തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയിൽ നിന്നും തന്ത്രികുടുംബം പിന്മാറിയെങ്കിലും നിലപാട് മാറ്റാതെ സർക്കാർ മുന്നോട്ട്. വനിതാ പ്രവേശനത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. ചർച്ചയിൽ നിന്നും പിന്മാറിയെന്ന തന്ത്രിയുടെ അഭിപ്രായത്തിന് പിന്നാലെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. തന്ത്രി കുടുംബം ചർച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് പിണറായി വിജയൻ പറഞ്ഞു.

അതേസമയം തന്ത്രികുടുംബവുമായുള്ള ചർച്ചയെ കുറിച്ച് അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. പുനപ്പരിശോധനാ ഹർജി നൽകേണ്ട കാര്യം സർക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസരം മുതലെടുക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെനന്ും അദ്ദേഹം കുറ്റപ്പെടുത്തി. റിവ്യൂ ഹർജ്ജിയിൽ തീരുമാനം ആയതിനുശേഷം മതിയെന്ന് വ്യക്തമാക്കിയാണ് കണ്ഠരര് മോഹനരര് തന്ത്രികുടുംബം ചർച്ചയിൽ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയത്.

സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന നടപടിയാണ് തന്ത്രി കുടുംബം നടത്തിയിരിക്കുന്നത്. എൻഎസ്എസുമായി ചേർന്നനടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരത്തിൽ തീരുമാനം മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. നാളെ പന്തളം രാജകുടുംബത്തിനൊപ്പം തന്ത്രികുടുംബവും പുനപ്പരിശോധന ഹർജ്ജി നൽകുന്നുണ്ട്. കഴിഞ്ഞദിവസം ഇവർ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. പന്തളത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന നാമജപ ഘോഷയാത്രയിൽ മൂന്ന് തന്ത്രിമാരും പങ്കെടുത്തിരുന്നു. ചർച്ചയ്ക്കായി തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര, മഹേഷ് മോഹനരര് എന്നിവരോട് തിരുവനന്തപുരത്തേക്ക് എത്തുവാൻ ദേവസ്വം മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

അതിനിടെ വിവാദം തുടരുന്നതിന് ഇടയിലും ശബരിമലയിൽ സ്ത്രീ പ്രവേശന നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ടു പോകുകയാണ്. ശബരിമലയിൽ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് സർക്കുലർ. മണ്ഡല-മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറാണ് സർക്കുലർ ഇറക്കിയത്. അതിനിടെ, വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചർച്ച നടത്തുന്നത് എന്തിനെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമയും പ്രതികരിച്ചു. സമവായത്തിനുള്ള സാധ്യത ആദ്യം തന്നെ സർക്കാർ ഇല്ലാതാക്കി. മുൻഗണന പുനഃപരിശോധനാ ഹർജിക്കെന്നും പന്തളം രാജകുടുംബം അറിയിച്ചു.

സമവായമല്ല, വിധിനടപ്പാക്കുന്നതാണ് ചർച്ചാവിഷയമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശനിയാഴ്ചയും ആവർത്തിച്ചിരുന്നു. വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും മറ്റുപോംവഴികളില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആചാരങ്ങളിൽ തന്ത്രിമാർ ഉറച്ചുനിൽക്കുമ്പോൾ ചർച്ചയുടെ ഫലം എന്താകുമെന്ന് പറയാനാവില്ല. എന്നാലും എല്ലാവരുമായും ആലോചിക്കണമെന്ന പാർട്ടിയുടെ നിർദേശവും രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യവും പരിഗണിച്ചു എന്ന് ബോധ്യപ്പെടുത്താനാവും.

സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ഉറപ്പിച്ച സ്ഥിതിക്ക് കോടതിയോട് സാവകാശം തേടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതും സർക്കാരോ ദേവസ്വംബോർഡോ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇപ്പോഴത്തെനിലയിൽ സർക്കാർ തീരുമാനത്തിന് വിരുദ്ധമായ നിലപാട് എടുക്കാൻ ദേവസ്വംബോർഡിനാകില്ല. അനുസരിക്കാനേ പറ്റൂ. വിധിക്കെതിരേയുള്ള പ്രതിഷേധം ഇപ്പോൾ സർക്കാരിനെതിരേ തിരിഞ്ഞതാണ് കടുംപിടിത്തത്തിലായിരുന്ന സർക്കാരിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. കോൺഗ്രസും ബിജെപി.യും ഹിന്ദുസംഘടനകളും ഒന്നിച്ചതും സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. ചർച്ചയാകാമെന്ന് ആദ്യം പാർട്ടിയെയും തുടർന്ന് സർക്കാരിനെയും പ്രേരിപ്പിച്ചത് ഈ ഒന്നിക്കലാണ്.

കേന്ദ്രസർക്കാരിന് ഇതിൽ ഇടപെടാൻ പ്രായോഗികപ്രശ്നങ്ങൾ ഉള്ളതിനാൽ സംസ്ഥാനം മുൻകൈയെടുക്കണമെന്നാണ് ബിജെപി.യുടെ ആവശ്യം. വിധി നടപ്പാക്കാൻ കിട്ടുന്ന സാവകാശം പ്രയോജനപ്പെടുത്താം. ഹർജി കൊടുത്താൽ സർക്കാരിനൊപ്പം നിൽക്കാമെന്നാണ് ബിജെപി. പറയുന്നത്. സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ നല്ല ഉദ്ദേശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കുറ്റപ്പെടത്തുകയും ചെയ്യുന്നു.

യുദ്ധംചെയ്ത് കോടതിവിധി നടപ്പാക്കാനില്ലെന്നു പറയുന്ന കോടിയേരിക്ക് ഭക്തരുടെ ആശങ്കമാറ്റണമെന്ന് അഭിപ്രായമുണ്ട്. സുന്നിവിഭാഗങ്ങളുടെ പള്ളികളിൽ ഉൾപ്പടെ ഒരിടത്തും വിവേചനം പാടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലുള്ളതാണ്. ആശയവിനിമയത്തിലൂടെ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശനിയാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത്. ചർച്ചയിൽ തീരാവുന്ന കാര്യങ്ങളേയുള്ളൂവെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് എന്നനിലയിൽ താൻ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നുമാണ് എ. പത്മകുമാറും പ്രതികരിച്ചിരുന്നു.