തിരുവനന്തപുരം: ശബരിമല മോഡലിൽ കെ റെയിൽ വിഷയത്തിലും യുടേൺ അടിക്കാൻ ഒരുങ്ങി സിപിഎം. തൃക്കാക്കരയിലെ ഞെട്ടിക്കുന്ന തോൽവിയോടെ തുടങ്ങിയ ഈ ചിന്ത ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലും കെ റെയിൽ വിഷയത്തിൽ പിന്നോട്ടു പോകുകയാണ് സർക്കാർ. കേന്ദ്രത്തിന്റെ അനുമതി ഉടൻ കിട്ടുമെന്ന് പറഞ്ഞു പദ്ധതിയുമായി മുന്നോട്ടു പോയ സർക്കാറിന് ഇപ്പോൾ അനുമതിയുടെ കാര്യത്തിൽ സംശയങ്ങൾ ഉണ്ട്.

കെ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കേന്ദ്ര അനുമതി പദ്ധതിക്കുണ്ട് എന്നു പറഞ്ഞായിരുന്നു കല്ലിടൽ അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോയത്.

ഇവിടെ ബിജെപി സമരം ചെയ്യുന്നതാണ് കേന്ദ്രം കെ റെയിലിൽ മടിച്ചു നിൽക്കാൻ കാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശ്ശബ്ദരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ തന്നെ കെ റെയിൽ വിഷയത്തിൽ സിപിഎം പിന്നോട്ടു പോയരുന്ു. കെ റെയിലിനെ പറ്റി പറഞ്ഞാണ് പിണറായി തൃക്കാക്കരയിൽ ജോ ജോസഫിനു വേണ്ടി വോട്ടു തേടി തുടങ്ങിയത്. എന്നാൽ മണ്ഡലത്തിലെ ഒരു റൗണ്ട് പര്യടനം മുഖ്യമന്ത്രി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ കെ റെയിൽ കല്ലിടൽ നിർത്തിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് വന്നു. കല്ലിടൽ നിർത്തിയെങ്കിലും ജിപിഎസ് സർവേ തുടരുമെന്നും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും പറഞ്ഞ് വികസന വാദികളെ കൂടെ നിർത്തുന്ന തന്ത്രം പയറ്റിയെങ്കിലും അതെല്ലാം പാളിയ അവസ്ഥയാണ് തൃക്കാക്കരയിൽ ഉണ്ടായത്.

അതേസമയം ഡിപിആറിന് അനുമതി തേടി ചീഫ് സെക്രട്ടറി കത്തയച്ചതിനു പിന്നാലെ ഡൽഹിയിൽ റെയിൽവേ ബോർഡ് പ്രതിനിധികളെയും കെ റെയിൽ എംഡി സന്ദർശിച്ചിരുന്നു. സിവിൽ എൻജിനീയറിങ് പദ്ധതികളുടെ ചുമതലയുള്ള ബോർഡ് അംഗവുമായാണു വി.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. സിൽവർലൈൻ പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു ധരിപ്പിച്ചത്.

അതേസമയം, ചീഫ് സെക്രട്ടറി കത്തയച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും ബോർഡ് മറുപടി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ നേരിട്ടു വിശദ ചർച്ചയാകാമെന്ന നിർദേശവും കത്തിൽ വച്ചിരുന്നു. ഇതിനോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ റെയിൽവേ ഭൂമി സംബന്ധിച്ച സംശയനിവാരണം മാത്രമാണു ബോർഡ് ആവശ്യപ്പെട്ടിരുന്നതെന്നു കെ റെയിൽ പറയുന്നു. ഇതിനായി റെയിൽവേ ഭൂമിയിൽ നടത്തുന്ന സംയുക്ത സർവേ ഒരു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നു കെ റെയിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ സർവേ കഴിഞ്ഞാലും ഡിപിആറിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ കെ റെയിലിന് ഉറപ്പില്ല. സാങ്കേതികമായ സംശയങ്ങളെല്ലാം തീർത്താലും വരേണ്ടതു രാഷ്ട്രീയ തീരുമാനമാണെന്നു കെ റെയിലും സംസ്ഥാന സർക്കാരും കരുതുന്നു.