്പെടുകയായിരുന്നു അദ്ദേഹം. അൽപ്പം കഴിഞ്ഞ് ക്യാപ്റ്റന്റെ ഫോൺ നിങ്ങൾ 2000 ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ കുട്ടിയേയും കൂട്ടി എത്തണം. ഞാൻ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. പരമേശ്വരനെ കണ്ടാൽ മതി. എല്ലാ കാര്യങ്ങളും എർപ്പാടുചെയ്തിട്ടുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ പിണറായിക്ക് ആശ്വാസമായി.

അന്നുതന്നെ കോയമ്പത്തൂരിലേക്ക് പോകുവാൻ അഞ്ച് എ സി ടിക്കറ്റുകൾ ബുക്കുചെയ്യാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമർജൻസി ക്വാട്ടയിൽ മൂന്ന് ടിക്കറ്റുകൾ ഷൊർണൂരിലേക്ക് കിട്ടി. പിണറായി ഭാര്യ കമല മകൾ വീണ, ഞാൻ, പിണറായിയുടെ ഗൺമാൻ എന്നിവർ ജൂലായ് 18 ന് യാത്ര തിരിച്ചു. പിണറായി ട്രെയിനിൽ അപ്പർ ബർത്തിലും ഭാര്യയും മകളും ലോവർ ബർത്തിലും, എനിക്കും ഗൺമാനും ബർത്ത് ഇല്ലായിരുന്നു. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ജനതാദൾ നേതാവ് സി.കെ നാണു ബുദ്ധിമുട്ടുന്ന എന്നെ കണ്ടു, അദ്ദേഹം ടി ടി എ കണ്ട് ഷൊർണൂരിലേക്ക് ഒരു ബർത്ത് ശരിപ്പെടുത്തി തന്നു. എനിക്ക് ബർത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേയില്ല, അദ്ദേഹത്തിന്റെ ആവശ്യത്തിനാണ് ഞാൻ പോകുന്നത് എന്ന ചിന്തയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിരുന്നു. എനിക്ക് ഒരുതരം ആത്മനിന്ദയാണ് തോന്നിയത്. ഞാനെന്തിന് ഇങ്ങനെയൊരാളെ സഹായിക്കണം. ഞങ്ങൾ പുലർച്ച ഷൊർണൂരെത്തി മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.

നമുക്കൊരു ടാക്സി പിടിച്ച് പാർട്ടി ഓഫീസിലേക്കോ, ഗസ്റ്റുഹൗസിലേക്കോ പോകാമെന്ന് ഞാൻ പറഞ്ഞു, ഓ, അതൊന്നും നിങ്ങൾ ആലോചിക്കണ്ട, അതിനെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. പിണറായി പറഞ്ഞു. റെയിൽവെ സ്റ്റേഷൻ കവാടത്തിൽ ഒരാൾ പിണറായിയെ കണ്ടപ്പോൾ തൊഴുതു വണങ്ങി. മൂന്ന് ആഡംബരക്കാറുകൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. ഒന്നിന്റെ നമ്പർ 5008. കാർ ഉടമ വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനായിരുന്നു. ഞങ്ങൾ പാലക്കാട് വിക്ടോറിയ കോളേജിനു സമീപമുള്ള ഗസ്റ്റ് ഹൗസിലെത്തി. സ്വീകരിക്കാൻ പരിചാരകരുടെ വൻപട തന്നെയുണ്ടായിരുന്നു.അതേ കാറിൽ കോയമ്പത്തൂരിലെ അമൃതാ ഇൻസ്റ്റ്യൂട്ടിലേക്ക് പോയി. പത്തുമണിയോടെ എട്ടിമടയിലുള്ള കോളേജിലെത്തി. കോളേജിലെ കോ ഓർഡിനേറ്റർ പ്രൊഫ.സി.പരമേശ്വരൻ ഞങ്ങളെ സ്വീകരിച്ചു. അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രൊഫ. സി.പരമേശ്വരൻ സ്വകാര്യമായി പറഞ്ഞു.

എൻട്രസ് ടെസ്റ്റ് എന്ന ഒരു നടപടി ക്രമം ഇവിടെയുണ്ട്. അതിന്റെ മാർക്കുകൂടി കണക്കിലെടുത്താണ് അഡ്‌മിഷൻ നൽകുന്നത്. വെറും ഫോർമാലിറ്റി, കുട്ടിക്ക് എഴുതിക്കൂടെ. ഇതു കേട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് മ്ലാനത പരന്നു. ഞാൻ പ്രൊഫ. പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു, എൻട്രസ് ടെസ്റ്റിൽ കുട്ടി പാസ്സായിക്കോണം എന്നില്ല. ഇത്രയും ഉപകാരം ചെയ്തുതന്ന സ്ഥിതിക്ക് അതും കൂടി ഒഴിവാക്കി തന്നുകൂടെ. അദ്ദേഹം ആരെയോ വിളിച്ചശേഷം എൻട്രസ് ഒഴിവാക്കിത്തന്നു.അങ്ങനെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മുഖേന മാതാ അമൃതാനന്ദമയി ഇടപെട്ട് ഒരു രൂപ പോലും കൊടുക്കാതെ പിണറായിയുടെ മകൾക്ക് അഡ്‌മിഷൻ കിട്ടി. ലോക്കൽ ഗർഡിയനായി വരദരാജൻ മുതലാളിയുടെ പേര് കൊടുക്കുകയും ചെയ്തു.'- ബർലിൻ എഴുതി.

പഴയകാല പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമാണ് ബർലിൻ കുഞ്ഞനന്തൻ നായർ. 1943 മെയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ആയിരുന്നു.പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ദീർഘകാലം ജർമ്മനിയിൽ നാട്ടിലെത്തിയ ശേഷം സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമാവുുകായിരുന്നു.

പിണറായിയുടെ കടുത്ത വിമർശകനായ ബർലിനെ ഇതേതുടർന്ന സിപിഎം അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. 2005 മാർച്ച് രണ്ടിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബർലിനെ പത്ത് വർഷക്കാലം പുറത്തു നിർത്തിയ ശേഷം 2015 മെയിലാണ് തിരിച്ചെടുക്കുന്നത്. പിന്നീട് അദ്ദേഹം പിണറായിയോട് മാപ്പു പറഞ്ഞെങ്കിലും പുസ്തകങ്ങളിലെ വിവരങ്ങൾ തെറ്റാണെന്നും അത് തിരുത്തുമെന്നും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.

രവിപിള്ളയുടെ കമ്പനിയിൽ ജോലി

പഠനത്തിനശേഷം , ദീർഘകാലം പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിലാണ് വീണ ജോലി ചെയ്തത്. ഇത് അക്കാദമിക്ക് കഴിവിന്റെ പുറത്താണോ അതോ പിണറായിയുടെ സ്വാധീനം കൊണ്ട് ആണോ എന്നാണ് വിമർശകരുടെ ചോദ്യം. നേരത്തെ സ്പിങ്ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്സാലോജിക്ക് ഐടി കമ്പനി സംശയത്തിന്റെ മുനയിൽ ആയിരുന്നു. ഇതിനിടെ കമ്പനിയുടെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ വെബ്സൈറ്റിൽ ആദ്യമുണ്ടായിരുന്ന വിവരങ്ങൾ പലതും എടുത്തുമാറ്റപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ വർധിപ്പിച്ചു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയയ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്.

അതിനിടെ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും വാർത്തകൾ പുറത്തുവന്നു. ഇത് മുഖ്യമന്ത്രി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയൻ തലശേരി മേൽവിലാസം നൽകിയപ്പോൾ, സിപിഎം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബംഗലൂരു ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരിൽ മലയാളികൾ ഏറെയുണ്ട്. അതായത് അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, അമ്മ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി, പിണറായി മുഖ്യമന്ത്രിയായ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഇതിലൊന്നും ഒരു ദുരൂഹതയും ഇല്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധമുണ്ടെന്നും അക്ഷേപം ഉണ്ടായിരുന്നു.

ഇ മൊബിലിറ്റി പദ്ധതിയിലും വിവാദം

ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കലും വീണയുടെ കമ്പനിയെ ചൊല്ലി വിവാദത്തിലായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്കാണ് ഇ മൊബിലിറ്റി പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി നേരിട്ടാണ് ഇടപാടു നടത്തിയതെന്നുമുള്ള ആരോപണവുമായി അന്നത്തെ പ്രതിപക്ഷം രംഗത്തെത്തി. ഇടപാടിൽ വലിയ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വിവാദ ഇടപാടുകൾ നടത്തിയിട്ടുള്ള കമ്പനിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ. വിവിധ സംസ്ഥാനങ്ങളിലായി ഒൻപത് കേസുകൾ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ പേരിലുണ്ട്. സംസ്ഥാനത്തുകൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിയും കെ ഫോൺ പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയാണ്. 4500 കോടി രൂപ മുടക്കി 300 ഇലക്ട്രിക് ബസുകൾ ഇറക്കുന്നതിനാണ് ഇ മൊബിലിറ്റി പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും മുഖ്യമന്ത്രി പങ്കെടുത്ത യോഗം ഈ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാൻ അനുമതി നൽകുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിയായ എക്‌സലോജിക് സൊലൂഷൻസിന്റെ കൺസൾട്ടന്റായിരുന്നുവെന്നതാണ് വിവാദം ചൂടുപിടിപ്പിച്ചത്. സ്പ്രിങ്‌ളർ വിവാദം വന്നതിനെ തുടർന്ന് ഈ കമ്പനിയുടെ വെബ്‌സൈറ്റ് കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷമായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ നാലു പേരുടെ പേരുകൾ മറച്ചു. ഇങ്ങനെ മറയ്ക്കപ്പെട്ടതിൽ ഒരു പേര് ജെയ്ക്ക് ബാലകുമാറിന്റേതായിരുന്നു. കമ്പനിയുമായി ജെയ്ക്കിന്റെ ഇടപെടൽ വളരെ വ്യക്തിപരമായാണെന്നും അന്ന് വെബ്‌സൈറ്റിൽ വിശദീകരിച്ചിരുന്നു. ജെയ്ക്ക് ബാലകുമാർ ഡയറക്ടറായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സംസ്ഥാനത്ത് നിരവധി വൻകിട പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് സ്പ്രിങ്‌ളർ വിവാദമുയർന്നപ്പോൾ തന്നെ പുറത്തുവന്നിരുന്നു.

ഈ വിവാദങ്ങൾക്കൊല്ലാം പിന്നാലെയാണ് സ്വപ്ന തുറന്നവിട്ട കറൻസിക്കടത്തും ബിരിയാണിച്ചെമ്പ് വിവാദവും വരുന്നത്. എന്നാൽ സിപിഎം കേന്ദ്രങ്ങൾ ഈ വിവാദങ്ങൾ ഒക്കെ ചിരിച്ചു തള്ളുകയാണ്. സ്വപ്നക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നാണ് അവർ വിശദീകരിക്കുന്നത്.